- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: സിഎസ്ബി ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ സി വി ആർ രാജേന്ദ്രൻ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങൾ കാണിച്ചാണ് രാജേന്ദ്രൻ ഭരണസമിതിക്ക് കത്ത് നൽകിയത്. ഭരണസമിതി രാജി അംഗീകരിച്ചു.
മാർച്ചുവരെ തൽസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ എംഡി, സിഇഒയെ എന്നിവരെ നിയമിക്കാനുള്ള നടപടി ഭരണസമിതി ആരംഭിച്ചു. 2016മുതൽ ബാങ്കിന്റെ ഉന്നതപദവി വഹിക്കുകയായിരുന്നു രാജേന്ദ്രൻ. തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ ജനകീയത നഷ്ടപ്പെടുത്തിയതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുകയാണ്.
കനേഡിയൻ കമ്പനിയായ ഫയർഫാക്സ് ബാങ്ക് കൈയടക്കിയതിന് പിന്നാലെയാണ് ഈ ജനകീയ സ്ഥാപനം തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങിയത്. ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുകയും ദ്രോഹിക്കുകയും ചെയ്യുന്നത് ബാങ്കിൽ പതിവായിരുന്നു. നിരവധിപേരെ പിരിച്ചുവിട്ട്, തുച്ഛ ശമ്പളത്തിന് താൽക്കാലികക്കാരെ കുത്തിനിറച്ചു.
അതേസമയം, വൻതുക ശമ്പളം നൽകി നിരവധി ഉന്നത ഉദ്യോഗസ്ഥരെ ബാങ്കിൽ നിയമിച്ചു. ഇതോടെ, കാലങ്ങളായി ബാങ്കിനെ ആശ്രയിച്ചിരുന്ന ഇടപാടുകാർ അകന്നു. പുതിയ പരിഷ്‌കാരങ്ങൾ ബാങ്കിൽ നടപ്പാക്കിയിട്ടും, ബാങ്കിന്റെ ഓഹരി 357 രൂപയിൽനിന്ന് 231 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞത് മാനേജ്മെന്റിനെ അമ്പരപ്പിച്ചിരുന്നു. ബാങ്കിൽ ഉയർന്നുവന്നിട്ടുള്ള മുഴുവൻ പ്രശ്നങ്ങളും, ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് സിഎസ്ബി ബാങ്ക് എംഡി രാജിവച്ചത്.