കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന എന്ന പേരിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട. ഇതേക്കുറിച്ച് മറുനാടൻ മലയാളി തന്നെ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾ മോഷ്ടിക്കുന്ന ഉദ്യോഗസ്ഥർ ഇത് ആവർത്തിക്കുന്ന സംഭവവുമാണ്. സമാനമായ ഒരു സംഭവം ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലും ഉണ്ടായി. ദുബായിൽ ഐടി എൻജിനീയറായി ജോലി നോക്കുന്ന യുവാവിനെ കൈക്കൂലി നൽകാത്തതിന്റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ഇരമ്പുകയാണ്.

കാസർകോട് സ്വദേശി ഹക്കീം റുബയ്ക്കാണ് ഉദ്യോഗസ്ഥരിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. മർദിച്ചതിന് പുറമേ എട്ട് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെക്കുകയും ചെയ്തു. മർദിച്ചെന്നും കൈക്കൂലി ചോദിച്ചെന്നും കാണിച്ച് യുവാവ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി. കൈക്കൂലി നൽകാൻ വിസമ്മതിച്ച തന്നെ കസ്റ്റംസ് സൂപ്രണ്ട് മർദ്ദിച്ചുവെന്ന് ഹക്കീം പറയുന്നു. ബുധനാഴ്‌ച്ച രാവിലെ പത്തരയ്ക്കാണ് ഹക്കീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാൽ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നൽകി.

തുടർന്ന് പരിശോധനയിൽ നിന്നും ഒഴിവാക്കിക്കിട്ടാൻ കൈക്കൂലി തന്നാൽ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ പാസ്‌പോർട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടർന്ന തന്നെ അദ്ദേഹം മർദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു.

അതേസമയം കൈക്കൂലിയെ ചോദ്യം ചെയ്തതിന്റെ പേരിൽ തനിക്കെതിരെ കള്ളക്കേസ് എടുത്തെന്നും ഹക്കീം പറയുന്നു. താൻ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവർ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഹക്കീമിന്റെ ആരോപണങ്ങൾ കസ്റ്റംസ് അധികൃതർ നിഷേധിച്ചു. കസ്റ്റംസ് ഡിക്ലറേഷനിൽ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വർണത്തിന് ഡ്യൂട്ടി അടയ്ക്കാൻ മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്ത് പറഞ്ഞു. കൃത്യ നിർവ്വഹണം തടസപ്പെടുത്തിയ ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജൻസ് ഓഫീസറും പരാതി നൽകിയിട്ടുണ്ട്.

കരിപ്പൂർ കസ്റ്റംസ് പീഡനം:ഫ്രാൻസിസ് കോടം കണ്ടത്തിനെസസപന്റ് ചെയ്ത് അന്വേഷണംവേണം:=========================കരിപ്പൂരിൽ യാ...

Posted by K.m. Basheer on Thursday, December 3, 2015

എന്തായാലും ദുബായിൽ ഐടി എൻജിനീയർ കൂടിയായ യുവാവിനെ മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായി. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികൾ രംഗത്തെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പായിരുന്നു നേരത്തെ വലിയ പ്രശ്‌നങ്ങൾ ഉണ്ടായത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് പതിവാക്കിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൽക്ക് കാരണമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. ഹക്കീമിനുണ്ടായതു പോലെ സമാന അനുഭവം തങ്ങൾക്കും നേരിടേണ്ടി വന്ന കാര്യം പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു.