- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: ബോക്സിംഗിൽ ഫൈനൽ ലക്ഷ്യമിട്ട് ആറ് ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും; ഹാമർ ത്രോയിൽ മെഡൽ പ്രതീക്ഷയിൽ മഞ്ജു ബാല; പുരുഷ ഹോക്കിയിലും ഇന്ത്യക്ക് 'ഫൈനൽ' പ്രതീക്ഷ
ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആറ് താരങ്ങൾ ഇന്ന് ഇടിക്കൂട്ടിലെത്തും. വനിതകളുടെ 45 കിലോ വിഭാഗത്തിൽ നീതു ഗംഗസ്സ് വൈകിട്ട് മൂന്നിന് കാനഡയുടെ പ്രിയങ്ക ധില്ലനെ നേരിടും. പുരുഷന്മാരുടെ 48 കിലോ വിഭാഗത്തിൽ അമിത് പാംഗലിന്റെ എതിരാളി സാംബിയൻ താരം. മൂന്നരയ്ക്കാണ് മത്സരം.
വൈകിട്ട് ഏഴേ മുക്കാലിന് വനിതകളുടെ 48 കിലോ വിഭാഗത്തിൽ നിഖാത് സരീൻ ഇംഗ്ലണ്ടിന്റെ സാവന്ന ആൽഫിയയുമായി ഏറ്റുമുട്ടും. ജെയ്സമെയ്ൻ രാത്രി എട്ടിന് ഇംഗ്ലണ്ടിന്റെ ജെമ്മ റിച്ചാർഡ്സണെയും രാത്രി പന്ത്രണ്ടേമുക്കാലിന് രോഹിത് സാംബിയയുടെ സ്റ്റീഫൻ സിംബയെയും പുലർച്ചെ ഒന്നരയ്ക്ക് സാഗർ അഹ്ലാവത്ത് നൈജീരിയൻ താരത്തേയും നേരിടും.
വനിതകളുടെ ഹാമർ ത്രോയിൽ മഞ്ജു ബാല ഇന്ന് ഫൈനലിന് ഇറങ്ങും. രാത്രി പതിനൊന്നരയ്ക്കാണ് ഹാമർ ത്രോ ഫൈനൽ തുടങ്ങുക. അവിനാശ് സാബ്ലേയ്ക്ക് രണ്ട് ഫൈനലുണ്ട്. വൈകിട്ട് 4.20ന് 3000 മീറ്റർ സ്റ്റീപ്പിൾ ചേസും രാത്രി 12.40ന് 5000 മീറ്റർ ഫൈനലും.വൈകിട്ട് 4.45ന് ഹിമ ദാസ്, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, മലയാളിതാരം എൻ എസ് സിമി എന്നിവരടങ്ങിയ 4ഃ 100 മീറ്റർ റിലേ ടീമിന്റെ ആദ്യ ഹീറ്റ്സും നടക്കും.
പുരുഷ ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രാത്രി പത്തരയ്ക്ക് തുടങ്ങുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. തോൽവി അറിയാതെ സെമിയിൽ എത്തിയ ഇന്ത്യ നാല് കളിയിൽ നേടിയത് 27 ഗോളാണ്. വഴങ്ങിയത് അഞ്ച് ഗോളും. മലയാളിതാരം പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ ഗോൾകീപ്പർ. ഘാനയെ എതിരില്ലാത്ത 11 ഗോളിനും കാനഡയെ എതിരില്ലാത്ത എട്ട് ഗോളിനും തോൽപിച്ച ഇന്ത്യ വെയ്ൽസിനെ ഒന്നിനെതിരെ നാല് ഗോളിനും തോൽപിച്ചു. ഇംഗ്ലണ്ടിനെതിരെ നാല് ഗോൾ വീതം നേടി സമനില പാലിക്കുകയും ചെയ്തു.
വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. ഓസ്ട്രേലിയ ഷൂട്ടൗട്ടിൽ ഇന്ത്യയെ തോൽപിച്ചു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ മൂന്ന് അവസരവും ഗോളാക്കിയപ്പോൾ ഇന്ത്യക്ക് ഒറ്റ പെനാൽറ്റിയും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഓസ്ട്രേലിയ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. വെങ്കല മെഡൽ പോരാട്ടത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
സ്പോർട്സ് ഡെസ്ക്