- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
കൊച്ചി: ഒരു വിവാഹം മൂലം ജീവിതം നരകതുല്യമായി യുവതി. വിദേശത്തു വെച്ച് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായ ചോറ്റാനിക്കകര സ്വദേശിനിയായ യുവതിയാണ് നാട്ടിൽ സംസാരശോഷി പോലും നഷ്ടമായി നരകിക്കുന്നത്. മരണസന്നയായ നിലയിൽ നാട്ടിലെത്തിയ യുവതി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം നിയമസഹായം തേടുകയാണ്. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രുതിക്കാണ് ദാരുണമായ അവസ്ഥ നേരിടേണ്ടി വന്നത്. ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമായ യുവതിയുടെ ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെയാണ്.
വിദേശത്തു നടന്ന സംഭവത്തിൽ പൊലീസിനും സംസ്ഥാന വനിതാകമ്മിഷനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. വിവാഹശേഷം രണ്ട് വർഷം മുൻപാണ് തൃശൂർ സ്വദേശിയായ ഭർത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ഭർത്താവ് ലഹരിക്ക് അടിമയായ ആളാണെന്ന് യുവതിക്കും വീട്ടുകാർക്കും അറിവില്ലായിരുന്നു. ലഹരിക്ക് അടിമയായിരുന്ന ഭർത്താവ് ശ്രുതിക്കും നിർബന്ധപൂർവം ലഹരി നൽകുകയാണ് ചെയ്തത്. ഇതിനെ എതിർത്താൽ ക്രൂരമായി മർദ്ദിക്കുകയും പതിവായിരുന്നു.
ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചപ്പോൾ കഴിഞ്ഞ മെയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചെന്നാണ് യുവതിയൂടെ വീട്ടുകാർ പരാതിപ്പെടുന്നത്. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ച് മാസത്തോളം കാനഡയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 12നാണ് മാതാപിതാക്കൾ നാട്ടിലെത്തിച്ചത്. അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു സംസാരശേഷിയും നഷ്ടമാക്കി.
ഭർത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. കാനഡയിലെ ആശുപത്രിയിൽ വച്ച് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഡോക്ടർമാരെ ശ്രുതി അറിയിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് തുടർനടപടിക്ക് പൊലീസ് മടിക്കുന്നത്. എന്നാൽ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് അപ്പോൾ അങ്ങനെ പറയേണ്ടി വന്നതെന്ന് പിതാവ് പറയുന്നു.
ഓമനിച്ച് വളർത്തിയ മകളെ ഈ നിലയിൽ എത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ ഏതറ്റം വരെ പോകാനും മാതാപിതാക്കൾ ഒരുക്കമാണ്. വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാകമ്മിഷൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിക്രൂരമായി പീഡനമാണ് മകൾ അനുഭവിക്കേണ്ടി വന്നതെന്നും സംഭവത്തിൽ കർശന നടപടി വേണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ