- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽവില ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യൻ നീക്കം നിർണായകമായി; ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്; ഒരു ബാരലിന് വില 100 ഡോളറിൽ താഴെ; റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളും വില ഇടിവിന് കാരണമായി
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ചയാണ് എണ്ണവില 100 ഡോളറിന് താഴെയെത്തിയത്. പിന്നീട് വില ചെറിയ രീതിയിൽ ഉയർന്നുവെങ്കിലും ഇപ്പോഴും 100 ഡോളറിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇത് കൂടാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറായതും വില ഇടിവിന് വഴിവെച്ചു.
ഇറാനിയൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും വലിയ രീതിയിൽ എണ്ണവിലയെ സ്വാധീനിച്ചു. യുക്രെയ്ൻ പ്രതിസന്ധിയും വിയന്നയിൽ നടക്കുന്ന ആണവചർച്ചകളും തമ്മിൽ ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആണവ ചർച്ചകൾ അവസാനിക്കുന്നത് വരെ റഷ്യ ഇറാനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള 2015ലെ അണവകരാർ പുനഃസ്ഥാപിക്കാൻ റഷ്യക്ക് താൽപര്യമുണ്ടെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞിരുന്നു. യു.എസ് ഇറാനുമേലുള്ള ഉപരോധം പിൻവലിച്ചാൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എണ്ണയുടെ ഭാവി വിലകളും താഴുകയാണ്. ഇന്റർകോണ്ടിനന്റൽ എക്‌സ്‌ചേഞ്ചിൽ മെയ് മാസത്തേക്കുള്ള ബ്രെന്റ് ക്രൂഡോയിലിന്റെ വില 99.79 ഡോളറായി താഴ്ന്നിട്ടുണ്ട്. 6.65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റർമിഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ തെരഞ്ഞെടുപ്പിന് കഴിഞ്ഞതിന് ശേഷവും എണ്ണകമ്പനികൾ ഇതുവരെ വില ഉയർത്തിട്ടിയില്ല.
പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ എണ്ണ കമ്പനികൾ എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയെ ഒറ്റപ്പെടുത്തിയപ്പോൾ സഹായ ഹസ്തവുമായി എത്തുന്നതായിരുന്നു ഇന്ത്യൻ നിലപാട്. റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിലും മറ്റും ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതിൽ കേവലം 1 ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ എണ്ണവില 40 ശതമാനം വരെ ഉയർന്ന സാഹചര്യത്തിൽ, ഊർജ്ജ ബില്ലുകൾ ഉയരാതെ നോക്കാൻ ഇന്ത്യയ്ക്ക് മുൻപിലുള്ള ഏക വഴി പുടിൻ നൽകിയ വാഗ്ദാനം സ്വീകരിക്കുക എന്നതാണ്.
ആകർഷകമായ കിഴിവോടെ റഷ്യ ക്രൂഡോയിലും മറ്റും വാഗ്ദാനം ചെയ്യുമ്പോൾ അത് എടുക്കുന്ന കാര്യത്തിൽ സന്തോഷമേയുള്ളു എന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇത്തരത്തിൽ ഒരു വ്യാപാരം യാഥാർത്ഥ്യമാകുന്നതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. ഇൻഷുറൻസ്, ട്രാൻസ്‌പോർട്ടേഷൻ അതുപോലെ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ശുദ്ധി ഉറപ്പുവരുത്തുക തുടങ്ങിയവയ്ക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമായിരിക്കും ഈ ഇടപാട് യാഥാർത്ഥ്യമാവുക എന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇറാഖാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത്. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖിൽ നിന്നായിരുന്നു. സൗദി അറേബ്യയിൽ നിന്നും 16 ശതമാനം ഇറക്കുമതി ചെയ്തപ്പോൾ 11 ശതമാനവുമായി യു എ ഇ മൂന്നാം സ്ഥാനത്തായിരുന്നു. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങൾ.
അമേരിക്കയും നാറ്റോ സഖ്യവും പ്രഖ്യാപിച്ച ഉപരോധത്തിൽ നിന്നും റഷ്യയെ രക്ഷിക്കാൻ ഇതിനു മുൻപ് ചൈന ഇറങ്ങിയിരുന്നു. റഷ്യയിൽ നിന്നുള്ള ഗോതമ്പിന്റെ ഇറക്കുമതിക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ചൈന എടുത്തുകളഞ്ഞു. ഇത് ചൈനീസ് കർഷകരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയായിട്ടുകൂടി ചൈന ഇത്തരത്തിലൊരു തീരുമാനമെടുത്തത്, റഷ്യയെ സഹായിക്കുക എന്നതിനുപരി പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഇതിനോട് സമാനമായ നടപടിയായാണ് അവർ ഇന്ത്യയുടെ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തേയും കാണുന്നത്. ഇരു രാഷ്ട്രങ്ങളും റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ അപലപിച്ചിട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, റഷ്യൻ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയിൽ വോട്ടിനിട്ടപ്പോൾ ഇരു രാഷ്ട്രങ്ങളും വോട്ടിംഗിൽ നിന്നും മാറിനിന്ന കാര്യവും പാശ്ചാത്യ മാധ്യമങ്ങൾ അടിവരയിട്ടു പറയുന്നു. റഷ്യയുമായുള്ള ബന്ധം തകരാതിരിക്കാൻ ഇരു രാജ്യങ്ങളും ഞാണിന്മേൽ കളി നടത്തുകയാണെന്നു വരെ പാശ്ചാത്യ മാധ്യമങ്ങൾ പരിഹസിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യ റഷ്യയോട് അകലം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആയുധങ്ങൾക്കും മറ്റ് പടക്കോപ്പുകൾക്കുമെല്ലാം ഇന്ത്യ ഇന്നും റഷ്യയേയാണ് ആശ്രയിക്കുന്നത് എന്ന വസ്തുത അമേരിക്ക അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധം അത്ര നല്ല രീതിയിൽ അല്ലാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്കായി ഒരു റുപ്പീ-റൂബിൾ കൈമാറ്റ സംവിധാനം ഏർപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് ഡെസ്ക്