കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലം കസ്റ്റംസ് ഹൈകമ്മീഷണർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയിൽ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കുകൂടി ഈ ഇടപാടുകളിൽ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെയാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ വെളിപ്പെടുതൽ. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് യുഎഇ കോൺസുലേറ്റ് വഴി വിദേശത്തേക്ക് ഡോളർ കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്.

കോൺസുൽ ജനറലുമായുള്ള ഇടപെടലുകളിൽ തർജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

യുഎഇ മുൻ കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോൺസലുമായി നിയമവിരുദ്ധ പണമിടപാടുകൾ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴിയുണ്ട്. പല ഉന്നതർക്കും ഡോളർ കടത്തിൽ കമ്മിഷൻ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാർ കോൺസുലേറ്റ് ഇടപാടിലെ പ്രധാന കണ്ണിയാണ്.

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ ജയിലിൽവച്ച് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുേരഷ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ഡോളർ കടത്ത് കേസിൽ സ്വപ്നയുടെ മൊഴിയെടുക്കുന്നത്.

സ്വപ്നയ്ക്ക് ജയിലിൽ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് നൽകിയ പരാതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തൽ.