ന്യൂഡൽഹി: വിദേശ നയതന്ത്ര രംഗത്ത് നേട്ടങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറയാനുള്ളത്. അമേരിക്കയടക്കമുള്ള നല്ല സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയ്ക്കായി വാദിക്കുന്നു. ഭീകരത ഉയർത്തിക്കാട്ടിയുള്ള ഇന്ത്യൻ നീക്കത്തിന് ആഗോളതലത്തിൽ പ്രസക്തി കൂടി. പാക്കിസ്ഥാന് വേണ്ടി ചൈന നിലകൊള്ളുന്നത് മാത്രമാണ് ഇതിനൊരു അപവാദം. പക്ഷേ ഇസ്ലാമിക രാജ്യങ്ങൾ പോലും ഇന്ന് ഇന്ത്യയ്ക്ക് ഒപ്പമാണ്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. യുഎഇയിലും സൗദിയിലുമെല്ലാം പറന്നെത്തി സൗഹൃദം സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങൾ പാക്കിസ്ഥാന് വമ്പന്ഡ തിരിച്ചടിയാണ്. സാർക്ക് രാജ്യങ്ങളെയെല്ലാം കൂടെ നിർത്തിയുള്ള മോദിയുടെ കളിയിൽ പാക്കിസ്ഥാൻ അമ്പേ പരാജയമായി. ഇതിന് ആക്കം കൂട്ടാനാണ് യുഎഇയുമായുള്ള പുതിയ നയതന്ത്ര ഇടപെടൽ.

സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ഡേയുമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷത്തിന്റെ ദിവസങ്ങൾ. യുഎഇ കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി. അതിനമപ്പുറത്ത് ഇന്ത്യൻ ആഘോഷത്തിന് മാറ്റ് കൂട്ടാൻ യുഎഇ സൈന്യവും ഡൽഹിയിലെത്തും. യുഎഇ സൈന്യത്തിന്റെ മാർച്ച് പാസ്റ്റും റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകർഷണമാകും. നയതന്ത്ര ബന്ധങ്ങൾ അതിശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണ്. യുഎഇ അടക്കമുള്ള ഇസ്ലാമിക ലോകത്ത് നിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന പിന്തുണ കുറയ്ക്കുകയാണ് ഇത്തരം ഇടപെടലുകളിലൂടെ മോദി സർക്കാർ ശ്രമിക്കുന്നത്. 2015ലെ യുഎഇ സന്ദർശനത്തിലൂടെ തന്നെ മോദി ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. അതിന് പുതുവേഗം നൽകാനാണ് യുഎഇ കിരീടാവകാശിയെ റിപ്പബ്ലിക് ദിന ചടങ്ങിൽ അതിഥിയാക്കുന്നത്.

പരേഡിൽ പങ്കെടുക്കണാൻ യുഎഇ സൈന്യത്തെ ക്ഷണിച്ചിട്ടുണ്ടെന്നും അവർ തത്വത്തിൽ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമായാണ് യുഎഇ അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യ-യുഎഇ ബന്ധത്തിൽ വൻകുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഫ്രഞ്ച് സൈന്യം ചരിത്രം കുറിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ മാർച്ച് ചെയ്തിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വിദേശ സൈന്യം എന്ന ബഹുമതിയും ഫ്രാൻസിനു സ്വന്തമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസിസ് ഹോളണ്ട് ആയിരുന്നു അന്ന് മുഖ്യാതിഥി. ഈ മാതൃകയാണ് ഇത്തവണയും ആവർത്തിക്കുന്നത്. യുഎഇ സൈന്യ എത്തുമെന്ന് ഉറപ്പായതോടെ ഇന്ത്യാ-അറബ് സൗഹൃദത്തിന്റെ പുതിയ വാതിലുകളാണ് തുറക്കുന്നത്.

ഇത് ആദ്യമായാണ് അറബ് സേന ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാകുന്നത്. സാധാരണയായി റിപ്പബ്ലിക്ക് ദിന പരേഡിനു സുരക്ഷ ഒരുക്കുന്ന എൻഎസ്ജി കമാൻഡോകളും ഇത്തവണ ആദ്യമായി രാജ്പഥിൽ മാർച്ച് നടത്തും. എന്നാൽ സൈന്യത്തിന്റെ പാരാ സ്പെഷൽ ഫോഴ്സ് ഇത്തവണ പരേഡിൽ പങ്കെടുക്കുന്നില്ല. യുഎഇയുടെ സേനയിലെ മ്യൂസിക് ബാൻഡ് വിഭാഗമാകും പരേഡിൽ പങ്കെടുക്കുകയെന്നാണ് സൂചന. യുഎഇ കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ എത്തുന്നതിന് മുന്നോടിയായി ഇന്ത്യയുമായി നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക സംഘവും ഡൽഹിയിലെത്തും. ഈ മാസം 20ന് തന്നെ ഈ സംഘം ഇന്ത്യയിലെത്തും. തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ സംഘത്തിന് മുന്നിൽ ഇന്ത്യ വയ്ക്കും. ഭീകര പ്രവർത്തനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടണമെന്നതാകും അതിലൊന്ന്. ദാവൂദ് ഇബ്രഹാമിന്റെ യുഎഇയിലെ സ്വത്തുക്കളുടെ കണക്ക് മോദി സർക്കാർ ശേഖരിച്ചിട്ടുണ്ട്. ഇത് യുഎഇയുടെ കിരീടാവകാശിക്ക് നൽകാനാണ് സാധ്യാത.

സൈബർ സുരക്ഷ,അടിസ്ഥാന സൗകര്യ വികസനം,പാരമ്പര്യേതര ഊർജ്ജം,കറൻസി കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയുമായി മെച്ചപ്പെട്ട സഹകരണം യുഎഇ ആഗ്രഹിക്കുന്നത്. യുഎഇ കിരീടാവകാശി ഈ വർഷം ആദ്യവും ഇന്ത്യയിലെത്തിയിരുന്നു. അന്ന് നാല് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും യുഎഇയും ഒപ്പ് വച്ചത്. യുഎഇ ഇന്ത്യയിൽ പുതുതായി 10 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണായായിരുന്നു. ഈ നിക്ഷേപത്തിന്റെ യഥാർത്ഥ സ്ഥിതി ഇത്തവണ വിലയിരുത്തും. മാംഗ്ലൂരിലെ എണ്ണ സംഭരണകേന്ദ്രങ്ങളിൽ ക്രൂഡ് ഓയിൽ സൂക്ഷിക്കാൻ യുഎഇ സന്നദ്ധത അറിയിച്ചിരുന്നു. യുഎഇയുടെ ചൊവ്വാദൗത്യത്തിന് ഇന്ത്യയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഇത്തവണയും ചർച്ച നടക്കും.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയിൽ കൂടുതൽ മുതൽ മുടക്കിന് യുഎഇ തയ്യാറാകുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ ഇത്തവണ സജീവമായി നടക്കും.