പുനർജന്മത്തിൽ വിശ്വസിക്കുന്നവർ ലോകത്തേറെയുണ്ട്. എന്നാൽ, ശരീരത്തിന് മറ്റൊരു അവസരം കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ, മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുന്നത് കുറച്ച് കടന്ന ചിന്താഗതിയാണ്. എന്നാൽ, കോർമാക് സീഷോയിയെപ്പോലുള്ളവർ അതിൽ ഉറച്ച് വിശ്വസിച്ചിരുന്നു. മാത്രമല്ല, സീഷോയിയുടെ ശരീരം ഇപ്പോഴും വലിയൊരു തർമോസ് ഫ്‌ളാസ്‌കിൽ തലകീഴായി ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യുന്നു.

27-കാരനാ സീഷോയ് കഴിഞ്ഞവർഷം ഡിസംബറിലാണ് മരിച്ചത്. കൊളോൺ കാൻസറായിരുന്നു മരണ കാരണം. ജീവിച്ച് കൊതിതീരുംമുന്നെ രോഗത്തിന് അടിപ്പെട്ടപ്പോൾത്തന്നെ സീഷോയ് പുനർജന്മത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുന്ന ലാബിൽ എത്തിക്കാനുള്ള നടപടികളും പൂർത്തിയാക്കിയിരുന്നു. ക്രയോജനിക് ലാബിൽ ഇപ്പോൾ 14-കാരിയായ പെൺകുട്ടിയുടെ ശരീരവും ഇതുപോലെ സൂക്ഷിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇതേച്ചൊല്ലി പെൺകുട്ടിയുടെ മാതാപിതാക്കൾ കടുത്ത ഭിന്നതയിലായിരുന്നു. ഒടുവിൽ ഹൈക്കോടതി വിധിയുടെ സഹായതോടെയാണ് പെൺകുട്ടിക്ക് തന്റെ അന്ത്യാഭിലാഷം സാധിക്കാനായത്. മരിച്ചാലും 2000 വർഷത്തിനുശേഷം തനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമാണ് പെൺകുട്ടിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. പുനർജന്മത്തിൽ വിശ്വസിച്ച് ശരീരം സൂക്ഷിച്ചുവെക്കാൻ ആഗ്രഹിക്കുന്നവർ ഏറുകയാണെന്നും സൂചനനയുണ്ട്.

ലോകത്ത് ഇത്തരത്തിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മൂന്ന് കേന്ദ്രങ്ങളാണുള്ളത്. അരിസോണയിലെ ആൽക്കർ ലൈഫ് എക്സ്റ്റൻഷൻ ഫൗണ്ടേഷനാണ് അതിലേറ്റവും വലുത്. റഷ്യയിലെ ക്രയോറൂസ് സെന്ററും മിഷിഗണിലെ ക്രയോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടുമാണ് മറ്റു രണ്ടെണ്ണം. ക്രയോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സീഷോയിയുടെയും 14-കാരി പെൺകുട്ടിയുടെയും മൃതദേഹങ്ങൾ പുനർജന്മം കാത്തുകഴിയുന്നത്.

മൈനസ് 196 ഡിഗ്രി തണുപ്പിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഡോ. മാക്‌സ് മോറിന്റെ നേതൃത്വത്തിൽ എട്ടു ശാസ്ത്രജ്ഞരാണ് അരിസോണ സെന്ററിന്റെ മേതൃത്വം. 1100 പേർ ഈ കേന്ദ്രവുമായി ബന്ധപ്പെടുകയും മൃതദേഹം സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ലിൻഡ ചേംബർലെയ്‌നും ഭർത്താവ് ഫ്രെഡും ചേർന്ന് ആരംഭിച്ച കേന്ദ്രത്തെക്കുറിച്ച് കൂടുതൽ പേർ കേട്ടറിഞ്ഞ് എത്തുന്നുണ്ടെന്ന് ലിൻഡ പറയുന്നു. തന്റെ മൃതദേഹവും ശീതീകരിച്ച് സൂക്ഷിക്കണമെന്ന് 70-കാരിയായ ലിൻഡ ആവശ്യപ്പെട്ടിട്ടുണ്ട്.

ശീതീകരിച്ച് സൂക്ഷിച്ചിട്ടുള്ള മൃതശരീരങ്ങളെ രോഗികൾ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. മരണത്തിലേക്കുള്ള പ്രക്രീയ തടഞ്ഞിരിക്കുകയാണെന്നും ഒരു ദിവസം അത് വീണ്ടും പ്രവർത്തിച്ചുതുടങ്ങുമെന്നും ലിൻഡ പറയുന്നു. മാത്രമല്ല, ജീവനുള്ള ശരീരങ്ങൾപോലെതന്നെ ബന്ധുക്കൾക്കും മറ്റ് പ്രിയപ്പട്ടവർക്കും അവരെ വീണ്ടും കാണാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുമെന്നും അവർ അവകാശപ്പെടുന്നു.