വാരാപ്പുഴ: സംസ്ഥാനത്ത് പൊലീസിന്റെ പെരുമാറത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ശ്രീജിത്ത് (26)എന്ന യുവാവാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് യുവാവ് മരിച്ചത്. ഗുരുതമായി മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.

ഗസ്സ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതായാണു പ്രാഥമിക നിഗമനം. ഇന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയിരുന്നു. കസ്റ്റഡിയിൽ ശ്രീജിത്തിനെ മർദിച്ചതായി ബന്ധുക്കളും ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റേഞ്ച് ഐജിക്കാണ് അന്വേഷണ ചുമതല.

വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് വാസുദേവന് (54) എന്ന ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്‌ച്ചയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിത്തും സംഘവും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കേ ഇയാൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു. തുടർന്നാണ് മർദ്ദനേറ്റ് ആശുപത്രിയിലായത്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന പ്രതിയുടെ അവസ്ഥ അറിഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് ക്രൂരമായി പെരുമാറി എന്നാണ് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയത്.

അതേസമയം പൊലീസ് കസ്റ്റഡിയിൽ വെച്ചല്ല ശ്രീജിത്തിന് മർദ്ദനമേറ്റതെന്നാണ് പൊലീസിന്റെ ഭാഷ്യം. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജിത്തും സംഘവും ആയുധങ്ങളുമായി വാസുദേവന് എന്ന ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചത്. മരണപ്പെട്ട വാസുദേവനും അറസ്റ്റിലായവരും കഴിഞ്ഞ വ്യാഴാഴ്ച സംഘം ചേർന്ന് മദ്യപിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് വെള്ളിയാഴ്ച സംഘം ചേർന്ന് വാസുദേവന്റെ വീട്ടിൽ അതിക്രമിച്ച് കയറി. വാക്ക് തർക്കത്തിനൊടുവിൽ വീടിന്റെ ജനലുകളും വാതിലുകളും അടിച്ചു തകർക്കുകയും തടയാനെത്തിയ വാസുദേവനെയും മകൻ വിനീഷിനെയും മർദിക്കുകയും ചെയ്തു. മർദനത്തിൽ വിനീഷിന്റെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം വാസുദേവൻ വീടിനകത്ത് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം ശ്രീജിത്ത് കേസിൽ നിരപരാധിയായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. തെറ്റിദ്ധാരണ മൂലമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് പറഞ്ഞതെന്നാണ് നാട്ടുകാർ പറഞ്ഞതും.