തിരുവനന്തപുരം : പെട്രോൾ പമ്പുകളിലും റയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കു പഴയ 500, 1000 നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി അവസാനിക്കും. അസാധു നോട്ടുകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കീഴിലെ ചില വകുപ്പുകളിൽ നൽകിയിരുന്ന അനുമതിയും ഇന്ന് അവസാനിക്കും. അതായത് പഴയ 1000, 500ഉം നോട്ട് ഉപയോഗിച്ച് ഇനി ക്രയവിക്രയം നടത്താനാകില്ല. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഡിസംബർ 31വരെ ഈ നോട്ടുകൾ മാറ്റിയെടുക്കാം. അല്ലാത്തെ ഈ നോട്ടുകൾ നൽകുന്നതും വാങ്ങുന്നതും കുറ്റകരമാകും. ഇവർക്കെതിരെ കേസെടുക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ പഴയ നോട്ട് പരമാവധി ചെലവാക്കാൻ ആളുകൾ പെട്രോൾ പമ്പിനും മറ്റും വാഹനവുമായി പെട്രോൾ അടിക്കാൻ എത്തുകയാണ്. അവശ്യ സർവ്വീസുകളിലേക്ക് പരമാവധി പണം അടയ്ക്കുന്നുമുണ്ട്. വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്ആർടിസി യാത്രാ ടിക്കറ്റ് എന്നിവയ്ക്കു നാളെ മുതൽ പുതിയ നോട്ടുകൾ തന്നെ വേണ്ടിവരും. ട്രഷറി വഴി ഫീസുകളും നികുതികളും അടയ്ക്കാൻ പഴയനോട്ട് സ്വീകരിക്കുന്നതും ഇന്നുകൂടി മാത്രം. ഇതേസമയം, കേന്ദ്രസർക്കാർ ഇളവ് കൂടുതൽ ദിവസത്തേക്കു നീട്ടിയാൽ സംസ്ഥാന സർക്കാർ സേവനങ്ങൾക്കും ബാധകമായിരിക്കും. അതായത് അസാധുവായ നോട്ടുകൾ നാളെ മുതൽ ബാങ്കുകളിൽ മാത്രമേ സമർപ്പിക്കാനാകൂ. അതിനിടെ പുതിയ 500 രൂപ നോട്ട് ഇനിയും കിട്ടാത്തത് ദുരിതം ഇരട്ടിക്കുന്നുണ്ട്.

എടിഎമ്മുകളിൽനിന്ന് ഒരുദിവസം 2500 രൂപയാണ് ഇപ്പോൾ പിൻവലിക്കാനാകുന്നത്. ചെക്കോ വിഡ്രോവൽ സ്ലിപ്പോ നൽകി ബാങ്ക് ശാഖയിൽ നിന്ന് 24,000 രൂപ വരെ ഒരാഴ്ച പിൻവലിക്കാം. ബാങ്കുകളിൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാവുന്ന തുക 2000 രൂപ മാത്രം. ഈ നിരക്കുകളിൽ കൂടുതൽ ഇളവ് ഇന്നു പ്രഖ്യാപിക്കുമെന്നാണു സൂചന. പക്ഷേ അഞ്ചൂറു രൂപ എത്താതെ പ്രതിസന്ധി മാറുകയുമില്ല, 2000 രൂപ നോട്ട് കിട്ടിയവർക്ക് അതുകൊണ്ട് സാധാരണ ആവശ്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയാണ്. എവിടെ കൊടുത്താലും ചില്ലറ കിട്ടാനുമില്ല.

ബുധനാഴ്ച മുതൽ ജില്ലയിൽ അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകൾ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏതാനും എ.ടി.എമ്മുകളിൽ മാത്രമാണ് ബുധനാഴ്ച അഞ്ഞൂറിന്റെ പുതിയ നോട്ട് ലഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 500 രൂപ നോട്ട് എത്തിയിരുന്നു. എന്നാൽ വിതരണം ചെയ്തപ്പോൾ കൂടുതൽ എ.ടി.എമ്മുള്ള ബാങ്കുകൾക്ക് ആവശ്യത്തിന് പണം ലഭിച്ചില്ല. കുറച്ച് എ.ടി.എം. ഉള്ള ബാങ്കുകൾ ലഭിച്ച നോട്ടുകൾ എ.ടി.എമ്മിൽ നിറയ്ക്കുകയും ചെയ്തു. വ്യാഴാഴ്ച മുതൽ 500 രൂപ നോട്ടുകൾ എല്ലാ എ.ടി.എമ്മുകളിലും നൽകാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ നിറയ്ക്കുന്നതിനായി എ.ടി.എമ്മുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എമ്മുകളിൽ ഈ ക്രമീകരണം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. എ.ടി.എമ്മുകളിൽ നൂറ് രൂപ നോട്ടുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതും ചില്ലറ പ്രശ്‌നം രൂക്ഷമാക്കുന്നു.