ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെയും ബാധിക്കുന്നു. ദുബായിൽ റിയൽ എസ്‌റ്റേറ്റ് മേഖലയാണ് വലിയ പ്രതിസന്ധി നേരിടുന്നത്.

ഈവർഷം പൂർത്തിയാക്കേണ്ട പദ്ധതികളിൽ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ വിപണിയിലെ മാന്ദ്യം പ്രതിസന്ധിയും കണക്കിലെടുത്തു സർക്കാർ ചെലവുകളും കമ്പനികൾ ശമ്പളവും കൂടുതൽ വെട്ടിക്കുറച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും.

സാമ്പത്തിക രംഗം ഗുരുതരമായ പ്രശ്‌നത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാൻ ഗൾഫ് രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നതിനാലാണ് സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ഗൾഫ് രാജ്യങ്ങൾ പാടുപെടുകയാണെന്നാണ് വിലയിരുത്തൽ. അസംസ്‌കൃത എണ്ണ ഉൽപാദിപ്പിച്ച് വിൽപന നടത്തി സാമ്പത്തിക മേഖല കാത്തു സൂക്ഷിച്ചിരുന്ന ഗൾഫ് മേഖലയിലെ രാജ്യങ്ങളെയാണ് ക്രൂഡ് ഓയിൽ വിലയിടിവ് ഏറെ ബാധിച്ചത്. ഒരു ഘട്ടത്തിൽ 140 ഡോളർ വില വന്നിരുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്നത്തെ വില 30 ഡോളറിനും താഴ്ന്ന നിലയിലാണ്.

ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. എന്നാൽ അവരുടെ ആഭ്യന്തരം ആവശ്യങ്ങൾക്കാണ് ഇത് അധികവും ഉപയോഗിക്കുന്നത്. എന്നാൽ ഗൾഫിന്റെ കാര്യം ഇതല്ല. ഇറക്കുമതിയിലൂടെ എണ്ണയെ ലാഭം ഉണ്ടാക്കാനാണ് അവർ ഉപയോഗിക്കുന്നത്. എണ്ണ ഉത്പാദത്തിന്റെ കാര്യത്തിൽ യുഎഇയ്ക്ക് ആറാം സ്ഥാനമാണുള്ളത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നത് മുപ്പത്തിനാല് ലക്ഷത്തി എഴുപത്തിയൊന്നായിരം ബാരൽ. എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഉത്പാദം കുറയ്ക്കുക എന്നത് മാത്രമാണ് ഗൾഫ് രാജ്യങ്ങൾക്ക് മുന്നിലുള്ള വഴി. എന്നാൽ ഇതും നയിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തന്നെ ആയിരിക്കും.

അഗോള തലത്തിൽ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക ഭദ്രതയെ എത്ര മാത്രം സാധീനിക്കും എന്നതിനെ ആശ്രയിച്ചാണ് പ്രവാസികളുടെ നിലനിൽപ്പ്. എണ്ണ വിലയിടുവ് ഗൾഫിന്റെ തളർച്ചയെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയെയും സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. എണ്ണ വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്ന് പറയുമ്പോഴും ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ മേഖല സ്തംഭനാവസ്ഥയിലേക്കാണ് പോകുന്നത്.പുതിയ തൊഴിലവസരങ്ങൾക്ക് മങ്ങലേറ്റിറ്റുണ്ട്. ഇത് ഗൾഫ് സ്വപ്നം കണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകും. നിലവിൽ ജോലി ചെയ്യുന്നവർക്കും തിരിച്ച് നാട്ടിലെത്തേണ്ട അവസ്ഥയുണ്ടാകും.

എണ്ണ വില കുറയുന്നതിലൂടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ഗൾഫ് രാജ്യങ്ങളും പലവിധത്തിലുള്ള പോംവഴിയാണ് നോക്കുന്നത്. നിലവിൽ അവശ്യനികുതി ഏർപ്പെടുത്തിയിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ നികുതി ഏർപ്പെടുത്തി സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ശ്രമമുണ്ട്. എന്നാൽ രാജ്യത്തെ പൗരന്മാർ ഏതു നിലക്ക് പ്രതികരിക്കുമെന്ന ഭയം സജീവമാണ്. ഈ സാഹചര്യത്തിൽ വിദേശികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്താനും മറ്റും ആലോചന തുടങ്ങിയിട്ടുണ്ട്. തീർത്തും പിടിച്ചു നിൽക്കാൻ സാധിക്കാത്ത ഘട്ടം വന്നാൽ ഇതുപോലെയുള്ള കാര്യങ്ങളിലേക്ക് ഏറെ താമസിയാതെ തന്നെ ഗൾഫ് രാജ്യങ്ങൾ എത്തിചേർന്നേക്കുമെന്നാണ് സൂചന.

അതിനിടെയാണ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ മേഖലയുടെ പ്രതിസന്ധി ചർച്ചയാകുന്നത്. ദുബായിലും പ്രതിസന്ധി രൂക്ഷമാണ്. പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തെ നേരിടാൻ ദുബായിക്ക് ആയിരുന്നു. അതും അവസാനിക്കുകയാണ്. ദുബായിലെ വൻകിട പദ്ധതികൾ മുടങ്ങുമ്പോൾ സർക്കാരിനും നികുതി നഷ്ടമുണ്ടാകും. ഇതോടെ അധിക ഭാരം ജനങ്ങളിലെത്തും. പ്രവാസികൾക്ക് ഇതോടെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യവും ഉണ്ടാകും. റിയൽ എസ്‌റ്റേറ്റ് വ്യാപാരം ഏറെ മുന്നോട്ട് പോവുകയായിരുന്നു ദുബായിൽ. ഈ മേഖലയിൽ ഏറെയും മലയാളികളും ആയിരുന്നു.

അതിനിടെയാണ് എണ്ണ വിലയിടിവ് പ്രതിസന്ധിയായെത്തിയത്. ഇതോടെ റിയൽ എസ്റ്റേറ്റ് കമ്പനികൾ പല പദ്ധികളും അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചതായാണു റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ജെഎൽഎൽ ഈ വർഷം 18200 റെസിഡൻഷ്യൽ യൂണിറ്റകളാണ് തീർക്കേണ്ടത്. എന്നാൽ ഇവയിൽ മുപ്പതു ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് കമ്പനിയുടെ നിലപാട്. അബുദാബിയിലും സ്ഥിതി മെച്ചമല്ല. അടുത്തകാലത്തായി ആരംഭിച്ച പല വികസന പദ്ധതികളും നിർത്തിവയ്ക്കുകയാണ് ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധിതന്നെയാണ് മുഖ്യ കാരണം. ലക്ഷ്യമിട്ടതിൽനിന്നു നാൽപതു ശതമാനം മാത്രമാണ് പൂർത്തിയാകുന്ന പദ്ധതികളുടെ തോത്.

എണ്ണവിലയിൽ വന്ന കുറവ് ഗൾഫ് രാജ്യങ്ങളെ കാര്യമായ രീതിയിൽ ബാധിക്കുന്നത് പ്രവാസികൾക്കു ദോഷകരമാകുമെന്നാണ് വിലയിരുത്തൽ. പലകമ്പനികളും ജോലിക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചിലർക്ക് അനിശ്ചിതകാലത്തേക്ക് അവധി നൽകിയിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചാണ് ചില കമ്പനികൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. പല പ്രവാസി ജോലിക്കാരുടെയും ശമ്പളം പകുതിയിലേറെ കുറച്ചിട്ടുണ്ട്. പലരും ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒന്നരവർഷത്തേക്കെങ്കിലും ഇപ്പോഴത്തെ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് താവളം മാറ്റാനുള്ള അലോചനകൾ പ്രവാസികൾ സജീവമാക്കുന്നത്.

ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നിലനിൽപുതന്നെ അപകടത്തിലാക്കുന്ന വിധമാണ് എണ്ണ വിലയിൽ കുറവുണ്ടായത്. ദുബായിൽമാത്രമാണ് വിലയിടിവിൽ ആദ്യം പിടിച്ചു നിന്നത്. എന്നാൽ അതും അവസാനിക്കുകയാണെന്നാണ് സൂചന. ഇതിന്റെ സൂചനകളാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി. ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലായി നൂറു കോടി അമേരിക്കൻ ഡോളറിന്റെ വികസനനിർമ്മാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യാവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. വാടക വൻതോതിൽ വർധിച്ചു. അടിസ്ഥാന സൗകര്യമേഖലയിലേക്കുള്ള പണമൊഴുക്കും കുറയും.

എണ്ണവിലയിൽ കുറവുവന്നതോടെ, പല രാജ്യങ്ങളും ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള നികുതിയിൽ വർധനവരുത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള പ്രവാസികളെയൊണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിരവധി കമ്പനികൾ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുകയാണ്. പലരും ഗൾഫിലെ ജോലിയിൽ പ്രതീക്ഷയർപ്പിച്ചു വൻതുക വായ്പയും മറ്റും എടുത്തവരാണ്. സാധാരണ തൊഴിലാളികളാണ് പലപ്പോഴും പിരിച്ചുവിടപ്പെടുന്നതോ ശമ്പളം കുറയ്ക്കപ്പെടുന്നതിനോ ഇരയാകുന്നത്. പലരുടെയും വായ്പാ തിരിച്ചടവുകൾ ഇതോടകം മുടങ്ങിയിട്ടുമുണ്ട്. ഇത് ആത്മഹത്യയുടെ വിക്കിലേക്ക് പലരേയും എത്തിക്കുകയാണ്.

പ്രതിസന്ധിയിൽ പടിച്ചു നിൽക്കാനാണ് ഗൾഫിലെ വിവിധ രാജ്യങ്ങൾ ആഭ്യന്തര എണ്ണ വില കുത്തനെ ഉയർത്തിയത്. നേരത്തെ യു.എ.ഇയും ഖത്തറും തങ്ങളുടെ രാജ്യത്തെ ആഭ്യന്തര എണ്ണ വില കൂട്ടിയിരുന്നു .ഇതേ മാർഗമാണ് സഊദി അറേബ്യയും സ്വീകരിച്ചത്. നിലവിലെ എണ്ണ വിലയിൽ നിന്നും 50ശതമാനത്തോളം ഇവിടെ വില വർദ്ധിപ്പിച്ചത്. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല. ആഗോളതലത്തിൽ എണ്ണ ശേഖരം കുമിഞ്ഞുകൂടിയതും പ്രതിസന്ധിയെ സ്വാധീനിച്ചു. വീണ്ടും എണ്ണ വിലകുച്ചു. എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇപ്പോഴും ഉത്പാദനം വെട്ടികുറക്കാൻ തീരുമാനിക്കാത്തതും ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിയായി. ഇറാനു മേലുള്ള ഉപരോധം നീക്കിയതും കാര്യങ്ങൾ വഷളാക്കി.