റിയാദ്: ഇടക്കാലത്ത് എണ്ണവിലയിലുള്ള മാന്ദ്യം മാറി ക്രൂഡോയിൽ വില മേലോട്ട് കുതിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിലോകം. എണ്ണവില കുത്തനെ താഴോട്ടുപോയതോടെ ഒരുകാലത്ത് പ്രവാസികളുടെ സ്വപ്‌നഭൂമിയായിരുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് വൻതോതിലുള്ള ഒഴുക്കാണ് ഇന്ത്യയിൽ നിന്നുൾപ്പെടെ ഉണ്ടായത്. പിന്നീട് ഇറാഖ് യുദ്ധകാലം വന്നതോടെ അശാന്തിയുടെ കാലമായി.

അതിന് ശേഷം പലഘട്ടത്തിലുള്ള തിരിച്ചടികളും സൗദിയിലെയും മറ്റും പ്രശ്‌നങ്ങളുമെല്ലാം പ്രവാസിലോകത്തിനുകൂടിയാണ് വലിയ തിരിച്ചടികൾ സൃഷ്ടിച്ചത്. ഇതിനൊപ്പം എണ്ണവില കുത്തനെ ഇടിഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി. ഗൾഫുകാരൻ എന്ന നിലയിൽ വലിയ സമ്പാദ്യമുണ്ടാക്കാമെന്ന നില മാറി. ഇതോടെ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ജോലിതേടി പോകുന്നവരുടെ എണ്ണവും കുറഞ്ഞു. സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യംതന്നെയാണ് തിരിച്ചടിയായത്.

എന്നാൽ ഇപ്പോൾ സ്ഥിതി മാറുന്നു. എണ്ണവില നിയന്ത്രണത്തിൽ എന്നും ഇടപെട്ടിരുന്ന അമേരിക്കയുടെ പിടിവിട്ടുപോകുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങൾ ശുഭപ്രതീക്ഷയിലാണ്. ഒപ്പം ഇവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളും. ആഗോള വിപണിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ്് ഓയിലിന് വൻ ഡിമാൻഡുണ്ടായിരുന്ന സുവർണകാലം തിരിച്ചുവരുന്ന ലക്ഷണമാണ് വിപണി കാണിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു. ഇതോടെ പഴയകാലത്തെ പോലെ സമ്പന്നതയുടെ നിറവിലേക്ക് ഗൾഫ് മേഖല എത്തുമെന്ന നിലയിൽ പ്രവാസികളും വലിയ ആഹ്‌ളാദത്തിലാണ്.

വിപണിയിലെ പ്രവചനങ്ങൾ സത്യമാക്കിക്കൊണ്ട് ക്രൂഡ് ഓയിൽ വില ഉയരത്തിലേക്ക് കുതിക്കുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ആഗോള വിപണിയിലെ ശരാശരിവില ബാരലിന് 75 ഡോളർ എന്ന നിലയിൽ ഉയർന്നുകഴിഞ്ഞു. എണ്ണയുൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തങ്ങളുടെ ഉൽപ്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതാണ് വില വർദ്ധനവിന് കാരണമായതെന്നാണ് വിലയിരുത്തൽ. എന്നാൽ സൗദി ഉൽപാദനം കുറച്ചിട്ടില്ല. എണ്ണവില ബാരലിന് 80 ഡോളർ കടന്നതിന് ശേഷം ഉത്പ്പാദനം കുറയ്ക്കുന്ന കാര്യം ചിന്തിക്കാമെന്നാണ് സൗദി അടക്കമുള്ള മറ്റു രാജ്യങ്ങളുടെ നിലപാട്.

സിറിയയിൽ വലിയ യുദ്ധസാധ്യത തുടരുന്നതിനാൽ അമേരിക്കയ്ക്ക് എണ്ണവില നിയന്ത്രണത്തിന്റെ പിടിവിട്ടുപോകുന്ന സ്ഥിതിയുണ്ട്. ഇതിനിടയിൽ അമേരിക്കയും സഖ്യരാജ്യങ്ങളും ചേർന്ന് സിറിയയിൽ വ്യോമാക്രമണം നടത്തിയതും റഷ്യ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതും ലോകത്തെ യുദ്ധഭീഷണിയുടെ വക്കിലെത്തിച്ചിട്ടുണ്ട്. അതോടെ അമേരിക്കൻ ഡോളറിന് ചെറിയ തോതിൽ മൂല്യമിടിയുകയും ചെയ്തു. ഇതെല്ലാമാണ് എണ്ണവില മേലോട്ടുകുതിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ.

സൗദി പുതിയ ഭരണാധികാരിയുടെ കീഴിൽ വൻ കുതിപ്പിന് തയ്യാറെടുക്കുകയാണ്. മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കാരങ്ങൾക്കൊപ്പം സാമ്പത്തിക രംഗത്തും ഉണർവുണ്ടാകുന്നു. തങ്ങളുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചുപിടിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിലെത്തിക്കാനാണ് സൗദി ശ്രമിക്കുന്നത്. ബജറ്റിൽ കൂടുതൽ തുക വകയിരുത്തുവാനും സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണയുൽപ്പാദന കമ്പനിയായ അരാംകോയെ കൂടുതൽ ശക്തിപ്പെടുത്താനും എണ്ണവില വർദ്ധിപ്പിക്കേണ്ടത് സൗദിക്ക് അത്യാവശ്യമാണ്. പെട്രോളിയം ഉത്പന്നങ്ങളെ കൂടുതൽ ആശ്രയിക്കാതെ പരമ്പരാഗത ഊർജ സ്‌ത്രോതസുകളിലേക്ക് മാറുമെന്നും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കൻ കമ്പനികൾ ഷെൽ ഗ്യാസ് ഉത്പാദനം തുടരുന്നത് എണ്ണവില ഉയരുന്നകാര്യത്തിൽ വെല്ലുവിളിയായി തുടരുന്നു.

പെട്രോളിയം ഉത്പാദന വിതരണ രംഗത്ത് സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ലോകശക്തികളായി നിന്നിരുന്ന സമയത്താണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അവിടം സ്വർഗഭൂമിയായത്. പൊന്നുവാരാൻ ഗൾഫിലെത്താൻ മത്സരിച്ച് ഏറെപ്പേർ കടൽകടന്ന കാലം. എന്നാൽ പെട്രോൾ വില ഇടിഞ്ഞതോടെ സൗദി സാമ്പത്തിക പ്രതിസന്ധിയിലേക്കും സ്വദേശിവത്കരണത്തിലേക്കും നീങ്ങി.

ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളി പ്രവാസി സമൂഹത്തെയാണ്. നിരവധി പേരാണ് ജോലി മതിയാക്കി നാട്ടിലേക്ക് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് മടങ്ങി. എന്നാൽ എണ്ണവില വീണ്ടും ഉയരുന്നതോടെ നിർമ്മാണ, വ്യവസായ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ക്കപ്പെടുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതോടൊപ്പം അനുബന്ധ മേഖലകളിലും വികസനമുണ്ടാകുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു.