- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തുകാരെ സിപിഎം കൈവിട്ടതോടെ കയറി മേയാൻ കസ്റ്റംസും; ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; ഉദ്യോഗസ്ഥർ എത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി തില്ലങ്കേരി; സിപിഎം സൈബർ ഗുണ്ടയുടെ ഇടപെടലിൽ സൂചന നൽകിയത് മുഹമ്മദ് ഷാഫി
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധനക്കായി എത്തിയ്. ക്വട്ടേഷൻ -ക്രിമിനൽ സംഘങ്ങളുമായി സിപിഎം ബന്ധം മുറിച്ചു തുടങ്ങിയതോടെയാണ് കസ്റ്റംസും ഇനില കളത്തിൽ ഇറങ്ങി കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടൈ സ്വർണ്ണക്കടത്തു കേസിൽ സിപിഎം ബന്ധമുള്ള കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് ഉറപ്പായി.
ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ആകാശ് ഒളിവിൽ പോയെന്നാണ് ലഭിക്കുന്ന സൂചന.
സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്. ഏറെ വിവാദമായ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.
ആകാശിനെതിരെ സ്വർണക്കടത്ത് കേസിൽ എഫ്ഐആർ ഉണ്ടായിരുന്നില്ല. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി ആകാശ് ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. അർജുൻ ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയിൽ അറിയപ്പെടുന്നത്. വിവാദം ഉണ്ടായ ഘട്ടത്തിൽ തന്നെ സിപിഎം ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴത്തെ പരിശോധനയ്ക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടിൽ റെയ്ഡ്. കേസിൽ ഇന്നലെ അറസ്റ്റിലായ തെക്കേ പാനൂർ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ആകാശിന്റെ വീട്ടിലെ കസ്റ്റംസ് റെയ്ഡ്.
മറുനാടന് മലയാളി ബ്യൂറോ