- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മർദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; മടക്കയാത്ര മുടക്കാൻ പൊലീസിനു മേൽ കസ്റ്റംസിന്റെ സമ്മർദം
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസർകോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസിൽ കുടുക്കി മടക്കയാത്ര തടസപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടതിനാണ് യുവാവിനെ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസർകോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസിൽ കുടുക്കി മടക്കയാത്ര തടസപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടതിനാണ് യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസിനു മേൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമെന്നാണ് ആരോപണം. കൈക്കൂലി നൽകാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മർദ്ദിച്ചെന്നും വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്നും കാട്ടി ഹക്കിം കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഐടി എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്ന ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാൻ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മർദ്ദിക്കുകയും വിമാനത്താവളത്തിൽ പിടിച്ചുവെക്കുകയും ചെയ്തു.
രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹക്കീമിനെതിരെയും പരാതി നൽകി. എന്നാൽ തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാൻ പൊലീസിനുമേൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയാണെന്നാണു ഹക്കീം റുബ പറയുന്നത്.
അതിനിടെ, ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകൾ മാസങ്ങളായി പ്രവർത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നൽകാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനെതിരെ ദേശീയ - സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്കും ഹക്കീം പരാതി നൽകിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന എന്ന പേരിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട. ഇതേക്കുറിച്ച് മറുനാടൻ മലയാളി തന്നെ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാൽ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നൽകി.
തുടർന്ന് പരിശോധനയിൽ നിന്നും ഒഴിവാക്കിക്കിട്ടാൻ കൈക്കൂലി തന്നാൽ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ പാസ്‌പോർട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടർന്ന തന്നെ അദ്ദേഹം മർദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു. താൻ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവർ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കസ്റ്റംസ് ഡിക്ലറേഷനിൽ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വർണത്തിന് ഡ്യൂട്ടി അടയ്ക്കാൻ മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ വാദം. കൃത്യ നിർവ്വഹണം തടസപ്പെടുത്തിയെന്നു കാട്ടി ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജൻസ് ഓഫീസറും പരാതി നൽകിയിട്ടുണ്ട്.
ദുബായിൽ ഐടി എൻജിനീയർ കൂടിയായ യുവാവിനെ മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികൾ രംഗത്തെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ടു നേരത്തെയും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് പതിവാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൽക്ക് കാരണമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. ഹക്കീമിനുണ്ടായതു പോലെ സമാന അനുഭവം തങ്ങൾക്കും നേരിടേണ്ടി വന്ന കാര്യം പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.