തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിൽ സമര സമിതിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് ചർച്ച നടത്തും. ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താൻ മുന്നണി തല യോഗത്തിൽ തീരുമാനമായി. എകെജി സെന്ററിൽ വെള്ളിയാഴ്ച നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷമാണ് കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞത്. ഇടതു യൂണിയനുകൾ സമരം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതി മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, മുൻ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് എകെജി സെന്ററിലെ ഇന്നത്തെ ചർച്ചകളിൽ പങ്കെടുത്തത്. ഇടത് യൂണിയനുകൾ സമരമവസാനിപ്പിക്കാൻ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

നീതിയുടെ കൂടെ നിൽക്കുന്നവർക്കൊപ്പമാണ് താൻ എന്നും ചെയർമാൻ തെറ്റായി എന്തെങ്കിലും ചെയ്തതായി അറിയില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജീവനക്കാർക്ക് ചില ആശങ്കയുണ്ടെന്നും അതൊക്കെ വൈകാതെ പരിഹരിക്കുമെന്നും എൽഡിഎഫ് കൺവീനർ വിജയരാഘവൻ പ്രതികരിച്ചു.

സംസ്ഥാന വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ദുർവ്യയങ്ങൾക്കെതിരെ വൈദ്യുതി ഭവന് മുമ്പിൽ തുടരുന്ന വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം നാലാം ദിവസത്തിലേക്ക് കടന്നു.
വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിലെ ഓഫീസുകൾക്ക് അവധി ആയതിനാൽ പ്രക്ഷോഭം ഉണ്ടായിരുന്നില്ല. അനിശ്ചിതകാല പ്രക്ഷോഭം തുടരും. 18 മുതൽ സംസ്ഥാനത്തെ 171 സെക്ഷൻ ഓഫീസിലും 71 ഡിവിഷൻ ഓഫീസിലും 25 സർക്കിൾ ഓഫീസിലും തൊഴിലാളികൾ പ്രക്ഷോഭം തുടരും.

വൈദ്യുതി ഭവനിലും സമാന ഓഫിസുകളിലും എസ്‌ഐഎസ്എഫ് സായുധ പാറാവ് ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കുക, വൈദ്യുതി ബോർഡിനു ദുർവ്യയമുണ്ടാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കുക, ഐടി നയം അട്ടിമറിക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരോപണത്തിന് രണ്ടുവശമുണ്ട്, അതുകൊണ്ടാണ് പരിശോധനയ്ക്ക് വിട്ടത്. ചെയർമാൻ ബി. അശോക് മാറിനിൽക്കണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിക്കായി ഭൂമി നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അശോകിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെത്തുടർന്നു ചർച്ചയായിരുന്നു. ബോർഡിന്റെ ഭൂമികൈമാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ടെൻഡർ വിശദാംശങ്ങൾവരെ കരാറുകാർക്ക് മുൻകൂട്ടി ചോർത്തി നൽകുകിയെന്നും ബി. അശോക് കുറിപ്പിൽ ആരോപിച്ചിരുന്നു.

അതേസമയം കരാറുകൾ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെ പരിഹസിച്ച് മുൻ മന്ത്രി എം എം മണി രംഗത്ത് എത്തി. ഹൈഡൽ ടൂറിസത്തിന് ഭൂമി നൽകിയത് നിയമാനുസൃതമായിട്ടാണെന്നും രാജക്കാട് സൊസൈറ്റിക്ക് നൽകിയതും നിയമപ്രകാരമാണെന്നും മണി പറഞ്ഞു. കെഎസ്ഇബി ചെയർമാൻ തുടരണമോയെന്ന് വൈദ്യുതമന്ത്രിയോട് ചോദിക്കുവെന്നും അശോക് സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറിൽ ഭൂമി നൽകിയതെന്നും എം എം മണി പറഞ്ഞു.

സ്ഥലം പാട്ടത്തിന് നൽകുന്നതിൽ ബോർഡാണ് എല്ലാ തീരുമാനവും എടുത്തത്. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നുവെന്നും ആര്യാടൻ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ മകനും ചേർന്ന് സ്വന്തക്കാർക്കും ബന്ധുകൾക്കും ഭൂമി പാട്ടത്തിന് നൽകിയതിന് തെളിവുണ്ടെന്നും എം എം മണി പറഞ്ഞു.

ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു തന്റെ നിലപാട്. അന്വേഷണത്തിന് ശുപാർശ ചെയ്തതുമാണ്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നറിയില്ല. വൈദ്യുത ഭവൻ ആസ്ഥാനത്തിന് എസ്‌ഐഎസ്എഫ് സുരക്ഷ ആവശ്യമില്ലെന്നും തെറ്റ് ചെയ്യാത്തവർക്ക് ഒന്നും പേടിക്കാനില്ലെന്നും അവർക്ക് സുരക്ഷയുടെ ആവശ്യമില്ലെന്നും മണി പറഞ്ഞു.