തിരുവനന്തപുരം: സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവകയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയുമായി സഭ. സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവകയിൽ പൗരോഹിത്യ ശുശ്രൂഷയ്ക്ക് പട്ടം നൽകിയിരുന്ന രണ്ട് വൈദികരുടെ തത്സ്ഥാനം സഭ പിൻവലിച്ചത് പ്രതികാര നടപടിയുടെ ഭാഗമാണ്. സി.എസ്‌ഐ. മോഡറേറ്റർ എ.ധർമരാജ് റസാലത്തിന്റെ കടുത്ത വിമർശകർക്കാണ് സ്ഥാനം നഷ്ടമാകുന്നത്.

ഡി.എൻ.കാൽവിൻ കിസ്റ്റോ, ജെ.എസ്.ശേം ജപദാസ് എന്നിവരുടെ പൗരോഹിത്യ സ്ഥാനമാണ് പിൻവലിച്ചത്. ഇവർക്ക് ദക്ഷിണ കേരള മഹായിടവകയിലോ, മറ്റേതെങ്കിലും സഭാവിഭാഗത്തിലോ അവർ വഹിച്ചിരുന്ന സ്ഥാനമോ, അധികാരാവകാശങ്ങളോ ഉണ്ടായിരിക്കില്ലെന്ന് സി.എസ്‌ഐ. മോഡറേറ്റർ എ.ധർമരാജ് റസാലം അറിയിച്ചു. എം.എം. ചർച്ച് സംരക്ഷിക്കുക, വിശ്വാസികളെ മർദിച്ചവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹായിടവക സംയുക്ത സമിതി സംഘടിപ്പിച്ച പ്രതിഷേധ ജാഥയിൽ പങ്കെടുത്തവരാണ് ഈ രണ്ട് പേരും. അതുകൊണ്ടാണ് അതിവേഗ തീരുമാനം. വിമതരെ ഇനി വൈദികരായി സഭ അംഗീകരിക്കില്ല.

സഭാനിയമങ്ങളുടെ ലംഘനം, സഭയുടെ ധനത്തിന്റെ ദുരുപയോഗം, അനുസരണക്കേട് തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് നടപടി. ദക്ഷിണ കേരള മഹായിടവക ഡയോസിഷൻ കോടതിയാണ് ആദ്യം വിധിച്ചത്. ചെന്നൈയിലെ ദക്ഷിണേന്ത്യൻ സഭാ സിനഡിന്റെ കോടതിയും ഈ വിധി അംഗീകരിച്ചിരുന്നു. തുടർന്നാണ് ഇവരുടെ പൗരോഹിത്യ പദവി പിൻവലിച്ചത്. 2021 ഓഗസ്റ്റിൽ മഹായിടവക ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാൽ നാളിതുവരെ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് ആരോപി്ക്കുന്നവർക്കൊപ്പമാണ് പുറത്താക്കപ്പെട്ട രണ്ട് വൈദികരും.

അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ അവകാശമില്ല. എം.എം. ചർച്ച് കത്തീഡ്രലാക്കിയ വിഷയങ്ങളിൽ ഉൾപ്പെടെ നിയമവിരുദ്ധമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജനാധിപത്യത്തിനായി നിലകൊണ്ട സഭാ ശുശ്രൂഷകരെ സസ്പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുൻ മഹായിടവക ട്രഷറർ റവ. ഡി.എൻ.കാൽവിൻ കിസ്റ്റോയായിരുന്നു എംഎം ചർച്ച് കത്തീഡ്രലാക്കിയതിനെതിരെ നടന്ന പ്രതിഷേധ ജാഥാ ക്യാപ്റ്റൻ. റവ. ശേം ജപദാസും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

കാരക്കോണം മെഡിക്കൽ കോളേജ് കേസിലും ബിഷപ്പിനെ കുടുക്കുന്നതായിരുന്നു കാൽവിൻ കിസ്റ്റോയുടെ ഇടപെടൽ. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം സി.എസ്‌ഐ മെഡി. കോളേജിന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് 2018 നവംബർ 24 ന് കോളേജ് പ്രിൻസിപ്പൽ സമിതിക്കു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. പിന്നീട്, 2019 മെയ്‌ 15 ന് സി.എസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയർമാൻ ഡോ. ആർ. ജ്ഞാനദാസ്, സെക്രട്ടറി ഡോ. പി.കെ. റോസ്ബിസ്റ്റ്, ട്രഷറർ ഡോ.ഡി.എൻ.കാൽവിൻ കിസ്റ്റോ എന്നിവർ രാജേന്ദ്രബാബു സമിതിക്കും സിനഡിനും നൽകിയ സംയുക്ത പ്രസ്താവനയിലും ഈ പണം കോളേജിന്റെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തിക തട്ടിപ്പിന് സഭാ മേധാവിയെന്ന നിലയിൽ ധർമ്മരാജ് റസാലം നടത്തിയ ഗൂഢാലോചനയിലേക്കും കോടികളുടെ അഴിമതി ഇടപാടുകളിലേക്കും വെളിച്ചം വീശുന്നതായിരുന്നു സഭയുടെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർ തന്നെ സംയുക്തമായി നൽകിയ ഈ കത്ത് എന്നും വിലയിരുത്തലെത്തി. പിന്നീട് ഈ കേസിൽ ക്രൈംബ്രാഞ്ച് ധർമ്മരാജ് റസാലത്തെ കുറ്റ വിമുക്തനാക്കുന്ന തരത്തിലേക്ക് അന്വേഷണം എത്തിച്ചു.

അങ്ങനെ ധർമ്മരാജ് റസാലത്തിനെതിരെ പ്രതികരിച്ചവരിൽ പ്രധാനിയാണ് കാൽവിൻ കിസ്റ്റോ. ദക്ഷിണ കേരള മഹാ ഇടവകയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ട് മെഡിക്കൽ മിഷൻ ട്രഷറർ ആയിരുന്ന വൈദികനായിരുന്നു കാൽവിൻ കിസ്റ്റോ.