ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ 14 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോർട്ട്. അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളിൽ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാർക്ക് അത് കത്തിച്ചുകളയേണ്ടിവരുമെന്നും തരത്തിലുള്ള അവകാശവാദങ്ങൾ പൊളിക്കുന്നതാണ് ഈ കണക്ക്.

അതായത് ആകെ 15.44 ലക്ഷം കോടി അസാധു നോട്ടിൽ 90 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര മന്ത്രിസഭാ ഇന്ന് യോഗം ചേരുന്നുണ്ട്.

എന്നാൽ ബാങ്കുകളിൽ നിക്ഷേപിച്ച പണം പരിശോധിച്ച് നികുതി അടയ്ക്കാത്തവരെ കണ്ടെത്തി പിഴ ചുമത്താനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. അതേസമയം വ്യക്തമായ കാരണം കാണിക്കുന്നവർക്ക് ഡിസംബർ 30 ന് ശേഷവും പഴയ നോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ആലോചിക്കും.

അസാധു നോട്ടുകൾ കൈവശം വയ്ക്കുന്നതിന് പിഴ ചുമത്താൻ ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യവും ചർച്ച ചെയ്യും. ഇന്നലെ നീതി ആയോഗിന്റെ യോഗത്തിൽ സാമ്പത്തിക വിദഗ്ദരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.