മെൽബൺ : നോട്ട് ക്ഷാമം പ്രതിസന്ധിയാകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന് ആഗോള തലത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഉയർന്ന മൂല്യത്തിലുള്ള നോട്ടുകൾ പിൻവലിച്ച ഇന്ത്യയുടെ നടപടി ഓസ്‌ട്രേലിയയും പിന്തുടരണമെന്നു സ്വിസ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ യുബിഎസ്. നിർദ്ദേശിച്ചു. ലോകരാജ്യങ്ങൾ നല്ല മാതൃകയാണിതെന്നാണ് നിലപാട്.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കും ബാങ്കുകൾക്കും ഗുണകരമാകുമെന്ന് യുബിഎസ് വിദഗ്ധൻ ജൊനാഥൻ മോട്ട് വ്യക്തമാക്കി. കുറ്റകൃത്യങ്ങളും ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വർധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വർധനവുണ്ടാകും-മോട്ട് പറഞ്ഞു. അതുകൊണ്ട് ഈ മാതൃക ഓസ്‌ട്രേലിയയും പിന്തുടരണമെന്നാണ് ആവശ്യം.

ഓസ്‌ട്രേലിയൻ കറൻസിയിൽ 92 ശതമാനവും 50,100 ഡോളറിന്റെയാണ്. ഉയർന്ന മൂല്യമുള്ളവ പിൻവലിച്ചാൽ രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ വർധിക്കും. ഓസ്‌ട്രേലിയയിൽ നിലവിൽ പണം നേരിട്ടു നൽകിയുള്ള പണമിടപാടുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടുതൽപ്പേരും ഡിജിറ്റൽ പണമിടപാടുകളിലേക്കു തിരിഞ്ഞിട്ടുണ്ടെന്നും മോട്ട് ചൂണ്ടിക്കാട്ടുന്നു.

നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനായി ഈ മാസം എട്ടിനാണ് ഇന്ത്യൻ സർക്കാർ 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. ഫെബ്രുവരിയിൽ യൂറോപ്യൻ സെൻട്രൽ ബാങ്കും 500 യൂറോ നോട്ടുകൾ പിൻവലിക്കുന്നതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.