കോഴിക്കോട്; ഒഡിഷയിൽവെച്ച് മരണപ്പെട്ട ജവാന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. കോഴിക്കോട് പയിമ്പ്ര പാണക്കാട് രാധാകൃഷ്ണനെയാണ് ഇന്നലെ മൃതശരീരമായി നാട്ടിലെത്തിച്ചത്. ഇത്രയും സമയം തീവണ്ടി തട്ടിയാണ് മരിച്ചെതെന്നാണ് ഔദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ പറയുന്നത് അദ്ദേഹം തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്.

എന്നാൽ തന്റെ അഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ആത്മഹത്യ പ്രവണതയുള്ള നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നയാളാണ്,തന്റെ അഛനെന്നും രാധാകൃഷ്ണന്റെ മകൻ ജുവിൻ മറുനാടനോട് പറഞ്ഞു. അഛനൊരിക്കലും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യക്ക് ശ്രമിച്ച നിരവധി പേരെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നയാൾക്കെങ്ങനെ ആത്മഹത്യ ചെയ്യാനാകും. എന്നാൽ സി ആർ പി എഫ് ഉദ്യാഗസ്ഥർ ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഇതൊരു ആത്മഹത്യയാണെന്ന രീതിയിലാണ്. ആത്മഹത്യ ചെയ്യാൻ തക്ക കാരണങ്ങളൊന്നും വീട്ടിലോ, കുടുംബത്തിലോ ഇല്ല.

സൈനിക ഉദ്യോഗസ്ഥർ പ്രചരിപ്പിക്കുന്ന രീതിയിൽ യാതൊരു വിധ സാമ്പത്തിക പരാധീനതകളും അദ്ദേഹത്തിനില്ല. അഥവാ അങ്ങനെ വല്ലതുമുണ്ടെങ്കിൽ 30 വർഷത്തിലേറെ സർവീസിലിരുന്ന് വി ആർ എസെടുക്കുന്ന ആൾക്ക് കിട്ടുന്ന സാമ്പത്തിക ആനുകൂല്യങ്ങൾകൊണ്ട് തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത മാസം വിആർഎസെടുക്കാനുള്ള ഫയലുകളെല്ലാം ശരിയിക്കുകയും ചെയ്തിരുന്നു. ഇത്രയുമെല്ലാം ചെയ്തൊരാൾക്കെങ്ങനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാനാകുമെന്നും രാധാകൃഷ്ണന്റെ ഏക മകൻ ജുവിൻ മറുനാടനോട് പറഞ്ഞു.

അതുകൊണ്ടൊക്കെ തന്നെ ഇതൊരും ആത്മഹത്യയാണെന്ന് ഒരിക്കലും വിശ്വസിക്കില്ല. അഥവാ അങ്ങനെയാണെങ്കിൽ അതിന് പിന്നിൽ സൈന്യത്തിൽ തന്നെയുള്ള ആരുടെയെങ്കിലും പ്രേരണയുണ്ടാകും. അതാരാണെന്ന് കണ്ട് പിടിച്ച്, അവരെ മാറ്റിനിർത്തി അവർക്കെതിരെ അന്വോഷണം നടത്തണമെന്നും ജുവിൻ പറഞ്ഞു. മരിച്ചെന്ന് പറയുന്ന നാലാം തിയ്യതി പോലും രാധാകൃഷ്ണൻ മക്കളോടും ഭാര്യയോടും ഫോണിൽ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അദ്ദേഹം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ നിരന്തരം മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്ന കാര്യം പങ്കുവെച്ചിരുന്നു.

ഇക്കാരണത്തലാണ് അദ്ദേഹം മാർച്ച് മാസത്തിൽ സൈന്യത്തിൽ നിന്ന് വിരമിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതും. എന്നാൽ ഈ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞിരുന്നില്ലതാനും സിഒ എന്നായിരുന്നു അയാളെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെയാണ് രാധാകൃഷ്ണന്റെ ബന്ധുക്കളും നാട്ടുകാരും ഇതൊരും സ്വാഭാവിക മരണമോ, ഉദ്യോഗസ്ഥർ ഇപ്പോൾ പ്രചരിപ്പിക്കുന്നത് പോലെ ആത്മഹത്യയോ അല്ലെന്ന് സംശയിക്കുന്നത്. മാത്രവുമല്ല അദ്ദേഹത്തിന്റെ മൃതദേഹം കൈകാര്യം ചെയ്ത രീതിയും ബന്ധുക്കളിൽ സംശയത്തിന് കാരണമാക്കി.

സാധാരണ രീതിയിൽ ഒരു ജവാൻ മരണപ്പെട്ടാൽ ഇത്രയും ദൂരത്താണെങ്കിൽ പെട്ടെന്ന് തന്നെ നടപടികൾ പൂർത്തിയാക്കി എയർമാർഗം നാട്ടിലെത്തിക്കുകയാണ് ചെയ്യേണ്ടതെന്ന് പാരാമിലിറ്ററി പെൻഷനഴ്സ് അസോസിയേഷൻ ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. മരണ നടന്ന ഉടനെ തന്നെ നാട്ടിലെയും സംഭവസ്ഥലത്തെയും പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. എന്നാൽ രാധാകൃഷ്ണന്റെ കാര്യത്തിൽ അതൊന്നുമുണ്ടായിട്ടില്ല. കേവലമൊരു ചരക്ക് കൊണ്ട് വരുന്ന ലാഘവത്തോടെയാണ് അധികൃതർ രാധാകൃഷ്ണന്റെ മൃതദേഹം എത്തിച്ചത്.

അതും മൂന്നിലേറെ തവണ കയറ്റിയിറക്കിയും ഇടക്ക് ചെന്നെയിൽ വെച്ച് രണ്ടാമത് പാക്ക് ചെയ്തുമൊക്കെ. സൈന്യത്തിൽ സർക്കിൾ ഇൻസ്പെക്ടറായി ജോലിചെയ്തിരുന്ന ഒരു ഉദ്യാഗസ്ഥന് മരണശേഷം ലഭിക്കേണ്ട യാതൊരും ബഹുമനാവും ഇല്ലാതെയാണ് ഉദ്യോഗസ്ഥർ രാധാകൃഷണന്റെ മൃതദേഹം കൈകാര്യം ചെയ്തത്. മാത്രവുമല്ല മരണ വിവരം ഉദ്യാഗസ്ഥരാരും നാട്ടിലെ പൊലീസിൽ അറിയിച്ചിട്ടുമില്ല. കണ്ണൂർ ക്യാമ്പിലുള്ള രാധാകൃഷ്ണന്റെ സുഹൃത്താണാണ് മകൻ ജുവിനെ വിവരങ്ങൾ അറിയിക്കുന്നത്. പിന്നീട് ജുവിനാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലറിയിക്കുന്നത്.

35 വർഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച ഒരു മനുഷ്യനെ ഏറ്റവും നീചമായ രീതിയിൽ അപമാനിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെ മൃതദേഹം കൈകാര്യം ചെയ്യുന്ന രീതിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പാരാമിലിറ്ററി പെൻഷനഴ്സ് അസോസിയേഷൻ ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. മകൻ ജുവിന്റെ ആവശ്യപ്രകാരം ജില്ലാ കളക്ടർ റീപോസ്റ്റുമോർട്ടത്തിന് ഇത്തരവിട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ റിപോസ്റ്റമോർട്ടം നടത്തിയ ശേഷം വൈകിട്ട് 4 മണിക്ക് ശേഷമാണ് മൃതദേഹം പയിമ്പ്രയിലുള്ള വീട്ടിലെത്തിച്ചത്.