തകോടികൾ വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സമൂഹത്തിൽ ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. പരിസ്ഥിതി സംരക്ഷണവും മറ്റ് ബോധവൽക്കരണ പ്രവർത്തനങ്ങളുമൊക്കെ അതിന്റെ ഭാഗമായി വരും. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്ന സാമൂഹിക ബാധ്യത നിറവേറ്റുന്നതിൽ നമ്മുടെ വൻകിട സ്ഥാപനങ്ങൾ തത്പരരാണോ? 2016 ജൂലൈ മുതൽ ഇക്കൊല്ലം മാർച്ച് വരെ, സാമൂഹിക ബാധ്യത നിറവേറ്റാത്തതിന് കേന്ദ്ര സർക്കാർ 1018 വൻകിട സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എന്നറിയുമ്പോൾ, ആ താത്പര്യം വ്യക്തമാണ്.

സർക്കാരിൽനിന്ന് കോടികളുടെ ഇളവുകളും മറ്റും സ്വന്തമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയൊക്കെ. ഇതിൽ ഡിഎൽഎഫ് ഇൻവെസ്റ്റ്‌മെന്റും അദാനി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പേഴ്‌സും പോസ്‌കോ ഇന്ത്യയും വൊഡാഫോണുമൊക്കെയുണ്ട്. പൊതുമേഖലാ സ്ഥാനപങ്ങളായ നാഷണൽ ഇന്റർനെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, നോർത്തേൺ കോൾഫീൽഡ്‌സ്, എൻഎച്ച്ഡിസി, രാജസ്ഥാൻ റിന്യൂവബിൾ എനർജി കോർപറേഷൻ എന്നിവയും നോട്ടീസ് ലഭിച്ചവയിൽപ്പെടും.

മാർത്തോമ സഭയ്ക്ക് കീഴിലുള്ള മലബാർ മാർത്തോമ സിറിയൻ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റിക് അസോസിയേഷനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അസസോസിയേഷന്റെ ജനറൽ സെക്രട്ടരി ജോർജ് വർഗീസ് 2016 ഓഗസ്റ്റ് മൂന്ന് നോട്ടീസ് കൈപ്പറ്റി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസും സാമൂഹിക ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് കേന്ദ്രം വിലയിരുത്തുന്നു. 2013-ലെ കമ്പനീസ് ആക്ട് പ്രകാരമാണ് സി.എസ്.ആർ നിർബന്ധമാക്കിയത്. കമ്പനി നിയമത്തിലെ 135-ാം വകുപ്പനുസരിച്ച് 500 കോടിക്കുമേൽ ആസ്തിയുള്ള സ്ഥാപനങ്ങളും 1000 കോടിക്കുമേൽ ടേണോവർ ഉള്ള സ്ഥാപനങ്ങളും അഞ്ചുകോടിക്കുമേൽ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളും സി.എസ്.ആർ.വ്യവസ്ഥകൾ പാലിക്കണം.

കമ്പനിയുടെ മൂന്ന് ഡയറക്ടർമാരെ ഉൾപ്പെടുത്തി സി.എസ്.ആർ കമ്മിറ്റി രൂപവൽക്കരിക്കുകയും ആകെ ലാഭത്തിന്റെ രണ്ടുശതമാനമെങ്കിലും അതിനായി വിനിയോഗിക്കണമെന്നും ഈ നിയമത്തിൽ പറയുന്നു. കമ്പനിയുടെ സി.എസ്.ആർ നയത്തെക്കുറിച്ചും അതനുസരിച്ച് നടത്താൻ പോകുന്ന പരിപാടികളെക്കുറിച്ചും വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിരിക്കണെമെന്നും വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജനം, ശിശുമരണ നിരക്ക് കുറയ്ക്കൽ, ഗർഭിണികളുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ കമ്പനി പ്രവർത്തനങ്ങൾ നടത്തണെമന്നാണ് നിർദ്ദേശം.

വൻകിട ആശുപത്രി ശൃംഖലയായ ഫോർട്ടിസ്, ടെലിവിഷൻ ചാനലുകളുടെ സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ, ദൈനിക് ഭാസ്‌കർ പത്രമുൾപ്പെടെയുള്ള പ്രസിദ്ധീകരിക്കുന്ന ഭാസ്‌കർ ഇൻഡസ്ട്രീസ്, ഉരുക്കുവ്യവസായികളായ ജിൻഡാൽ സ്റ്റെയിൻലെസ് സ്റ്റീൽവേ ലിമിറ്റഡ്, വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ ഹോൾഡിങ്‌സ് തുടങ്ങിയവയും നോട്ടീസ് ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്.