ഫിലാഡൽഫിയ: കരുണയുടെ ജൂബിലി വർഷത്തിൽ ഫിലഡൽഫിയ അതിരൂപതയുടെ അജപാലനപരിധിയിൽ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് അതിരൂപത സാസ്‌കാരിക പൈതൃക ദിവ്യബലിയും പ്രവാസി കത്തോലിക്കരുടെ സംഗമവും നടത്തുന്നു.

മാർച്ച് 19നു (ശനി) ഉച്ചകഴിഞ്ഞു 1.30 മുതൽ ആണ് സാംസ്‌കാരികഘോഷ യാത്രയും കൾച്ചറൽ ഹെറിറ്റേജ് ബലിയും അരങ്ങേറുക.

അതിരൂപതയുടെ ആസ്ഥാന ദേവാലയവും കരുണയുടെ ജൂബിലി വർഷത്തിൽ പ്രാർത്ഥനാപൂർവം പ്രവേശിക്കുന്നവർക്കു പൂർണ ദണ്ഡവിമോചനം ലഭിക്കുന്ന തീർത്ഥാടനകേന്ദ്രവുമായ സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിലാണ് വിശുദ്ധ കുർബാനയും സാംസ്‌കാരിക ഘോഷയാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഫിലഡൽഫിയ ആർച്ച്ബിഷപ് ചാൾസ് ജെ. ചാപൂട്ട് ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് കരുണാവർഷജൂബിലി സന്ദേശം നൽകും. അതിരൂപതയുടെ അജപാലന പരിധിയിൽ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്വൽ ഡയറക്ടർമാർ ദിവ്യബലിയിൽ സഹകാർമികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെ പ്രതിനിധീകരിച്ച് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളി വികാരി ഫാ. ജോണികുട്ടി ജോർജ് പുലിശേരി, സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ, സെന്റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർമാരായ ഫാ. രാജു പിള്ള, ഫാ. ഷാജി സിൽവ എന്നിവരും മറ്റു മൈഗ്രന്റ് കമ്യൂണിറ്റി വൈദികർക്കൊപ്പം സമൂഹബലിയിൽ കാർമികരാവും.

ദിവ്യബലിമധ്യേയുള്ള വിവിധ കർമങ്ങളിലും പ്രാർത്ഥനകളിലും ഗാനശുശ്രൂഷകളിലും വിവിധ രാജ്യക്കാർ ഭാഗഭാക്കുകളാവും. ദിവ്യബലിക്കു മുമ്പുള്ള പ്രവേശന പ്രാർത്ഥനാഗീതം, ബൈബിൾ പാരായണം, കാഴ്ചവയ്പ് പ്രദക്ഷിണം, ബലിവസ്തു സമർപ്പണം, കാഴ്ചവയ്പ് ഗാനങ്ങൾ, കുർബാന സ്വീകരണത്തിനുശേഷമുള്ള ഗാനങ്ങൾ, അഷേഴ്‌സ്, അൾത്താരശുശ്രൂഷകർ എന്നിങ്ങനെ വിവിധ റോളുകൾ വിവിധ രാജ്യക്കാർ കൈകാര്യം ചെയ്യും.

ദിവ്യബലിക്കു മുമ്പായി അരങ്ങേറുന്ന സാസ്‌കാരിക ഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും വേഷവിധാനങ്ങളും വിളിച്ചോതും. പരമ്പരാഗതവേഷങ്ങൾ അണിഞ്ഞ് ഓരോ രാജ്യക്കാരും അവരവരുടെ ചർച്ച് ബാനറുകൾക്കു കീഴിൽ നിരനിരയായി പ്രദക്ഷിണത്തിൽ പങ്കെടുക്കും. ഒരു വിശ്വാസം, ഒരു കുടുംബം, പല ആചാരങ്ങൾ എന്നതാണ് ഈ വർഷത്തെ കൾച്ചറൽ ഹെറിറ്റേജ് മാസിന്റെ ചിന്താവിഷയം.

അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്‌സ് ആൻഡ് റഫ്യൂജീസ് ഡിപ്പാർട്ട്‌മെന്റ് ആണു കൾച്ചറൽ ഹെറിട്ടേജ് പ്രോസഷനും ദിവ്യബലിയും സ്‌പോൺസർ ചെയ്യുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, ബ്രസീലിയൻ മൈഗ്രന്റ് കാത്തലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കൻ ഇന്ത്യൻ കത്തോലിക്കരും ക്‌നാനായ, സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കരും പങ്കെടുത്ത് തങ്ങളുടെ സംസ്‌കാരവും പൈതൃകവും മറ്റു സമൂഹങ്ങൾക്കു അനുഭവവേദ്യമാക്കും. മൈഗ്രന്റ് സമൂഹങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിനും പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും വസിക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെടുന്നതിനും ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവർക്കുകൂടി അനുഭവവേദ്യമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.