കളമശേരി : കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ബജറ്റ് പഠനകേന്ദ്രത്തിന് മുന്മന്ത്രി കെ.എം. മാണിയുടെ പേരാണ് യുഡിഎഫ് സർക്കാർ നൽകിയത്. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് റിക്കോർഡിട്ട മാണിക്കുള്ള അംഗീകരാമായിരുന്നു അത്. എന്നാൽ സർക്കാർ മാറുമ്പോൾ ഈ പേര് വിവാദത്തിലാകുന്നു. മാണിയുടെ മാറ്റാതെ കോഴ്‌സ് തുടങ്ങാൻ അനുമതി നൽകാനാവില്ലെന്ന നിലപാടിലുറച്ചു സിൻഡിക്കറ്റ് അംഗങ്ങൾ എത്തിയതാണ് ഇതിന് കാരണം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബജറ്റ് പോളിസി ആൻഡ് ബജറ്റിങ് കോഴ്‌സിന് അനുമതി നൽകിയില്ല. കുസാറ്റിന്റെ പൊതുപ്രവേശന പരീക്ഷ വിജ്ഞാപനത്തിൽ കോഴ്‌സ് ഉൾപ്പെടുത്തിയതുമില്ല. കേന്ദ്രത്തിന്റെ പേരു മാറ്റണമെന്നത് ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം പുതിയ സിൻഡിക്കറ്റിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു. കെ.എം. മാണിക്കെതിരെ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പേര് സർവകലാശാല പഠനവിഭാഗത്തിനിടുന്നത് അനുചിതമാണെന്ന എൽദോ ഏബ്രഹാം എംഎൽഎയുടെ ആവശ്യം സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു.

ഒക്ടോബർ 15ന് എടുത്ത തീരുമാനം സർക്കാരിന് അയച്ചു. സർക്കാർ മറുപടി അറിയിച്ചിട്ടില്ല. കെ.എം. മാണിയുടെ പേരിൽ തന്നെയാണ് ഇപ്പോഴും സെന്റർ അറിയപ്പെടുന്നത്. 20 പേർക്കു പ്രവേശനം ലഭിക്കുന്ന പാഠ്യപദ്ധതി തയാറാക്കിയാണു കോഴ്‌സിന് സർവകലാശാലയുടെ അനുമതി തേടിയത്. ഇതോടെയാണ് സിൻഡിക്കേറ്റ് നിലപാട് കടുപ്പിച്ചത്. മാണിയുടെ പേരു മാറ്റുന്നതിനെ സർക്കാരിൽ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. ഇടതുപക്ഷത്തേക്ക് മാണി എത്തുമെന്ന് കരുതുന്നവരാണ് ഇത്.

ഏതായാലും കോഴ്‌സിൽ അക്കാദമിക് കൗൺസിൽ ഉൾപ്പെടെ അനുകൂല തീരുമാനമെടുത്തിട്ടുണ്ട്. സെന്റർ പ്രവർത്തിക്കുന്നതിനു കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു സർക്കാർ അഞ്ചു കോടി രൂപ നൽകിയിരുന്നു. കെട്ടിട നിർമ്മാണം ഈയിടെ തുടങ്ങി.