കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ പിറവം സ്വദേശി ക്രോണിൻ അലക്‌സാണ്ടർ ബേബി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ക്രോണിൽനിന്ന് ഏൽക്കേണ്ടിവന്ന നിരന്തരമായ മാനസിക പീഡനങ്ങളാണ് മിഷേലിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ക്രോണിനും കുടുംബത്തിനും എതിരേ നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്. വസ്തു തകർക്തിന്റെ പേരിൽ ക്രോണിനും കുടുംബവും നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന പരാതിയുമായാണ് അയൽവാസികൾ രംഗത്തെത്തിയിരിക്കുന്നത്.

നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിൽനിന്നു രക്ഷനേടാനായി മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ്. ക്രോണിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളും മിഷേലിനു സമാനമായ പെൺകുട്ടിയെ ഗോശ്രീ പാലത്തിൽ കണ്ടുവെന്ന ദൃക്‌സാക്ഷി മൊഴിയും ആത്മഹത്യ തന്നെയെന്ന നിമനത്തിലെത്താൻ കാരണമായെന്നു പൊലീസ് പറയുന്നു. ചത്തീസ്ഗഡിൽ ജോലി ചെയ്തിരുന്ന പിറവം സ്വദേശിയായ ക്രോണിനെ പൊലീസ് കഴിഞ്ഞദിവസം വിളിച്ചുവരുത്തി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു വർഷമായി താനും മിഷേലും തമ്മിൽ ബന്ധമുണ്ടെന്നാണ് ക്രോൺ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയത്. ക്രോണിൽനിന്ന് നിരന്തരമായി മാനസിക പീഡനം യുവതി അനുഭവിച്ചിരുന്നു. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനിൽ നിന്നും രക്ഷപ്പെടാനായി മിഷേൽ പഠനം ചെന്നൈയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നതായും മിഷേലിന്റെ സഹപാഠി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം അറിഞ്ഞ ക്രോണിൻ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു. ജീവിക്കാൻ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്ന മിഷേലിന്റെ സഹപാഠിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇതിനൊപ്പം നേരത്തേ കോട്ടയത്ത് എൻട്രൻസ് പരിശീലനത്തിന് പഠിച്ചുകൊണ്ടിരിക്കെ മിഷേലുമായി അടുത്ത മറ്റൊരു യുവാവിനെയും ക്രോണിൻ ഇങ്ങിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹപാഠിയുടെ മൊഴിയിലുണ്ട്. കലൂരിൽ ഒരു ചായക്കടയ്ക്ക് സമീപം വച്ച് ക്രോണിൻ മിഷേലിനെ തല്ലിയിരുന്നതായും പെൺകുട്ടി മൊഴി നൽകി.

മിഷേലും ക്രോണും തമ്മിലുള്ള ബന്ധത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തായതിനിടെയാണ് ക്രോണിന്റെ അയൽവാസികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വസ്തു തർക്കത്തിന്റെ പേരിൽ ഇവർ നിരന്തരം ശല്യം ചെയ്തിരുന്നതായി അയൽവാസികൾ ആരോപിച്ചു. പിറവത്തിനു സമീപം കക്കയത്തുള്ള വീട്ടിൽ രണ്ടു പെൺകുട്ടികൾക്കൊപ്പം താമസിക്കുന്ന രേഖയാണ് ക്രോണിനും കുടുംബത്തിനും എതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രോണിനെതിരെ കഴിഞ്ഞ ഡിസംബറിൽ പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആക്ഷേപം.

രേഖയുടെ ഭർത്താവ് വിദേശത്താണ്. ക്രോണിനും കുടുംബവും നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് രേഖ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ഡിസംബർ 30 ന് വനിതാ സെല്ലിന് പരാതി നൽകിയിരുന്നു. നടപടി ഇല്ലാത്തതിനാൽ പരാതി ഡിജിപിക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുത്തു. എന്നിട്ടും നടപടി ഉണ്ടായില്ല. അന്ന് നടപടി എടുത്തിരുന്നെങ്കിൽ പെൺകുട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് രേഖ പറയുന്നു. നാട്ടിൽ ജിക്കു എന്നറിയപ്പെടുന്ന ക്രോണിൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പെൺകുട്ടികളെ ഉപദ്രവിച്ചതായും കേട്ടിട്ടുണ്ടെന്നും രേഖ പറയുന്നു.

അതേസമയം, മരിച്ച മിഷേൽ ഷാജിയോട് സാമ്യമുള്ള പെൺകുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശി അമൽ വിൽഫ്രഡ് പൊലീസിന് മൊഴി നൽകി. വല്ലാർപാടം പള്ളി കഴിഞ്ഞ് ബോൾഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തുവച്ചാണ് പെൺകുട്ടിയെ കണ്ടതെന്നും അമൽ പറഞ്ഞു. അതുവഴി ബൈക്കിൽ വന്നപ്പോഴാണ് പെൺകുട്ടിയെ കണ്ടത്. പാലത്തിനടുത്ത് വണ്ടി നിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ കഴിഞ്ഞില്ലെന്നും അമൽ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടി കായലിൽ മുങ്ങിമരിച്ചതായുള്ള പത്രവാർത്ത കണ്ടത്. എന്നാൽ മിഷേലിനെ തന്നെയാണ് കണ്ടതെന്ന് ഉറപ്പില്ലെന്നും സംഭവത്തെക്കുറിച്ച് സെൻട്രൽ സ്റ്റേഷനിൽ എത്തി മൊഴി നൽകിയിട്ടുണ്ടെന്നും അമൽ പറഞ്ഞു.

അതേസമയം, മരണം ആത്മഹത്യയാണെന്ന പൊലീസിന്റെ വാദം മിഷേലിന്റെ ബന്ധുക്കൾ അംഗീകരിക്കുന്നില്ല. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യയെങ്കിൽ കാരണം പൊലീസ് വ്യക്തമാക്കണം. സംഭവത്തിന് തൊട്ടു മുമ്പ് വരെ മിഷേൽ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിനെ അറിയില്ലെന്നും മിഷേലിന്റെ കുടുംബം പറയുന്നു. സംഭവത്തിലെ ദുരൂഹതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ പിറവത്ത് പുരോഗമിക്കുകയാണ്.