- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ഫോൺ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; നോട്ടീസ് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിൽ; നോട്ടീസ് കൈപ്പറ്റാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കും
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല.
ആദ്യം അയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേൽവിലാസത്തിൽ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. ഇപ്പോൾ തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഐഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഫോൺ എങ്ങനെ ലഭിച്ചു, പിന്നീട് ആർക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഈപ്പൻ തനിക്ക് ഫോൺ നൽകിയിട്ടില്ലെന്നും വിനോദിനി പ്രതികരിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി യുഎഇ കോൺസൽ ജനറൽ ജമാൽ അൽസാബിക്ക് നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
1,13,900 രൂപ വിലവരുന്ന ഐഫോണാണിത്. ലൈഫ് മിഷൻ പദ്ധതിക്ക് കോഴ നൽകാൻ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയത്. ഇതിൽ എം ശിവശങ്കർ ഉൾപ്പെടെ അഞ്ച് ഐഫോണുകൾ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നന്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കന്പനി യു.എ എഫ്.എക്സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.
സ്വർണക്കടത്ത് വിവാദമായതോടെ ഈ ഫോൺ പിന്നീട് ഉപയോഗിക്കാതായി. നിലവിൽ ഈ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഫോൺ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം ഫോൺ സ്വപ്നയെയാണ് ഏൽപിച്ചതെന്നും അൽസാബിക്കു നൽകുമെന്നാണു പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചിരുന്നു. ''നന്ദി പറയാൻ ജമാൽ അൽ സാബി വിളിച്ചിരുന്നു. സ്വപ്ന ഫോൺ ആരെയാണ് ഏൽപിച്ചതെന്നറിയില്ല. കോടിയേരിയെ നേരിട്ടു കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ല.'' സന്തോഷ് ഈപ്പൻ വ്യക്തമാക്കുകയാണ്ടായി.
തെരഞ്ഞെടുപ്പു രംഗം സജീവമായി നിൽക്കുന്ന ഘട്ടത്തിലാണ് വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് രാഷ്ട്രീയ ലാക്കോടെയാണെന്ന പ്രചരണമാകും സിപിഎമ്മിൽ നിന്നും ഉണ്ടാകുക.