കോഴിക്കോട് : വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഇപ്പോൾ നടക്കുന്നത്. അനധികൃത സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്നത് അത് തടയാൻ ചുമതലപ്പെട്ട കസ്റ്റംസ് സൂപ്രണ്ട് തന്നെ. വിദേശത്ത് നിന്നും യാത്രക്കാരൻ കടത്തി കൊണ്ടു വന്ന സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വർണ്ണവും പാസ്‌പോർട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു.

രേഖകളില്ലാതെ വിദേശത്ത് നിന്നും കടത്തികൊണ്ടുവരുന്ന സ്വർണം പിടിക്കുന്നതിൽ ചുമതലയിലുള്ള കസ്റ്റംസിന്റെ സൂപ്രണ്ട് തന്നെ സ്വർണം കടത്തിയത് കസ്റ്റംസിന് വലിയ നാണക്കേടായിരിക്കുകയാണ്. നാലു മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റെടുത്തിരുന്നതെന്നും സ്വർണം പിടിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.

കരിപ്പൂരിൽ സ്വർണക്കടത്തിന് വിമാനത്താവള ജീവനക്കാർ പിടിയിലാകുന്നതും നിത്യസംഭവമായിട്ടുണ്ട്. ക്ലീനിങ് സ്റ്റാഫുകളേയും വിമാനത്തവളത്തിലെ താൽകാലിക ജീവനക്കാരേയും ഉപയോഗിച്ചു വൻതോതിൽ സ്വർണം കരിപ്പൂർ വഴി കടത്തുന്നുണ്ടെന്ന വിവരം ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർക്കു രഹസ്യമായി ലഭിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ചു ജീവനക്കാരിൽ പലരും നിരീക്ഷണത്തിലായിരുന്നതായും സൂചനകളുണ്ട്.

പുറത്തു പരിശോധന കർശനമാണെന്ന വിവരം ലഭിച്ചാൽ കടത്തിക്കൊണ്ടുവരുന്ന കാരിയർമാർ സ്വർണം ശുചിമുറിയിൽ ഒളിപ്പിച്ചു രക്ഷപ്പെടാറാണ് പതിവ്. പലപ്പോഴും അധികൃതർക്കു സ്വർണമെത്തിക്കുന്നവരുടെ പേരു വിവരങ്ങളും അടയാളങ്ങളുംവരെ രഹസ്യവിവരം നൽകുന്നതും വിദേശത്തുനിന്നുള്ളവരാണ്. ഇത്തിരത്തിൽ വിവരം ലഭിക്കുന്നവരിൽ ഭൂരിഭാഗവുമാണ് പിടിയിലാകുന്നതും. ഇതിനാൽ തന്നെ എത്ര രഹസ്യമായി ഒളിപ്പിച്ചാലും രഹസ്യവിവരം കിട്ടിയിട്ടുണ്ടെന്നും ക്സ്റ്റംസ് വിശദമായി പരിശോധിക്കാനുള്ള സാധ്യതയുള്ളതിനാലാണു സ്വർണം പുറത്തെത്തിക്കാൻ കാരിയർമാർ ഭയക്കുന്നത്. ഇതിനാൽ ഇവിടെ താൽകാലിക ജീവനക്കാരുടെ സഹാഹത്തോടെയാണു സ്വർണം കടത്തുന്നത്. ഇവർക്കു സ്വർണത്തിന്റെ മൂല്യന്നതിന് അനുസൃതമായ കമ്മീഷനാണ് നൽകി വരുന്നത്.