കോതമംഗലം : ദുരന്തത്തിന്റെ മറവിൽ ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ട് കീശയിലാക്കിയത് സർക്കാർ ഖജനാവിലെത്തേണ്ട കോടികൾ. അടുത്തിടെ നെല്ലിമറ്റത്തിനടുത്ത് കോളനിപ്പടിയിൽ ദേശിയ പാതയോരത്ത് നിന്നിരുന്ന വൻ മരം കടപുഴകി സ്‌കൂൾ ബസ്സിന് മുകളിലെക്ക് വീണ് 5 കുട്ടികൾ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിച്ച തുടർനടപടികളുടെ നടത്തിപ്പിലാണ് വൻവെട്ടിപ്പ് നടന്നിട്ടുള്ളത്.

ദുരന്തത്തെ തുടർന്ന് പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന വൻ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു ഗവൺമെന്റ് നടപടി. വിവിധ വകുപ്പുകൾ തമ്മിൽ ദിവസങ്ങൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ മന്ത്രിസഭ ഈ ദൗത്യം പൊതുമരാമത്ത് വകുപ്പിന് കൈമാറുകയായിരുന്നു. റവന്യു-വനം വകുപ്പുകളുടെ പരിശോധനകളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്ന മരങ്ങൾ മുറിച്ചുമാറ്റി ലേലം ചെയ്ത് വിൽപ്പന നടത്തി പണം ഖജനാവിൽ അടയ്ക്കാനായിരുന്നു ബന്ധപ്പെട്ടവർക്ക് ലഭിച്ച നിർദ്ദേശം.

അതത് മേഖലകളിലെ നിശ്ചയിക്കപ്പെട്ട പൊതുമരാമത്ത് ദേശിയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായിരുന്നു ഈ നടപടികളുടെ ചുമതല. ഇത്തരത്തിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ലേലത്തിലും മരം മുറിച്ചുമാറ്റലിലും കോടികൾ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥമേധാവികളിൽ ചിലരുടെ ഇഷ്ടക്കാരായ രാഷ്ട്രീയനേതാക്കളുടെ ചരടുവലികളും ഇക്കാര്യത്തിലുണ്ടായതായിട്ടാണ് പരസ്യമായ രഹസ്യം. ദുരന്തം ഉണ്ടായ കോളനിപ്പടിയിൽ രോഷാകുലരായ നാട്ടുകാർ പാതയോരങ്ങളിൽ നിന്നിരുന്ന 5 കൂറ്റൻ തണൽ മരങ്ങൾ മുറിച്ചുനീക്കിയിരുന്നു. സമീപപ്രദേശത്തെ മരവ്യാപാരികൾ ഒരു ലക്ഷം രൂപയിൽ പരം മൂല്യം നിശ്ചയിക്കപ്പെട്ട ഈ മരങ്ങൾ തങ്ങളുടെ ഇഷ്ടക്കാരായ മരവ്യാപാരിസംഘത്തിന് ഉദ്യോഗസ്ഥസംഘം പന്തീരായിരം രൂപയ്ക്ക് ലേലം ഉറപ്പിച്ചുനൽകുകയായിരുന്നു. ലേലത്തിൽ മരങ്ങൾ സ്വന്തമാക്കിയ വ്യാപാരി ഇത് ഇതേ സ്ഥലത്തു മറിച്ചുവിറ്റപ്പോൾ കിട്ടിയത് അമ്പതിനായിരത്തിൽ പരം രൂപ

ഇത്തരത്തിൽ നടന്ന മിക്ക തടിലേലത്തിലും ഉദ്യോഗസ്ഥ - രാഷ്ട്രീയ - മരവ്യാപാരി കൂട്ടുകെട്ട് വൻ സാമ്പത്തീകനേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. അധികമാരും ശ്രദ്ധിക്കപ്പെടാത്ത പത്രങ്ങളിൽ പരസ്യം ചെയ്ത ശേഷമായിരുന്നു മരങ്ങളുടെ സ്‌പോട്ട് ലേലം അധികൃതർ നിശ്ചയിച്ചത്. ലേലവിവരം അറിഞ്ഞെത്തിയത് ഉദ്യോഗസ്ഥ ശിങ്കിടികളായ ഏതാനും മരവ്യാപാരികൾ മാത്രമായിരുന്നു. ഇവർ കൂടിയാലോചിച്ച് ലേലത്തുക നിശ്ചയിച്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇത് ഉദ്യോഗസ്ഥ സംഘം അംഗീകരിക്കുകയുമായിരുന്നുവെന്നാണ് പുറത്തായ വിവിരം.

നെല്ലിമറ്റം കോളനിപ്പടിയിൽ ലേലം ചെയ്തിനേക്കാൾ മുന്തിയ ഇനം മരങ്ങളാണ് മറ്റു പല സ്ഥലങ്ങളിലും മുറിച്ചിട്ടിട്ടുള്ളത്. ഇവിടങ്ങളിൽ കൈമറിഞ്ഞ തുകയുടെ വലിപ്പവും ഇതിനനുസരിച്ച് വർദ്ധിക്കും. ഊന്നുകൽ സ്റ്റേഡിയത്തിനു സമീപം ലേലം ചെയ്തു വിറ്റിട്ടുള്ളത് കൂറ്റൻ ആഞ്ഞിലിയാണ്. ഇതിന് ഒന്നര ലക്ഷത്തോളം വിലവരുമെന്നാണ് സമീപപ്രദേശങ്ങളിലെ മരവ്യാപാരികളുടെ വിലയിരുത്തൽ. തൃപ്പൂണിത്തുറ മുതൽ നേര്യമംഗലം വരെയുള്ള ദേശിയ പാതയോരത്തെ അപകടഭീഷിണിയുയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിനാണ് നീക്കം നടക്കുന്നത് . മൂവാറ്റുപുഴ ,കോലഞ്ചേരി, തൃപ്പുണിത്തുറ ഭാഗങ്ങളിൽ അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

വിൽപ്പന വസ്തുവിന്റെ മാർക്കറ്റ് വില നിശ്ചയിച്ച് അതിന്മേൽ ലേലം തുടങ്ങണമെന്നാണ് ചട്ടം. ഈ വ്യവസ്ഥക്ക് വിരുദ്ധമായി രഹസ്യസ്വഭാവത്തിൽ നടന്നുവരുന്ന ലേല നടപടികളുടെ ഗുണഭോക്താക്കളിൽ ഉന്നതരും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടാവാത്തതെന്നുമാണ് നാട്ടുകാരുടെ പക്ഷം.