ആലപ്പുഴ: പൊലീസിനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടുന്ന നിരവധി സീനുകൾ സിനിമയിലും മറ്റും കണ്ടിട്ടുണ്ട്. സമാനമായ സംഭവത്തിനാണ് ഇന്ന് കായംകുളം റെയിൽവെസ്റ്റേഷൻ സാക്ഷിയായത്. പൊലീസ് കസ്റ്റസിയിലുണ്ടായിരുന്ന പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

പൊലീസുകാരെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. എന്നാൽ വീഴ്ചയിൽ പരിക്കേറ്റിട്ടും പ്രതികളെ പിന്തുടർന്ന് പിടികൂടി പൊലീസുകാർ.

ഇന്ന് വൈകിട്ട് കായംകുളം റെയിൽവേ സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ബൈക്ക് മോഷണമുൾപ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ തഴവാ സ്വദേശികളായ ദിനു ഭവനത്തിൽ ദിനു രംഗൻ (18), കൂട്ടുങ്കൽ തറയിൽ ശ്രീജിത്ത് (19) എന്നീ പ്രതികളാണ് അകമ്പടി ഡ്യൂട്ടിക്കു പോയ പൊലീസുകാരെ ട്രെയിനിൽ നിന്നും തള്ളിയിട്ട് രക്ഷപെടാൻ ശ്രമിച്ചത്.

മോഷണ കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിന് ശേഷം ആലപ്പുഴയിൽ നിന്നും തിരികെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ടോയ്‌ലറ്റിൽ നിന്നും ഇറങ്ങിയ പ്രതികൾ വാതിലിനു മുന്നിൽ നിന്നിരുന്ന പൊലീസുകാരെ തള്ളിയിട്ട് ഓടുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും പിറകേ ഓടി പൊലീസുകാർ പിടികൂടി.

വിവരമറിഞ്ഞ് കായംകുളം സ്റ്റേഷനിൽ നിന്നും എസ്.ഐ നെറ്റൊയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ഇവരെ വീണ്ടും റിമാൻഡ് ചെയ്തു. സംഭവത്തിൽ തിരുവനന്തപുരം എ.ആർ.ക്യാമ്പിലെ- സിപിഓ ബിനുകുമാറിന് കൈമുട്ടിനു സാരമായി പരിക്കുപറ്റി.

ബൈക്ക് മോഷ്ടാക്കളായ യുവാക്കളെ കഴിഞ്ഞ മാസം 23നാണ് വാഹന പരിശോധനയ്ക്കിടെ ആലപ്പുഴ കുത്തിയതോട് എസ്.ഐ പി.ജി മധുവും സംഘവും പിടികൂടിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ പോകുമ്പോഴാണ് മോഷണം നടത്തിയിരുന്നത്.

റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ കേബിൾ അറുത്തുമാറ്റി സ്റ്റാർട്ട് ചെയ്താണ് കടത്തികൊണ്ടു പോകുന്നത്. മോഷ്ടിക്കുന്ന ബൈക്കുകൾ ഇവരുടെ വീടിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ താഴ്‌ത്തി വച്ച് മൂന്ന് നാല് ദിവസത്തിന് ശേഷം ആക്രിവിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.