കണ്ണൂർ: സിപിഎം പാർട്ടി സംഘടന ചില സാമ്പത്തിക ശക്തികളുടെ ദുഷ്പ്രവണതകളിൽ അമരുകയാണെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം. കമ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത വിധത്തിലാണ് പ്രാദേശിക നേതാക്കൾ മുതൽ ഉന്നതതലങ്ങളിൽ വരെയുള്ളവർ വിരാജിക്കുന്നത്. ആഡംബര വീടുകളും വാഹനങ്ങളും ഉപയോഗിക്കുന്ന നേതാക്കളുടെ സാമ്പത്തിക ഉറവിടമെന്തെന്ന് ആർക്കും അറിയില്ലെന്നും ബ്രാഞ്ചുസമ്മേളനങ്ങളിൽ വിമർശനമുയർന്നു. ചരിത്രത്തിലാദ്യമായാണ് സിപിഎമ്മിലെ സാമ്പത്തിക അരാജകത്വത്തെ കുറിച്ച് ഇത്ര ആഴത്തിലും പരപ്പിലും ചർച്ച നടക്കുന്നത്.

ബ്രാഞ്ച് തലങ്ങളിൽ ഇത്തരം ഇഴകീറിയുള്ള ചർച്ച നടക്കുന്നുവെന്നത് അപൂർവ്വതയാണ്. കരുവന്നൂർ ബാങ്ക് അഴിമതി വിവാദം സൃഷ്ടിക്കുകയും പാർട്ടി പ്രതികൂട്ടിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ ചൂടേറിയ ചർച്ചയായത്. ഇതു കൂടാതെ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നടത്തുന്ന ഫണ്ട് പിരിവിൽ സുതാര്യതയില്ലെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.

സമൂഹത്തിൽ കളങ്കിതരായവരിൽ നിന്നു പണപ്പിരിവ് പാടില്ലെന്നുള്ളൂ കേന്ദ്ര കമ്മിറ്റി നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം പണം വാങ്ങിയെന്നാണ് ആരോപണം. ഇത്തരം പണപ്പിരിവിന് ലോക്കൽ - ഏരിയാ നേതൃത്വങ്ങളാണ് ചുക്കാൻ പിടിച്ചത്. ഇതു കാരണം ക്വാറി മാഫിയകൾക്കും മണലൂറ്റുകാർക്കുമെതിരെ പ്രാദേശികമായി പ്രതിഷേധ സമരങ്ങൾ നടക്കുമ്പോൾ ബ്രാഞ്ചുകമ്മിറ്റികൾക്ക് നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്നുവെന്നാണ് ബ്രാഞ്ച് സമ്മേളനത്തിൽ വിമർശനമുയർന്നത്.

പാനുരിലും മാലൂരിലുമൊക്കെ ക്വാറി മാഫിയകൾക്കെതിരെ ജനങ്ങൾ സമരം ചെയ്യുമ്പോൾ അതിനൊപ്പം നിൽക്കാൻ പാർട്ടിക്ക് കഴിയുന്നില്ല ഇതു പൊതു സമുഹത്തിൽ പാർട്ടിയെ പരിഹാസ്യമാക്കുന്നുവെന്നാണ് വിമർശനം പാർട്ടി നേതാക്കളിൽ പലരും ക്വാറി-മണൽ മാഫിയകളുടെ ഒക്കെ ചങ്ങാതിമാരാണ്. ഈ അവിശുദ്ധ ബന്ധം തികച്ചും പ്രതിലോമകരമായ പരിസ്ഥിതി വിനാശ പ്രവൃത്തികൾക്കു വരെ കൂട്ടുനിൽക്കാൻ പാർട്ടി പ്രാദേശിക നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ഉദാഹരണങ്ങൾ, ചുണ്ടിക്കാട്ടി പല ബ്രാഞ്ചുകളിലും വിമർശനമുയർന്നു.

തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പണപ്പിരിവിന്റെ വരവ് ചെലവ് കണക്ക് കൃത്യമായി പരിശോധിക്കുന്നില്ല. പിരിച്ച സംഖ്യ രസീതിയുടെ കൗണ്ടറിൽ കുറച്ചു എഴുതിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാർട്ടി മാനേജരായി വേഷമണിയുന്നവരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നത്. മുതലാളിമാരുമായി ചങ്ങാത്തമുള്ള ഇത്തരം പാർട്ടി മാനേജർമാർ സാമ്പത്തിക ആരോപണങ്ങളിൽ ഉൾപ്പെടുമ്പോൾ നേതൃത്വം സംരക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വീഴ്‌ച്ചകളാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ വെട്ടിപ്പിന് ഇടയാക്കിയത്.

തെരഞ്ഞെടുപ്പ് കാലത്ത് സർവീസ് സംഘടനകളിൽ നിന്നും പിരിക്കുന്ന പണത്തിന് യാതൊരു കണക്കും പിന്നീട് അവതരിപ്പിക്കാറില്ലെന്നും ചിലർക്ക് നേട്ടം കൊയ്യാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പ് കാലം മാറുന്നുവെന്നാണ് അണികളിൽ ചിലർ ഉയർത്തിയ വിമർശനം. ബൂത്ത്തലം മുതൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കമ്മിറ്റികൾ പിരിച്ചുവിടുന്ന കമ്മിറ്റികളുണ്ടെങ്കിലും ഭാരവാഹികൾ തട്ടി കൂട്ടുന്ന കണക്കുകൾ മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെടാറുള്ളത്. ഇതിനെ സമഗ്രമായി പരിശോധിക്കാനും ചോദ്യം ചെയ്യാനും ആരും മുതിരാറില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി പുറത്തു നിന്നുള്ള ഏജൻസികളെ കൊണ്ട് ഓഡിറ്റിങ് നടത്തണമെന്നും സമ്മേളനങ്ങളിൽ ആവശ്യമുയർന്നു.

പാർട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളും സംഘങ്ങളും സാമ്പത്തിക അരാജകത്വത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പ്രതിനിധികൾ ചുണ്ടിക്കാട്ടി. സാമ്പത്തിക ക്രമക്കേടുകൾക്ക് തടയിടുന്നതിനായി ഒരു സഹകരണ സ്ഥാപനവും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ലോക്കൽ തലങ്ങളിൽ പാർട്ടി (ഫാക്ഷൻ രൂപീകരിക്കണമെന്ന ആവശ്യവും സിപിഎം സമ്മേളനങ്ങളിൽ ഉയർന്നിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി കണ്ണൂരിലടക്കം ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഎം കടന്നിട്ടുണ്ട്.