സാവോപോളോ: ബ്രസീലിലെ വേശ്യാലയത്തിൽ ഇരുപത്തേഴുകാരൻ നടത്തിയ വെടിവയ്‌പ്പിൽ ആറു മരണം. സാവോപോളോയിലെ ജബോട്ടിക്കബാൽ വില്യം റോബർട്ട് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാൾ ആവശ്യപ്പെട്ട യുവതിയെ ലഭിക്കാത്തതാണ് ആക്രമണത്തിനു പ്രേരണയായത്.

സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ - രാത്രിയോടെയാണ് വഴിയോരത്ത് സ്ഥിതി ചെയ്യുന്ന ലിയോ ഡ്രിങ്ക്സ് ബാർ പ്രോസ്റ്റിറ്റിയൂഷൻ ഹൗസിൽ വില്യം എത്തിച്ചേരുന്നത്. ഒരു സ്ത്രീയുടെ പേര് ഇയാൾ എടുത്ത് ചോദിച്ചെങ്കിലും അവർ മറ്റൊരാളുടെ കൂടെയാണെന്ന മറുപടിയാണ് ലഭിച്ചത്.

രോഷാകുലനായ വില്യം പുറത്തേക്ക് പോകുകയും കാറിനുള്ളിൽ വച്ചിരുന്ന തോക്കുമായി മടങ്ങിയെത്തി വെടിയുതിർക്കുകയുമായിരുന്നു. സ്ത്രീയും അവർക്കൊപ്പം ഉണ്ടായിരുന്നയാളും ഉൾപ്പെടെ ആറു പേരാണ് വെടിവെപ്പിൽ മരിച്ചത്. രക്ഷപെടാൻ ശ്രമിച്ച വില്യം റോബർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.