പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മേയാൻവിട്ട പശുവിനെ സാമൂഹികവിരുദ്ധർ മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ എട്ടുമാസം ഗർഭമുള്ള പശുവിനെയാണ് കൊന്നത്.ഞായറാഴ്ച പകൽ വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായിരുന്നു. വീട്ടുകാരുടെ അന്വേഷണത്തിൽ പശുവിനെ രാത്രിയോടെ ചേത്തയ്ക്കൽ റബർ ബോർഡ് ബി ഡിവിഷൻ ഓഫിസിന് സമീപം കെട്ടിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു.

റബർ ബോർഡ് വക തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ ഇടമുറി അനുഭവൻ അനിൽ പശുവിനെ അഴിച്ച് ഓഫിസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും പൊലീസ് എത്തി സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. റാന്നി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌നം പരിഹരിച്ച് റബർ ബോർഡ് കാന്റീൻ ജീവനക്കാരനായ ഉടമയ്ക്ക് പശുവിനെ നൽകിയിരുന്നു. തുടർന്ന് രാത്രിയിൽ സുന്ദരേശന്റെ വീട്ടിൽ എത്തിച്ച പശുവിനെ വീടിന് സമീപത്തെ റബർ മരത്തിലാണ് കെട്ടിയിരുന്നത്.

രാവിലെ വീട്ടുകാർ നോക്കുമ്പോൾ പശുവിനെ ചത്ത നിലയിൽ കാണുകയായിരുന്നു. കയറുപ യോഗിച്ച് വീട്ടുകാർ കെട്ടിയതു കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.