ർഷങ്ങളായി തുടർന്ന് വരുന്ന കടുത്ത പകയും ശത്രുതയും അവസാനിപ്പിച്ച് ഒബാമയുടെ കാലത്തായിരുന്നു അമേരിക്കയും ക്യൂബയും തമ്മിൽ നല്ല തോതിലുള്ള ബന്ധം വളർന്ന് വന്നിരുന്നത്. എന്നാൽ അതെല്ലാം താൽക്കാലികമായി മാത്രമായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ക്യൂബയിലെ 19 അമേരിക്കൻ ഡിപ്ലോമാറ്റുകൾക്ക് മാരകമായ രോഗം ബാധിച്ചതാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വീണ്ടും വഷളാകാൻ വഴിയൊരുക്കിയിരിക്കുന്നത്. ക്യൂബ മനഃപൂർവം ഒരു സോണിക് ഡിവൈസ് ഉപയോഗിച്ച് തങ്ങളുടെ നയതന്തജ്ഞന്മാർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാർ പക തീർക്കുകയാണെന്നാണ് ഇതിനോട് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. എന്നാൽ അത് നിഷേധിച്ച് ക്യൂബ രംഗത്തെത്തിയിട്ടുമുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ ഡിവൈസ് ഉപയോഗിച്ച് ഹവാനയിലെ എംബസിയിൽ വച്ച് ക്യൂബ ഏറ്റവും അവസാനം ആക്രമണം നടത്തിയതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതിലൂടെ മൂന്ന് അമേരിക്കൻ ഡിപ്ലോമാറ്റുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ 2016നവംബറിലും 2017 ഏപ്രിലിനും ഇടയിൽ ക്യൂബ ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങൾ നടത്തിയെന്നും യുഎസ് കുററപ്പെടുത്തുന്നു. അവയിലൂടെ 16 ഡിപ്ലോമാറ്റുകൾക്കായിരുന്നു കേൾവി തകരാറും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നത്. ഓഗസ്റ്റിലെ ആക്രമണം കൂടിയുണ്ടായതോടെ മൊത്തം 19 നയതന്ത്രജ്ഞർക്ക് പ്രശ്‌നമുണ്ടായിരിക്കുകയാണ്.

ഇവയിലൂടെ കേൾവി തകരാറിന് പുറമെ ചിലർക്ക് തലച്ചോറിനും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ആക്രമണം കൃത്യമായി തിരിച്ചറിഞ്ഞിട്ടുമില്ല. ഏറ്റവും പുതിയ ആക്രമണം നടന്ന തീയതി തിരിച്ചറിഞ്ഞിട്ടില്ല. ഈ ഗണത്തിൽ പെട്ട എല്ലാ ആക്രമണങ്ങളും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അന്വേഷിക്കുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്താനുണ്ടെന്നാണ് ഡിപ്പാർട്ട്‌മെന്റ് ആശങ്കപ്പെടുന്നത്. എംബസിയിലുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മെഡിക്കൽ പ്രഫഷണലുകൾ അന്വേഷിച്ച് വരുന്നുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവായ ഹീതർ നൗയെർട്ട് പ്രതികരിച്ചിരിക്കുന്നത്.

ഈ ആക്രമണം വെളിച്ചത്ത് വന്നതിനെ തുടർന്ന് വാഷിങ്ടണിൽ നിന്നും രണ്ട് ക്യൂബൻ ഡിപ്ലോമാറ്റുകളെ നാട് കടത്തിയിരുന്നു. ക്യൂബയും അമേരിക്കയും തമ്മിൽ ദശാബ്ദങ്ങൾ നീണ്ട പ്രശ്‌നങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് 2015ലായിരുന്ന ഹവാനയിലെ അമേരിക്കൻ എംബസി വീണ്ടും തുറന്നിരുന്നത്. തങ്ങൾക്ക് കടുത്ത തലവേദനയും ക്ഷീണവും തോന്നുന്നുവെന്ന് ഹവാനയിലെ യുഎസ് ഡിപ്ലോമാറ്റുകൾ പരാതിപ്പെട്ടിരുന്നു.