ജിദ്ദ: ഇന്ധന വില പിടിച്ചു നിർത്താൻ ഉൽപാദനം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് സൗദി അറേബ്യ. ക്രൂഡ് ഓയിൽ വില ഇടിയുന്നതാണ് ഇതിന് കാരണം.

സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്ത് നൽകാൻ സൗദിക്ക് എണ്ണക്കച്ചവടത്തിലെ ലാഭം അനിവാര്യമാണ്. എന്നാൽ ആവശ്യക്കാർ കൂടിയിട്ടും ഇന്ധന വില ഇടിയുകയാണ്. ഈ സാഹചര്യത്തിലാണ് ഉൽപാദനം കുറച്ച് വിലകൂട്ടാനുള്ള നടപടികളിലേക്ക് സൗദി കടക്കുന്നത്. യുഎസിലെ എണ്ണ ഉൽപാദനം വർധിച്ചതും വിപണിയിലെ എണ്ണ ലഭ്യത കുറയാത്തതുമാണ് വിലയിടിയാൻ കാരണം. കഴിഞ്ഞ വർഷം മധ്യത്തേക്കാൾ പത്തു ശതമാനത്തിലേറെയാണ് യുഎസിൽ എണ്ണ ഉൽപാദനം വർധിച്ചത്. 93 ലക്ഷം ബാരലാണ് യുഎസിന്റെ പ്രതിദിന ഉൽപാദനം.

ഈ സാഹചര്യത്തിൽ ഒപ്ക് രാജ്യങ്ങളുടെ സഹായത്തോടെ മറു തന്ത്രം ആവിഷ്‌കരിക്കുകയാണ് സൗദി. ജൂൺ മുതൽ ആറു മാസത്തേക്കു കൂടി ഉൽപാദന നിയന്ത്രണം തുടരുന്നതിനെക്കുറിച്ച് 25ന് വിയന്നയിൽ ചേരുന്ന ഒപെക് യോഗത്തിൽ തീരുമാനമുണ്ടാകും. ഉൽപാദന നിയന്ത്രണം തുടരുന്നത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ എണ്ണ വില അഞ്ചു മാസത്തെ കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞിരുന്നു. ബ്രെൻഡ് ക്രൂഡ് മൂന്നു ശതമാനം ഇടിഞ്ഞ് ബാരലിന് 47 ഡോളറിലെത്തി. ഉൽപാദന നിയന്ത്രണം നടപ്പായതിന് ശേഷം ആദ്യമായാണ് വില 50 ഡോളറിൽ താഴെ എത്തുന്നത്. ഈ വർഷം ആദ്യത്തെ എണ്ണ വിലയേക്കാൾ 15 ശതമാനം വില ഇടിഞ്ഞു. ഉൽപാദന നിയന്ത്രണം ആറുമാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് സൗദി അറേബ്യയും റഷ്യയും സൂചന നൽകിയിട്ടും വിപണിയിൽ പ്രതിഫലിച്ചില്ല.

പ്രധാന എണ്ണ ഉൽപാദകരായ സൗദിയും റഷ്യയും ഒരു കോടിയിലേറെ ബാരലാണു പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ജനുവരി മുതൽ മെയ്‌ 30 വരെയുള്ള ആറുമാസ കാലയളവിൽ പ്രതിദിനം 18 ലക്ഷം ബാരൽ കുറയ്ക്കാനായിരുന്നു മുൻധാരണ. ഉൽപാദനം കുറഞ്ഞത് എണ്ണവിലയിടിവ് പിടിച്ചു നിർത്താൻ സഹയാകമായി. എന്നാൽ അമേരിക്കൻ ഇടപെടൽ ഇത് അസാധ്യമാക്കി. പെട്രോളിയം അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നേരിട്ട തിരിച്ചടി സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറയിളക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കയറ്റുമതി ചെയ്യാൻ കഴിയാതെ കോടിക്കണക്കിന് രൂപയുടെ പെട്രോളിയം അസംസ്‌കൃത വസ്തുക്കളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്.

എണ്ണവിലയെ പ്രധാനമായും ആശ്രയിക്കുന്ന സന്ബദ് വ്യവസ്ഥയാണ് സൗദി അറേബ്യയുടേത്. കാര്യമായ വിഭവങ്ങൾ ഇല്ലാത്തതിനാൽ തന്നെ മറ്റ് വരുമാന മാർഗങ്ങളും സൗദിക്ക് കുറവാണ്. നിലവിലെ സ്ഥിതി തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി സൗദിയെ വലയ്ക്കുമെന്ന് ഉറപ്പാണ്. ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് രാജ്യം പോയാൽ അത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വഴിതെളിക്കും. ഈ സാഹചര്യത്തിലാണ് എണ്ണവില ഉയർത്താനുള്ള ബോധപൂർവ്വമായ നീക്കം നടക്കുന്നത്.