തിരുവനന്തപുരം: കേരളത്തിലെ നിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരസ്യ പിന്തുണ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനായിരുന്നു. ആ പാർട്ടി ജനതാദൾ സെക്യുലറായിരുന്നു. കർണ്ണാടകയിൽ കരുത്തുള്ള മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പാർട്ടി. ഇതിന് കേരളത്തിലെ സഭയിലുള്ളത് രണ്ട് അംഗങ്ങൾ. അതിൽ ഒരാൾ മന്ത്രി കെ കൃഷ്ണൻകുട്ടി. മറ്റൊരാൾ മാത്യു ടി തോമസ്. രണ്ടു പേരും പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം മാനിക്കേണ്ടവരാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ടു പേരും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതാണ്. രഹസ്യ ബാലറ്റ് ആയിട്ടും ദേശീയ നേതൃത്വത്തെ അടക്കം രണ്ടു പേരും ഇക്കാര്യം അറിയിച്ചിരുന്നു.

പാർട്ടികൾക്ക് അപ്പുറം സ്വതന്ത്ര പരിവേഷമുള്ള ആറു പേരാണ് നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് അഞ്ചു പേരും. വലതു പക്ഷത്ത് ഒരാളും. ഇവരും മുന്നണികളെ തള്ളി വോട്ട് ചെയ്യുന്നവരല്ല. എന്നിട്ടും ഒരു വോട്ട് കേരളത്തിൽ നിന്ന് മുർമുവിന് കിട്ടി. രാഷ്ട്രപതി ഭവനിലേക്ക് മുർമു എത്തുമ്പോൾ അതിലേക്ക് കേരളത്തിലെ വോട്ടും എന്നതാണ് രസകരമായ വസ്തുത. ദേശീയ തലത്തിൽ ക്രോസ് വോട്ടിംഗുകൾ ഏറെ നടന്നു. 17 എംപിമാർ പോലും മറിച്ച് വോട്ട് ചെയ്തു. അസമിൽ 21 വോട്ടുകളാണ് മുർമു അധികമായി നേടിയത്. പക്ഷേ അതിലെല്ലാം ഉപരി കേരളത്തിലെ വോട്ടാകും ദേശീയ തലത്തിൽ ചർച്ചയാകുക. ഈ അപ്രതീക്ഷിത വോട്ടാണ് എല്ലാ സംസ്ഥാനത്തും മുർമുവിന് വോട്ടുറപ്പിച്ചത്.

സിപിഎമ്മിന് 62ഉം സിപിഐയ്ക്ക് 17ഉം അംഗങ്ങളുണ്ട്. കേരളാ കോൺഗ്രസ് എമ്മിന് അഞ്ചും ജെഡിഎസിനും എൻസിപിക്കും രണ്ടും. കോൺഗ്രസ് സെക്യുലറിനും കേരളാ കോൺഗ്രസ് ബിക്കും ലോക്താന്ത്രിക് ജനതാദള്ളിനും ജനാധിപത്യ കേരളാ കോൺഗ്രസിനും എൻഎൽഎല്ലിനും നാഷണൽ സെക്യുലർ കോൺഫറൻസിനും ഓരോ അംഗങ്ങൾ. അഞ്ച് സ്വതന്ത്രരും ചേരുമ്പോൾ ഇടതുപക്ഷത്ത് 99 അംഗങ്ങൾ. ഇവരാരും ക്രോസ് വോട്ട് ചെയ്തതായി സിപിഎം സമ്മതിക്കില്ല. അത്തരം ചർച്ചകളെ അവർ എതിർക്കുമെന്ന് ഉറപ്പാണ്. ഇതിൽ ആരും ക്രോസ് വോട്ട് ചെയ്തുവെന്ന് അവകാശപ്പെടാനും സാധ്യത കുറവാണ്. എന്നാൽ അതിശക്തമായ പരിശോധന അതീവ രഹസ്യമായി സിപിഎം ഇക്കാര്യത്തിൽ നടത്തും. കേരളത്തിലെ മതേതരത്വ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് ഈ ക്രോസ് വോട്ടെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

പ്രതിപക്ഷത്ത് കോൺഗ്രസിന് 21 പേരുണ്ട്. മുസ്ലിം ലീഗിന് 15ഉം. കേരളാ കോൺഗ്രസിന് രണ്ടും കേരളാ കോൺഗ്രസ് ജേക്കബിനും ആർ എസ് പിക്കും ഓരോ അംഗങ്ങൾ. ഒരു സ്വതന്ത്രനും ഉണ്ട്. ഇവരെല്ലാം പ്രത്യക്ഷത്തിൽ മുർമുവിന് വോട്ട് ചെയ്യുമെന്ന് നിലപാട് എടുത്തവരാണ്. ഇതിൽ കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം കുറച്ചു കാലമായി മുന്നണിയുമായി അത്ര അടുപ്പത്തിലുമല്ല. യുഡിഎഫിലെ സ്വതന്ത്രൻ മാണി സി കാപ്പനാണ്. മാണി സി കാപ്പൻ ഇനി എന്തു പറയുമെന്നതും നിർണ്ണായകമാണ്. യുഡിഎഫുമായി ചില പ്രശ്നങ്ങൾ മാണി സി കാപ്പനുണ്ട്. എന്നാലും ബിജെപി സ്ഥാനാർത്ഥിക്ക് പാലയിലെ എംഎൽഎയും വോട്ട് ചെയ്യാനുള്ള സാധ്യത തീരെ കുറവാണ്. കേരളത്തിലെ സാഹചര്യങ്ങളാണ് ഇതിന് കാരണം. എന്നാൽ ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കണ്ടെത്താനാവാത്തത് ബിജെപിക്ക് വേണ്ടി നിലപാട് എടുത്ത എംഎൽഎയ്ക്ക് തുണയാകും.

നിയമസഭയിലെ എംഎൽഎമാരുടെ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ രഹസ്യ ബാലറ്റിന്റെ സ്വഭാവം അതിനില്ല. സ്പീക്കർ തെരഞ്ഞെടുപ്പിൽ അടക്കം പാർട്ടി വിപ്പിനെ കാട്ടി മാത്രമേ അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകൂ. അതുകൊണ്ട് തന്നെ ക്രോസ് വോട്ട് ചെയ്യുന്നത് അരെന്ന് കണ്ടെത്താാകും. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അങ്ങനെ എല്ലാ നിയമം. അംഗങ്ങൾക്ക് മനസ്സിന് അനുസരിച്ച് വോട്ട് ചെയ്യാം. പാർട്ടി പറയുന്നവർക്ക് ചെയ്യണമെന്നില്ല. ഈ സാധ്യതയാണ് മുർമുവിന് കേരളത്തിൽ വോട്ട് ചെയ്തതെന്ന് വ്യക്തം. കേരളത്തിൽ ബിജെപിക്കോ ബിജെപി മുന്നണിക്കോ ആരും ഇല്ലാതിരുന്നിട്ടും വോട്ട് കിട്ടിയത് രാഷ്ട്രീയ കൗതുകമായി അവശേഷിക്കും.

കേരളത്തിലെ രാഷ്ട്രീയം പരിവാറിന് അനുകൂലമല്ല. അതുകൊണ്ട് തന്നെ രണ്ട് മുന്നണികളുടെ ഭാഗമായി നിന്നാൽ മാത്രമേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനാകൂ. അതുകൊണ്ട് തന്നെ ക്രോസ് വോട്ട് ചെയ്തത് ആരായാലും പുറത്തു പറയാൻ സാധ്യത കുറവാണ്. ഇനി അതുണ്ടായാൽ അയാൾ കൂറുമാറ്റ നിരോധന നിയമത്തിന് പുറത്താണെങ്കിൽ എൻഡിഎയ്ക്ക് നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാം. നേമത്ത് നിന്ന് ജയിച്ച ഒ രാജഗോപാൽ കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ മുഖമായിരുന്നു. ഇത്തവണ നേമത്ത് ജയിക്കാൻ ബിജെപിക്കായില്ല. അതുകൊണ്ട് തന്നെ ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ടും മുർമുവിന് കിട്ടില്ലെന്നായിരുന്നു വിലയിരുത്തൽ. അതാണ് അട്ടിമറിക്കപ്പെട്ടത്.

കേരളത്തിലെ എംഎൽഎമാർക്ക് 152 ആയിരുന്നു വോട്ടിന്റെ മൂല്യം. ഇതിൽ മുർമുവിന് 152 വോട്ടിന്റ മൂല്യം കിട്ടി. അതായത് ഒരു വോട്ട്. യശ്വന്ത് സിൻഹയ്ക്ക് 139 വോട്ടും 21128 മൂല്യവും. കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ട് കിട്ടിയത്. അതു കഴിഞ്ഞാൽ തെലുങ്കാന. തെലുങ്കാനയിൽ നിന്ന് മൂന്ന് വോട്ട് മാത്രമാണ് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് കിട്ടിയത്. പഞ്ചാബിലും ഡൽഹിയിലും എട്ട് വോട്ടുകളും കിട്ടി. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഇത് ബിജെപി നേതൃത്വം സമർത്ഥമായ ഇടപെടലിലൂടെ അട്ടിമറിച്ചുവെന്ന് വേണം വിലയിരുത്താൻ.

140 അംഗ നിയമസഭയിൽ ബിജെപിക്ക് അംഗമൊന്നുമില്ല. അതുകൊണ്ട് തന്നെ ആരും വോട്ട് പ്രതീക്ഷിച്ചില്ല. ഇടതു വലതു മുന്നണിയുടെ ഭാഗമായി ജയിച്ചെത്തിയവരാണ് 140 പേരും. അതുകൊണ്ട് തന്നെ പാർട്ടിയുടേയും മുന്നണിയുടേയും തീരുമാനത്തെ ആരോ അട്ടിമറിച്ചു. അതാണ് ദ്രൗപതിക്ക് വോട്ട് കേരളത്തിൽ നിന്ന് കിട്ടാൻ കാരണം. രഹസ്യ വോട്ടിന്റെ സാധ്യതയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ ക്രോസ് വോട്ടിങ്. 140 എംഎ‍ൽഎമാരിൽ ഒരാൾ എൻ.ഡി.എ. സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വോട്ട് രേഖപ്പെടുത്തി. എന്നാൽ ഇത് ആരാണെന്ന് വ്യക്തമല്ല. പ്രതിപക്ഷ പൊതുസ്ഥാനാർത്ഥിക്കായിരുന്നു സംസ്ഥാനത്തെ എൽ.ഡി.എഫ്.-യു.ഡി.എഫ്. എംഎ‍ൽഎമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒരാൾ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ വലിയ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി ജയിച്ചുകയറിയത്. പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ട് ദ്രൗപദിക്ക് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 4754 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. എന്നാൽ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് അവർക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.