തിരുവനന്തപുരം: ആവശ്യത്തിന് നോട്ടു ലഭ്യമല്ലാതായതോടെ ഇക്കുറി ക്ഷേമപെൻഷനുകളുടെ വിതരണം തടസ്സപ്പെട്ടതായി ധനകാര്യ വകുപ്പ്. നോട്ടു പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണത്തെ സാരമായി ബാധിച്ചതായും റിസർവ് ബാങ്ക് കറൻസി ലഭ്യമാക്കാത്തതിനെ തുടർന്നാണ് ക്ഷേമ പെൻഷനുകളുടെ വിതരണം തടസപ്പെട്ടതെന്നും ധനമന്ത്രി തോമസ് ഐസക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചു.

പെൻഷൻ വീട്ടിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേർക്ക് 506.7 കോടി രൂപ സഹകരണബാങ്കുകൾ വഴി തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങിയതാണ് ഇത്തരത്തിൽ തടസപ്പെട്ടത്. ബാക്കി 17.58 ലക്ഷം പേർക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകിയിരുന്നു. ട്രഷറിയിൽനിന്നു പണം കിട്ടിയില്ലെങ്കിലും സഹകരണബാങ്കുകൾ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ക്യാഷ് ബാലൻസും പ്രതിദിനവരവും ഉപയോഗിച്ച് കൊടുക്കാവുന്നിടത്തോളം പേർക്കു പെൻഷൻ നൽകുന്നുണ്ടെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. എങ്കിലും, ഇതു മതിയാകാത്തതിനാൽ നിരവധിപ്പേർക്ക് ഇപ്പോഴും പെൻഷൻ കിട്ടിയില്ല.

കൈവശമുള്ള പണം ഈ ആവശ്യത്തിനു വിനിയോഗിക്കുന്നത് സഹകരണ സംഘങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഒരു ദിവസംകൂടി കഴിഞ്ഞാൽ ജീവനക്കാർക്കു ശമ്പളം നൽകുന്നതടക്കമുള്ള ആവശ്യങ്ങളും സഹകരണബാങ്കുകൾക്കുണ്ട്. സഹകരണബാങ്കുകൾക്കു പണം എത്തിക്കാൻ ട്രഷറിവഴി പ്രത്യേക സംവിധാനം ഉണ്ടാക്കിയാണു പെൻഷൻ വീട്ടിലെത്തിക്കൽ പരിപാടി നടപ്പാക്കിയത്. എന്നാൽ റിസർവ് ബാങ്ക് കറൻസി എത്തിക്കാത്തതിനാൽ ട്രഷറികൾക്ക് ആവശ്യമായത്ര നോട്ടുകൾ ലഭ്യമാക്കാൻ ബാങ്കുകൾക്കു കഴിയാതെവന്നു. ഇതാണ് പല സ്ഥലത്തും പെൻഷൻ വിതരണം തടസപ്പെടുത്തിയത്. കഴിഞ്ഞ ഓണത്തിനുമുമ്പ് കുടിശികയടക്കം ഇതിനെക്കാൾ വലിയ തുക ഒരു തടസവും കൂടാതെ സഹകരണബാങ്കുകൾ വഴി എല്ലാവരുടെയും വീടുകളിൽ എത്തിച്ചിരുന്നതാണെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

ക്ഷേമ പെൻഷന്റെ വിതരണത്തിന് ഡിസംബർ 26 മുതൽ 31 വരെ ഓരോ ദിവസവും ശരാശരി 100 കോടിരൂപ വീതം 506 കോടി രൂപ വേണ്ടിവരുമെന്നും അതു ലഭ്യമാക്കണമെന്നും അതു വിനിയോഗിക്കാൻ തടസങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ റിസർവ് ബാങ്കിനോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതു പാലിക്കപ്പെട്ടില്ല.

ആകെ 193 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 86 കോടി രൂപ മാത്രമേ ലഭ്യമാക്കാൻ ബാങ്കുകൾക്കു കഴിഞ്ഞുള്ളൂ. സംസ്ഥാനത്തെ ഏഴു ട്രഷറികളിൽ ഡിസംബർ 29ന് ഒരു പൈസപോലും റിസർവ് ബാങ്ക് ലഭ്യമാക്കിയില്ലെന്നും ധനവകുപ്പ് പത്രക്കുറിപ്പിൽ ആരോപിക്കുന്നു.