പത്തനംതിട്ട: സിപിഎം തിരുവല്ല സൗത്ത്, പത്തനംതിട്ട സൗത്ത് ലോക്കൽ സമ്മേളനങ്ങളിൽ ബഹളം. തിരുവല്ലയിൽ ഏരിയാ കമ്മറ്റിയിലേക്കുള്ള പാനലിനെ ചൊല്ലിയുള്ള ബഹളം കൈയാങ്കളിയിൽ എത്തി. പത്തനംതിട്ടയിൽ പിണറായി സർക്കാരിനും മന്ത്രി വീണാ ജോർജിനുമെതിരേ രൂക്ഷമായ വിമർശനം ഉയർന്നു.

പത്തനംതിട്ട സൗത്ത് ലോക്കൽ സമ്മേളനത്തിൽ കോളജ് അദ്ധ്യാപകനായ അംഗമാണ് പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിപ്പോയെന്ന വിമർശനം ഉന്നയിച്ചത്. ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിണറായി പഠിക്കണം എന്നായിരുന്നു അദ്ധ്യാപകന്റെ വിമർശനം. ഉപരി കമ്മറ്റിയിൽ നിന്ന് പങ്കെടുത്ത ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈനും ഏരിയാ സെക്രട്ടറി എൻ. സജികുമാറും അദ്ധ്യാപകന്റെ വാദങ്ങളുടെ മുനയൊടിച്ചു. കൗൺസിലർ ശോഭ കെ. മാത്യുവാണ് മന്ത്രി വീണാ ജോർജിനെതിരേ രൂക്ഷ വിമർശനം ഉയർത്തിയത്. സിപിഎമ്മുമായല്ല സിപിഐ നേതാക്കളുമായിട്ടാണ് മന്ത്രിയുടെ സഹവാസമെന്ന് ശോഭ ആഞ്ഞടിച്ചു.

സിപിഎമ്മിന്റെ നേതാക്കൾ മന്ത്രിയുടെ സന്ദർശനമോ പരിപാടികളോ അറിയാറില്ല. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നിട്ടെന്തായി? കൊട്ടിഘോഷിച്ച അബാൻ ഫ്ളൈ ഓവർ എവിടെയെന്നും ചോദ്യം ഉയർന്നു. മൂൻ കൗൺസിലർ ആർ. ഹരീഷിനെ ലോക്കൽ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. എംജെ രവിയെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലിനെച്ചൊല്ലിയാണ് തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഏകപക്ഷീയമായി പാനൽ തയാറാക്കിയതിനെ തുടർന്നായിരുന്നു വാക്കേറ്റം നടന്നത്. നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഏക പക്ഷീയമായി പാനൽ തയാറാക്കിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നും ബഹുഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. ഹാളിൽ നടന്ന വാക്കേറ്റം ഹാളിന് പുറത്തും ആവർത്തിച്ചു.

വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ നേതാക്കൾ ഇടപെട്ട് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിലാണ് അംഗങ്ങൾ രണ്ട് വിഭാഗമായി തിരിഞ്ഞ് വാക്കേറ്റത്തിൽ ഏർപ്പെട്ടത്. ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തിയുള്ള 13 അംഗ പാനൽ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി എതിർപക്ഷം രംഗത്തെത്തി. ഏരിയ കമ്മിറ്റിയിലേക്ക് അർഹരായ ചിലരുടെ പേരുകൾ എതിർ പക്ഷം ഉയർത്തിക്കാട്ടി.

എന്നാൽ ഇത് അംഗീകരിക്കാതെ പ്രസീഡിയം നിയന്ത്രിച്ചിരുന്ന എം.സി അനീഷ് കുമാർ പ്രതിഷേധം തള്ളി അവതരിപ്പിച്ച പാനൽ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽ കുമാർ ചെയർമാനായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നടന്ന ഒന്നരക്കോടി രൂപയുടെ മുക്കുപണ്ടത്തട്ടിപ്പ് സംബന്ധിച്ച സംഭവവും സമ്മേളനത്തിൽ ചർച്ചാ വിഷയമായി.

സിഐടിയു ജില്ലാ കമ്മിറ്റിയംഗം എ സുഭാഷാണ് ഈ വിഷയം കമ്മിറ്റിയിൽ അവതരിപ്പിച്ചത്. സിപിഎം ഭരണ സമിതി നേതൃത്വം നൽകുന്ന കതിരന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെതിരെ പാർട്ടി തലത്തിൽ നടപടി എടുക്കുകയും നിയമപരമായ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു.

എന്നാൽ തിരുവല്ല അർബൻ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് എന്തിന് മൂടിവെച്ചുവെന്ന ചോദ്യവും ചർച്ചയിൽ എ. സുഭാഷ് ഉയർത്തി. മുക്കുപണ്ട ഇടപാടിന്മേൽ നടന്ന തട്ടിപ്പ് ബാങ്ക് ചെയർമാന്റെ അറിവോടെ ആയിരുന്നുവെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. പാർട്ടി വിശ്വസിച്ച് ജോലി നൽകിയ ജീവനക്കാർ നടത്തിയ തട്ടിപ്പിൽ ബാങ്കിന് പങ്കില്ലെന്ന് സമ്മേളത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റംഗവും ബാങ്ക് ചെയർമാനുമായ ആർ. സനൽ കുമാർ മറുപടി പറഞ്ഞു.

ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ മുക്കുപണ്ട വിവാദത്തിൽ ആരോപണ വിധേയയുമായ ബാങ്ക് ജീവനക്കാരി യോഗത്തിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ഇക്കാര്യത്തിലും സമ്മേളനത്തിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പാനലിനെച്ചൊല്ലിയുള്ള വാക്കേറ്റമുണ്ടായത്.