കോഴിക്കോട്: സീറോ മലബാർ സഭാ കർദിനാൾ മാർ ആലേഞ്ചേരിക്കെതിരെ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങൾ ക്രൈസ്തവ വിശ്വാസികളെ കൂടുതൽ ജാഗ്രത്താക്കിയിരക്കുന്നെന്ന് വ്യക്തമായ സൂചന നൽകി കോഴിക്കോട്ട് സി.എസ്.ഐ സഭയുടെ ഭൂമി ഇടപാടിനെതിരെ ബിഷപ്പിനെ തടഞ്ഞ് പ്രതിഷേധം.

കോഴിക്കോട് നഗരമധ്യത്തിൽ സി.എച്ച് മേൽപ്പാലം ജംങ്ങ്ഷിനിലെ ഭൂമി കുറഞ്ഞ നിരക്കിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന് വാടകക്ക് നൽകി വൻ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് സി.എസ്.ഐ മലബാർ രൂപത ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടറിനെയാണ് ഒരുവിഭാഗം വിശ്വാസികൾ ഉപരോധിച്ചത്. ഭൂമിയിടപാട് വിവാദത്തെ തുടർന്നുള്ള പ്രത്യേക എക്‌സിക്യൂട്ടിവ് യോഗത്തിന് കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള ഓഫിസിൽ എത്തിയ ബിഷപ്പിനെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.

സി.എസ്.ഐ ഓഫിസിന് സമീപത്തുള്ള 64 സെന്റ് സ്ഥലം മാസങ്ങൾക്ക് മുമ്പ് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് വാടകക്ക് നൽകിയിരുന്നു. ഇവിടെ 24000 സ്‌ക്വയർഫീറ്റിൽ വലിയ വസ്ത്ര സ്ഥാപനം ആരംഭിക്കുകയും ചെയ്തു. അഡ്വാൻസായി 2 ലക്ഷവും വാടകയായി 1.75ലക്ഷം രൂപയുമാണ് കരാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇടവകയുടെ എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തി ബിഷപ്പിന്റെ മൗനാനുവാദത്തോടെ ഇടവകയുടെ ട്രഷററും മുൻ പ്രോപ്പർട്ടി സെക്രട്ടറിയും വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സംയുക്ത സമരസമിതിയെന്ന പേരിൽ വിശ്വാസികൾ ഓഫിസ് ഉപരോധിക്കുകയായിരുന്നു.

സ്ഥലം ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സമരക്കാർ ആരോപിച്ചു. കരാറിൽ അപാകതകൾ ഉയർന്നപ്പോൾ ഇതുസംബന്ധിച്ച് ജനുവരിയിൽ ബിഷപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ബിഷപ്പ് മറുപടി നൽകിയില്ലെന്നുംഇവർ ചൂണ്ടിക്കാട്ടി. ഇന്ന് പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടയിലാണ് സമരസമിത പ്രവർത്തകർ ഉപരോധം നടത്തിയത്.

മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ സംഭവത്തിന്മേൽ അന്വേഷണ കമ്മിഷനെ നിയമിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് സമരസമിതി പ്രവർത്തകർ പിരിഞ്ഞ് പോവുകയായിരുന്നു. സംയുക്ത സമരസമിതി പ്രവർത്തകരായ ജെയിംസ് സെൽവരാജ്, ഏണസ്റ്റ് ഇടപ്പള്ളി തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.വിൽക്കുകയോ പാട്ടത്തിന് നൽകുകയോ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് കൈമാറ്റം നടന്നതെന്നും സമരക്കാർ ആരോപിച്ചു.

എന്നാൽ, യാതൊരു നിയമലംഘനം നടന്നിട്ടില്ലെന്നാണ് സഭ ഭാരവാഹികളുടെ നിലപാട്. ടെൻഡർ നടപടികളിലൂടെയാണ് സ്ഥലം വാടകക്ക് കൊടുത്തത്. വാടക ഇപ്പോൾ കൂട്ടിയിട്ടുമുണ്ട്. സംഭവം അന്വേഷിക്കാൻ രൂപീകരിച്ച കമീഷന് റിപ്പോർട്ട് നൽകാൻ രണ്ടുമാസം കൂടി സമയം അനുവദിക്കുമെന്ന ബിഷപ്പിന്റെ ഉറപ്പ് പരിഗണിച്ച് ഉച്ചയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

അതേസമയം സി.എസ്.ഐ സഭയിലെ അഴിമതിയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരക്കുന്നതെന്നും വിശ്വാസികളിൽ ചിലർ ആരോപിക്കുന്നു.കഴിഞ്ഞ അഞ്ചുവർഷത്തെ ഭൂമിയിടപാടുകളും മറ്റും പരിശോധിച്ചാൽ സീറോ മലബാർ സഭയിലെ അഴിമതിക്ക് സമാനമായ കാര്യങ്ങൾ ഇവിടെയുമുണ്ടെന്നാണ് പറയുന്നത്്.ഭൂമി വിൽപ്പന തൊട്ട് വിദ്യാഭ്യാസ്ഥാപനങ്ങളിലെ അഴിമതിവരെ വരും ദിവസങ്ങളിൽ പുറത്തുകൊണ്ടുവരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

അതേസമയം ആരോപണങ്ങൾകാര്യങ്ങൾ പഠിക്കാതെയാണെന്നും സഭക്ക് യാതൊരു നഷ്ടവും ഈ ഇടപാടുകൊണ്ട് ഉണ്ടായിട്ടില്ലെന്നുമാണ് ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടറിനെ അനുകൂലിക്കുന്നവർ പറയുന്നത്.