ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ ചെറുകിട, ഇടത്തരം വ്യവസായമേഖലയെയും സേവനമേഖലയെയും ദോഷകരമായി ബാധിച്ചതായി പഠന റിപ്പോർട്ട്. 'ഓൾ ഇന്ത്യ മാനുഫാക്ച്ചേഴ്സ് ഓർഗനൈസേഷൻ' നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. കേരളത്തിൽ സേവന, വ്യാപാര മേഖലകളിലാണ് വലിയ പ്രതിസന്ധി. രാജ്യമൊട്ടുക്കും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമാണെന്നും പഠനം പറയുന്നു. സിമന്റ്, സ്റ്റീൽ, അലൂമിനിയം, ടൈൽസ് വ്യവസായമേഖലകളിൽ അത് പ്രതിഫലിച്ചിട്ടുണ്ട്.

വൻകിടക്കാർക്ക് നേട്ടുമണ്ടായപ്പോൾ ചെറുകിട, ഇടത്തരം വ്യവസായമേഖലയിൽ (കൂടുതലും സേവനമേഖലയിൽ പ്രവർത്തിക്കുന്നവ) ഇതിനകം 35 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു. മാർച്ചാവുമ്പോൾ 60 ശതമാനത്തിന് തൊഴിലില്ലാതാവും. ഈ മേഖലയിൽ വരുമാനം 50 ശതമാനം കുറഞ്ഞു. മാർച്ചാവുമ്പോൾ കുറവ് 55 ശതമാനമാവും. നോട്ട് അസാധുവാക്കൽ നടപടിക്കുശേഷം ആദ്യത്തെ 34 ദിവസങ്ങളിലെ സ്ഥിതിയാണ് പ്രത്യേകം രൂപവത്കരിച്ച വിദഗ്ധസമിതി പഠിച്ചത്. ഓരോ മേഖലയും സംസ്ഥാനവും തിരിച്ചുള്ള സമഗ്രമായ പഠനം നടന്നുവരികയാണെന്ന് എ.ഐ.എ.ഒ.യുടെ ദേശീയ അധ്യക്ഷൻ കെ.ഇ. രഘുനാഥൻ പറഞ്ഞു.

പഠനത്തിൽ ലഭിച്ച വിവരങ്ങളും ഉത്പാദനമേഖലയിലെ പ്രതിസന്ധിയും നേരിട്ട് ധരിപ്പിക്കാൻ കേന്ദ്രത്തെ സമീപിച്ചെങ്കിലും ധനമന്ത്രിയോ വാണിജ്യമന്ത്രിയോ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. നോട്ടസാധുവാക്കൽ ഉത്പാദനമേഖലയിൽ ഉടനടി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരുമാസത്തിനുശേഷവും ഇത്രയും വലിയ തിരിച്ചടി നിലനിൽക്കുമെന്ന് കണക്കുകൂട്ടിയിരുന്നില്ല.

ഏറ്റവും ദോഷകരമായി ബാധിച്ചത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളെയാണെന്ന് പഠനം പറയുന്നു. ഉത്പാദനമേഖലയിലുള്ള ഇടത്തരം, വൻവ്യവസായങ്ങൾക്ക് അഞ്ചുശതമാനം തൊഴിൽ നഷ്ടപ്പെട്ടു. അത് 15 ശതമാനമാകും. 20 ശതമാനം വരുമാനനഷ്ടം സംഭവിച്ചു. പ്രോജക്ട്, അടിസ്ഥാന മേഖലയിലുള്ള ഇടത്തരം, വൻ വ്യവസായങ്ങൾക്ക് 35 ശതമാനം തൊഴിൽനഷ്ടമുണ്ടായി. അത് 40 ശതമാനമായി ഉയരും. വരുമാനനഷ്ടം 45 ശതമാനം ആണ്. കയറ്റുമതിരംഗത്തുള്ള ഇടത്തരം, വൻ വ്യവസായങ്ങൾക്ക് തൊഴിൽനഷ്ടം 30 ശതമാനം. മാർച്ചിൽ 35 ശതമാനമാകും. വരുമാനനഷ്ടം 40 ശതമാനം. അത് 45 ആയി ഉയരുമെന്നാണ് വിലയിരുത്തൽ. നോട്ട് ലഭ്യത വൻതോതിൽ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും പഠനം വിശദീകരിക്കുന്നു.