ഡിജിറ്റൽ ലോകത്തെ നിസ്സാരമാറ്റങ്ങൾ പോലും സാങ്കൽപ്പിക നാണയങ്ങളായ ക്രിപ്‌റ്റോകറൻസിയിലുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്. കറൻസി എക്‌സ്‌ചേഞ്ച് മേഖലയിലെ സുപ്രധാന വെബ്‌സൈറ്റുകളിലൊന്ന് അവരുടെ പട്ടികയിൽനിന്ന് ദക്ഷിണകൊറിയയെ അബദ്ധവശാൽ നീക്കിയപ്പോൾ, ക്രിപ്‌റ്റോ കറൻസിയുടെ മൂല്യത്തിൽ 100 ബില്യൺ യൂറോയിലേറെയാണ് ഇടിവുണ്ടായത്. ഇതിലേറ്റവും കൂടുതൽ പ്രഹരമേറ്റത് ബിറ്റ്‌കോയിനാണെന്നും ഈ രംഗത്തെ വിഗദ്ധർ വിലയിരുത്തുന്നു.

കോയിന്മാർക്കറ്റ്ക്യാപ് എന്ന വെബ്‌സൈറ്റിൽനിന്നാണ് ദക്ഷിണകൊറിയയുടെ പേര് കുറച്ചുനേരത്തേയ്ക്ക് ഇല്ലാതായത്. ഏറ്റവും കൂടുതൽ ക്രിപ്‌റ്റോകറൻസി നിക്ഷേപമുള്ള രാജ്യമായ ദക്ഷിണ കൊറിയയിൽത്തന്നെ അതിന്റെ ചലനം അപ്രതീക്ഷിതമായ തോതിലായിരുന്നു. ക്രിപ്‌റ്റോകറൻസികളുടെ വിനിമയരംഗത്ത് ഏറ്റവും പ്രധാനപ്പെട്ട വെബ്‌സൈറ്റുകളിലൊന്ന് കൂടിയാണിത്. ദക്ഷിണ കൊറിയയുടെ പേര് നീക്കം ചെയ്തതിനെതത്തുടർന്നുണ്ടായ ആശയക്കുഴപ്പം അതിവേഗം തന്നെ വിപണിയിൽ പ്രതിഫലിച്ചു.

1300-ഓളം ക്രിപ്‌റ്റോകറൻസികൾ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റാണിത്. ഇവയുടെ മൂല്യം 830 ബില്യൺ ഡോളറിൽനിന്നും 20 ശതമാനത്തോളം ഇടിഞ്ഞ് 669 ബില്യൺ ഡോളറായി കുറഞ്ഞു. 17,000 ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിൻ ജനുവരി ഏഴുമുതൽ പ്രകടമായ നിലയിലേക്ക് പതിക്കാൻ തുടങ്ങി. രണ്ടുദിവസം കൊണ്ട് മൂല്യം 14,500 ഡോളറിലേക്കെത്തി. ക്രിപ്‌റ്റോകറൻസി മേഖലയിലാകെ 30 ശതമാനത്തോളം ഇടിവുണ്ടായതായി ബിറ്റ്‌മെക്‌സിലെ ക്രിപ്‌റ്റോകറൻസി വിഭാഗം തലവൻ ഗ്രെഗ് ഡയർ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ ന്യുയോർക്കിൽ ബിറ്റ്‌കോയിന് 7.1 ശതമാനം ഇടിവുണ്ടായി. ലക്‌സംബർഗ് ആസ്ഥാനമായുള്ള ബിറ്റ്‌സ്റ്റാംപിൽ 14,890 ഡോളറായി ബിറ്റ്‌കോയിന്റെ വില. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന മൂല്യമായ 14,000 ഡോളറിലേക്ക് അതുവീഴുകയും ചെയ്തു. വിർച്വൽ കറൻസി സേവനം നൽകുന്ന ആറ് ബാങ്കുകളിൽ പരിശോധന നടത്താൻ ദക്ഷിണ കൊറിയൻ അധികൃതർ തീരുമാനിച്ചുവെന്ന വാർത്തയും ക്രിപ്‌റ്റോകറൻസി മേഖലയിൽ വിലയിടിവിന് കാരണമായിരുന്നു.

ദക്ഷിണ കൊറിയൻ എക്‌സ്‌ചേഞ്ചുകളിൽനിന്ന് മൂന്ന് വലിയ ക്രിപ്‌റ്റോകറൻസികളാണ് ദക്ഷിണ കൊറിയയിൽ കോയിന്മാർക്കറ്റ്ക്യാപ്പ് ഒഴിവാക്കിയത്. ബിറ്റ്ഹംപ്, കോയിൻവൺ, കോർബിറ്റ് എന്നിവ. എന്നാൽ, ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വിലയിരുത്തുന്നതിൽ ആഗോളതലത്തിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ മാർഗങ്ങളുമായി ഇവ ഉടൻതന്നെ എക്‌സ്‌ചേഞ്ചിൽ ഉൾപ്പെടുത്തുമെന്നും കോയിന്മാർക്കറ്റ്ക്യാപ് പിന്നീട് വിശദീകരണം നൽകിയതോടെ, പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായി.

ദക്ഷിണകൊറിയയിൽനിന്ന് പുറത്തേക്ക് സാധാരണ പണം കൊണ്ടുപോകുന്നതിനും മറ്റും കടുത്ത നിയന്ത്രണമുള്ളതിനാൽ, ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നതിനാണ് കൂടുതൽപേർക്കും ഇപ്പോൾ താത്പര്യം. പണത്തിന്റെ വിനിമയത്തിന് കൂടുതലാളുകളും ക്രിപ്‌റ്റോകറൻസിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ, ഈ മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള രാജ്യമായി കൊറിയ മാറി. ക്രിപ്‌റ്റോകറൻസിയെ നിയന്ത്രിക്കാൻ ഏറ്റവും കൂടുതൽ നടപടികളെടുത്ത രാജ്യവും കൊറിയ തന്നെയാണ്.