- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണക്കടത്ത് കേസ്: കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവഗുരുതരം; സ്വാധീനിച്ചത് സിപിഎമ്മെന്ന് വ്യക്തം; അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു; മുഖ്യമന്ത്രി വെട്ടിലായിരിക്കുന്നെന്നും കെ. സുധാകരൻ
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നതെന്നും സുധാകരൻ ആരോപിച്ചു.
സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണ്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നത്. സ്വർണക്കടത്തു കേസ് ഇപ്പോൾ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
സുമിത് കുമാറിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തിയാൽ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങൾ പുറത്തുവരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ സുപ്രധാന ഇടപെടലുകൾ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വഭാവിക സ്ഥലം മാറ്റമാണെന്ന് പറയപ്പെടുമ്പോഴും ഇതേ ശക്തികൾ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
സമ്മർദ്ദ തന്ത്രങ്ങൾ ഫലിക്കാതെ വരികയും സ്വർണ്ണക്കടത്തിൽ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചത്. കേട്ടുകേൾവിയില്ലാത്ത വിധം കസ്റ്റംസിനെതിരെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തിയ അത്യപൂർവ സംഭവമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ