കൊച്ചി: സ്വർണക്കടത്ത് കേസിൽ ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. അനിൽ നമ്പ്യർക്ക് കസ്റ്റംസ് ക്ലീൻചിറ്റ് നൽകിയോ എന്ന് വ്യക്തമല്ല. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് അനിൽ നമ്പ്യാർക്ക് നോട്ടീസ് നൽകിയിരുന്നു.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണിൽ ബന്ധപ്പെട്ടവരിൽ ചിലയാളുകൾ ഒളിവിൽ പോകാൻ സ്വപ്ന സുരേഷിന് സഹായം ചെയ്തു നൽകിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോൺസുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാൻ സ്വപ്നയോട് പറഞ്ഞത് അനിൽ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാർത്ത ശേഖരിക്കാനാണ് താൻ സ്വപ്നയെ വിളിച്ചത് എന്നാണ് അനിൽ നമ്പ്യാർ നൽകുന്ന വിശദീകരണം

അതേസമയം, നയതന്ത്ര ബാഗല്ല സ്വന്തം ബാഗാണെന്ന് പറഞ്ഞാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ നിർദ്ദേശിച്ചെന്ന് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായും സൂചനയുണ്ട്. വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ ഉപദേശിച്ചെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നതായും റിപ്പോർട്ടുകൾ വന്നു.

അനിൽ നമ്പ്യാരുടെ മുൻ വിശദീകരണം

ഇപ്പോൾ തനിക്കെതിരെ നടക്കുന്നതുകൊച്ചിയിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായുള്ള വ്യക്ത്യധിക്ഷേപമാണ്. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശാനുസരണം പൊലീസിന്റെ സൈബർ സെൽ അന്വേഷണം നടത്തി വരികയാണ്. മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ വേണ്ടിയാണ് താൻ സ്വപ്നയെ വിളിച്ചതെന്നും പ്രൊഫഷന്റെ ഭാഗമായി ബന്ധപ്പെട്ടവരെ വിളിക്കുന്നതിൽ തെറ്റില്ലെന്നും അനിൽ നമ്പ്യാർ പറയുന്നു. ഏതായാലും, അനിലിനെ ഈ ആഴ്ച കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യുമെന്നാണ് മീഡിയ വൺ അടക്കം ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഇവിടൊന്നും കിട്ടിയില്ല. കിട്ടിയവർ ഏൽപ്പിക്കുക. കിട്ടിയാൽ പോകുമെന്ന് അന്നേ പറഞ്ഞതല്ലേ? മടിയിൽ നയാപ്പൈസയില്ല'-അനിൽ നമ്പ്യാർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയ ജൂലൈ അഞ്ചിന് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അനിൽ നമ്പ്യാർ മൂന്നുതവണ ഫോണിൽ വിളിച്ചതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നു. താൻ സ്വപ്നയെ വിളിച്ച കാര്യം അനിൽ നമ്പ്യാർ നിഷേധിക്കുന്നുമില്ല. ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

നയതന്ത്ര ബാഗേജിൽ യുഎഇ കോൺസുലേറ്റിന്റെ വിശദീകരണം അറിയാനായിരുന്നു സ്വപ്നയെ വിളിച്ചത്. ദുബായിലുള്ള കോൺസുൽ ജനറലിനെ വിളിച്ചതിന് ശേഷം സ്വപ്ന മറുപടി അറിയിച്ചുവെന്നുമായിരുന്നു അനിൽ നമ്പ്യാരുടെ വിശദീകരണം. ഹോട്ടലിൽ വെച്ച് കണ്ടതായി സ്വപ്ന കൊടുത്ത മൊഴി അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. സ്വപ്നയെ കണ്ടിട്ടില്ലെന്നും അനിൽ നമ്പ്യാർ പറഞ്ഞിരുന്നു.

സ്വപ്ന ഒളിവിലായിരുന്ന ജൂലൈ അഞ്ചിനാണ് കോളുകളെന്ന് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ആരോപിച്ചിരുന്നു. ബിജപി ആഭിമുഖ്യമുള്ള ചാനലിലെ അവതാരകൻ എന്ന നിലയിലാണ് ആരോപണത്തിന് ചൂട് കൂട്ടിയത്. 9895721744 എന്ന അനിൽ നമ്പ്യാരുടെ പേഴ്‌സണൽ ഫോണിൽ നിന്നാണ് സ്വപ്നയെ വിളിച്ചതെന്നും പ്രചരിപ്പിച്ചിരുന്നു.

താൻ സ്വപ്നയെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്ത നൽകുന്നതിന്
വേണ്ടിയാണ് വിളിച്ചതെന്ന് അനിൽ നമ്പ്യാർ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു:

'ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.
ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായസ്വപ്നയെ വിളിച്ചന്വേഷിച്ചത്.

മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ്‌സ്വപ്ന മറുപടി നൽകിയത്. ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.'

വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണെന്നും അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ എന്നും അനിൽ നമ്പ്യാർ പറയുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണപൂപം ഇങ്ങനെ:

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെതത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്.

മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

യുഎഇ കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ
അവരെ വിളിച്ചത്.

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.

ഒരു കാര്യം കൂടി പറയട്ടെ.വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ
പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

സ്വർണക്കടത്തു പിടിച്ച ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമപ്രവർത്തകൻ വിളിച്ചിരുന്നെന്നും പിടിച്ചതു നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്നു പറഞ്ഞെന്നും സ്വപ്നയുടെ മൊഴി എന്നും മനോരമയും റിപ്പോർട്ട് ചെയ്തിരുന്നു. 2018 ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നുമായിരുന്നു ആരോപണം. മനോരമയാണ് ഇത്തരത്തിൽ സ്വപ്ന മൊഴി നൽകിയതായി വെളിപ്പെടുത്തിയത്.

ഇതോടെയാണ് അനിൽ നമ്പ്യാരുമായി മറുനാടൻ ബന്ധപ്പെട്ടത്. സ്വപ്നാ സുരേഷിനെ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയാം. സ്വപ്നാ സുരേഷിന് യുഎഇ കോൺസുലേറ്റിലാണ് ജോലി. അതുകൊണ്ട് തന്നെ അറിയാം. പക്ഷേ ഒരു ഹോട്ടലിൽ വച്ചു അവരെ കണ്ടിട്ടില്ല. ഒരു ഉപദേശവും കൊടുത്തിട്ടുമില്ല-അനിൽ നമ്പ്യാർ പറയുന്നു. തന്നെ ഈ കേസിൽ കുടുക്കാൻ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ആരോപണവുമെന്ന് അനിൽ നമ്പ്യാർ മറുനാടനോട് പറഞ്ഞു. അനീഷ് രാജ് എന്ന ഉദ്യോഗസ്ഥനെ കസ്റ്റംസിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതുകൊണ്ട് ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിരോധമുണ്ട്. ജനം ടിവി നിരന്തരം ഈ വിഷയത്തിൽ വാർത്ത നൽകിയിരുന്നു. ഈ പകയും ചോദ്യം ചെയ്യലിൽ എത്തിച്ചേക്കാമെന്ന് അനിൽ നമ്പ്യാർ സംശയിക്കുന്നു.