ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ. 2000 രൂപ നോട്ടുകൾ കേന്ദ്രം പിൻവലിച്ചേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. മാത്രമല്ല ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകൾ അധികം താമസിക്കാതെ വിനിമയത്തിനായെത്തുമെന്നും അദ്ദേഹം അറിയിച്ചു.

2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും എന്നാൽ ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ 26 ന് പ്രതിപക്ഷം വിഷയം പാർലമെന്റിൽ ഉന്നയിച്ചെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു.

പുതിയ 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത് മൂല്യം കുറഞ്ഞ നോട്ടുകൾ കൂടുതൽ വിനിമയം ചെയ്യപ്പെടുന്നു എന്ന ഉറപ്പാക്കാനാണ്. അടുത്ത മാസത്തോടെ 200 രൂപ നോട്ടുകൾ വിനിമയത്തിനായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ