തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. പ്രകാശത്തിന്റെയും വിവിധ വർണ്ണത്തിലുള്ള അലങ്കാര ദീപങ്ങളാലും ലോകം അലങ്കരിക്കപ്പെടുമ്പോൾ സ്വന്തം വീട്ടിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് 72കാരനായ കോട്ടയം സ്വദേശി ടി.സി മാത്യു എന്ന വയോധികൻ.

വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നതാകട്ടെ സിഎസ്ഐ സഭയും. ഏവരിലും പ്രകാശം പരത്തുന്ന പ്രവർത്തികൾ ചെയ്യണമെന്ന് ബൈബിൾ നോക്കി വായിച്ചിട്ട് തൊട്ടടുത്ത പുരയിടത്തിൽ താമസിക്കുന്നവനെ ഇരുട്ടിലാക്കികൊണ്ടുള്ള നടപടിയാണ് സഭയുടെ ഭാഗത്ത് നിന്നുമുള്ളത്.

ടിസി മാത്യുവും സഹോദരിയുമാണ് ഇവിടെ തകര ഷീറ്റുകൾ കൊണ്ട് മേഞ്ഞ ഒരു കൊച്ചു കുടിലി്ൽ താമസിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളുടെ കാലം മുതൽ തന്നെ വീടിനുള്ളിൽ കറന്റ് എത്തിക്കുവാൻ ഈ കുടുംബം ശ്രമിച്ചിരുന്നു. എന്നാൽ എല്ലായ്‌പ്പോഴും തടസ്സവുമായി നിൽക്കുകയാണ് സഭ അധികൃതർ. കറന്റ് കണക്ഷൻ ലഭിക്കുന്നതിനുള്ള യോഗ്യതയുണ്ടെന്ന് ജില്ലാ കളക്ടറും കെഎസ്ഇബി ജീവനക്കാരും ഒരുപോലെ പറയുന്നുണ്ടെങ്കിലും കണക്ഷൻ മാത്രം ലഭിക്കുന്നില്ല.

കളക്ടർ, കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി അധികാരപ്പെട്ടവർ എല്ലാം ഈ വീട്ടിൽ വൈദ്യുതി നൽകണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ സിഎസ്‌ഐ ട്രസ്റ്റിന്റെ പിടിവാശി ഈ ഉത്തരവ് നടപ്പിലാക്കാൻ തടസ്സമാവുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും കേസുകളുമാണു സിഎസ്‌ഐ സഭയുടെ പിടിവാശിക്ക് കാരണമെന്നാണ് ആരോപണം. വർഷങ്ങളായി ഈ വസ്തുവിൽ താമസിക്കുന്ന കുടുംബത്തിന് കുടികിടപ്പ് അവകാശമുണ്ട്.

എന്നാൽ ഇവർ വാടകക്കാരാണെന്നാണ് സഭാ നേതൃത്വം പറയുന്നത്. ഈ കാരണം നിരത്തി ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്യുവിനേയും സഹോദരിയെയും ഒഴിപ്പിച്ചെടുക്കുന്നതിനായി റെന്റൽ കൺട്രോൾ കോടതിയിൽ സഭ ഒരു കേസും മാത്യുവിനെതിരെ ഫയൽ ചെയ്തിരുന്നു. എന്നാൽ തന്റെ അച്ഛനമ്മമാരുടെ കാലം മുതൽ ഇവിടെ താമസിക്കുന്ന മാത്യുവിന് അനുകൂലമായ വിധി ലഭിക്കുകയായിരുന്നു. കറന്റിനായി പല തവണ ശ്രമം പിന്നെയും തുടർന്നെങ്കിലും തർക്കം നിലനിൽക്കുന്നതിനാൽ സഭയിൽ നിന്നും ലഭിക്കേണ്ട കൺസെന്റ് ലെറ്റർ ലഭിച്ചതുമില്ല.

72 വയസ്സും 69 വയസ്സുമാണ് മാത്യുവിനും സഹോദരിക്കും. അവിവാഹിതരായതിനാൽ തന്നെ ഇവരുടെ കാലശേഷം വേറെ അവകാശികളുമില്ല, എന്നിട്ട് പോലും പ്രായമായ രണ്ട് പേരോട് ദയ കാണിക്കാൻ സഭ തയ്യാറാകുന്നില്ല. ടിസി മാത്യു ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നയാളാണ്. വീട്ടിൽ വൈദ്യുതിയില്ലാത്തത് കാരണം തൊട്ടടുത്ത വീട്ടിലാണ് റിപ്പയർ ചെയ്ത സാധനങ്ങൾ കൊണ്ട് പോയി പരിശോധിക്കുന്നത്. അയൽവാസികൾ വീട്ടിലില്ലാത്ത അവസ്ഥയാണെങ്കിൽ അന്ന് പണിയും നടക്കില്ല. മറ്റാരും സഹായത്തിനില്ലാത്ത ഇവർക്ക് രാത്രി കാലങ്ങളിൽ വൈദ്യുതി ഇല്ലാത്തത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല.

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. സിഎസ്‌ഐ മദ്ധ്യകേരള മഹാ ഇടവക അധികാരികളുടെ പ്രതികാര നടപടിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഭൂമി സംബന്ധമായ വിഷയത്തിലെ തർക്കങ്ങളാണ് ഈ പ്രതികാര നടപടിക്ക് കാരണമെന്നാണ് ആക്ഷേപം. വെളിച്ചം ലഭിക്കുന്നതിന് അധികാരികളുടെ കനിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടി.സി മാത്യുവെന്ന വയോധികനും സഹോദരിയും ഇപ്പോഴും.

ടി സി മാത്യു എന്ന എഴുപത്തിരണ്ടുകാരന്റെ വീട്ടിലേയ്ക്കുള്ള വഴി നാലടി വീതിയുണ്ടായിരുന്നു. എന്നാൽ നടവഴി ഇപ്പോൾ ഒറ്റയടിപ്പാതയെക്കാൾ ശോഷിച്ചിരിക്കുന്നു.സമ്പൂർണ്ണ വൈദ്യുതീകരണമെന്ന സ്വപ്നത്തിലേക്ക് നാട് കുതിക്കുമ്പോൾ കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കുടുംബത്തിന് ഇപ്പോഴും ആശ്രയം മണ്ണെണ്ണ വിളക്ക് തന്നെ.ലോകത്തിന്റെ പ്രകാശമാണെന്ന് പറഞ്ഞവന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്നവരാണ് ഒരു കുടുംബത്തിന്റെ വെളിച്ചം നിഷേധിക്കുന്നത്.