- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈന്തപ്പഴത്തിന്റെ ഇറക്കുമതി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 108 പ്രകാരം എത്ര പേർക്ക് സമൻസ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും? അവർ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും അറിയണം; കസ്റ്റംസിന് കേരളത്തിന്റെ വിവരാവകാശ നോട്ടീസ്; ഇത് അസാധാരണ നടപടി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ വിവരാവകാശ നിയമപ്രകാരം ഔദ്യോഗികമായി കേന്ദ്ര ഏജൻസിയിൽ നിന്ന് വിവരങ്ങൾ ആരായുന്നു. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. ചോദ്യങ്ങളോട് എത്തരത്തിൽ കസ്റ്റംസ് പ്രതികരിക്കുമെന്നതാണ് ഇനി ഉയരുന്ന ചോദ്യം.
കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ എത്ര കേസുകളിലാണ് നിയമവ്യവഹാരം, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംപ്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള വസ്തുക്കൾ, ആ എക്സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത് - തുടങ്ങി ആറു ചോദ്യങ്ങളാണ് പ്രോട്ടോകോൾ വിഭാഗം ആരാഞ്ഞിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്.
വിവരാവകശ പ്രകാരം കസ്റ്റംസിന് മുമ്പിൽ വയ്ക്കുന്ന പ്രധാന ചോദ്യങ്ങൾ ചുവടെ
1. എംബസികൾ/കോൺസുലേറ്റുകൾ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാൻ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്,
2. 09.05.2017ൽ ബിൽ ഓഫ് എൻട്രി നമ്പർ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് ഡ്യൂട്ടി അടയ്ക്കാൻ ബാധ്യസ്ഥനായ ഇറക്കുമതിക്കാരൻ ആരാണ്,
3. മേൽപറഞ്ഞ ബില്ലിൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തിൽ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ,
4. ബില്ലിലെ ഈന്തപ്പഴത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 108 പ്രകാരം എത്ര പേർക്ക് സമൻസ് അയച്ചിട്ടുണ്ട്?
5. അവരുടെ പേരും തസ്തികയും
6, അവർ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ചോദ്യങ്ങളോട് കസ്റ്റംസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. അന്വേഷണത്തിലുള്ള വിവരങ്ങൾ പുറത്തു പറയേണ്ട സാഹചര്യമില്ല. ഇതിനൊപ്പം ഉടൻ മറുപടി നൽകുമോ അതോ വൈകുമോ എന്നതും ഉയരുന്ന ചോദ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ