കോഴിക്കോട്: പ്രവാസികളെ അവഹേളിക്കുകയും പിടിച്ചുപറിക്കുന്നതും പതിവാക്കിയ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രവാസി മലയാളികളുടെ സംഘശക്തിയിൽ പണികിട്ടി. ഹക്കീം റൂബയെ മർദിച്ച ഉദ്യോഗസ്ഥനെ നീക്കിയതിനു പിന്നാലെ എം ജയചന്ദ്രനെ അപമാനിച്ച അസിസ്റ്റന്റ് കമ്മിഷണറെയും സ്ഥലം മാറ്റി.

ഹക്കീം റൂബ വിഷയത്തിലും, സംഗീത സംവിധായകൻ എം. ജയചന്ദ്രനെ അവഹേളിച്ച വിഷയത്തിലും ശക്തമായ ഇടപെടലുകളാണു പ്രവാസലോകം നടത്തിയിരുന്നത്. ഈ ഇടപെടലുകൾ വിജയം കണ്ടിരിക്കുന്നുവെന്നതാണു പുതിയ നടപടികൾ വ്യക്തമാക്കുന്നത്.

കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ചിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്ന പ്രവാസി യുവാവ് ഹക്കിം റൂബ ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പ്രവാസികളും ഇക്കാര്യത്തിൽ ശക്തമായ പോരാട്ടമാണു നടത്തിയത്. ഇതിനു പിന്നാലെ ഫ്രാൻസിസ് കോടംകണ്ടത്ത് എന്ന ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ നിന്നും മാറ്റിയിരുന്നു. മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിൽ വിവരാവകാശ നിയമത്തിന്റെ ചാർജു മാത്രം നൽകിയാണ് ഫ്രാൻസിസിനെ മാറ്റിയത്.

മലയാളികളുടെ സ്വന്തം സംഗീത സംവിധായകൻ എം.ജയചന്ദ്രനെ അപമാനിച്ച കേസിൽ ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മിഷണർ റഷീദിനെയും വിമാനത്താവളത്തിൽ നിന്നും മാറ്റി ജനസമ്പർക്കമില്ലാത്ത സെക്ഷനിൽ നിയമിച്ചു. ഇവരുടെ മേലധികാരിയായിരുന്ന ശിവപ്രസാദിനെയും വിമാനതാവള ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കുറ്റക്കാർക്കെതിരായി കർശന നടപടികൾ ഉണ്ടാകുമെന്നാണു കസ്റ്റംസ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

ഫ്രാൻസിസ് എന്ന ഉദ്യോസ്ഥൻ നിരന്തരമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന കാര്യം പുറത്തുവന്നത് ഹക്കിം റൂബ എന്ന ഐ ടി എൻജിനീയറുടെ ഇടപെടലിലൂടെയാണ്. കൈക്കൂലി വിഷയം നിയമസഭയിൽ വരെ എത്തിയതോടെയാണ് ഒടുവിൽ നടപടിയും കൈക്കൊണ്ടത്. നിരവധി പ്രവാസികളിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങുന്നു എന്ന പരാതി ലഭിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഹക്കീം റുബയെ കൈകൂലി നൽകാത്തതിന്റെ പേരിൽ ഫ്രാൻസിസ് മർദ്ദിക്കുകയും ഏഴ് മണിക്കൂറിലധികം എയർപോട്ടിൽ ഭക്ഷണം പോലും നൽകാതെ പിടിച്ചു വെക്കുകയും ചെയ്യുകയായിരുന്നു.

ഇതിനിടെ കൈക്കൂലി കേസിൽ പ്രതികരിച്ചതിന്റെ പേരിൽ ഹക്കിം റൂബയ്‌ക്കെതിരെ കള്ളക്കേസ് ചുമത്താനും മടക്കയാത്ര തടയാനും ശ്രമം ഉണ്ടായിരുന്നു. എന്നാൽ റൂബയുടെ ശക്തമായ നിലപാടിനെ പ്രവാസികൾ ഒന്നടങ്കം പിന്തുണച്ചതോടെ നീതി ലഭിക്കുകയായിരുന്നു.

സംഗീത സംവിധായകൻ എം.ജയചന്ദ്രനെ നീതിക്ക് നിരക്കാത്ത രീതിയിൽ പിന്തുടർന്ന് കയ്യേറ്റ ശ്രമം നടത്തിയെന്ന പരാതിയിലാണു കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ അസി: കമ്മിഷണർ റഷീദിനെതിരായ നടപടി. ദശലക്ഷക്കണക്കിന് പ്രവാസികൾക്കുള്ള സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നാണു സോഷ്യൽ മീഡിയയിൽ പ്രവാസികൾ വ്യക്തമാക്കുന്നത്.