മുൻ സിഡ്നി ഡിസൈൻ സ്റ്റുഡന്റായ മിർന സാലിഹിൻ സൈനൈഡ് ഉള്ളിൽ ചെന്ന് മരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു. ഇവരുടെ കൂട്ടുകാരിയായ ജെസീക്കാ വോൻഗ്സോ ഐസ്‌കോഫിയിൽ സൈനൈഡ് പുരട്ടി നൽകി കൂട്ടുകാരിക്ക് നൽകുകയായിരുന്നു. അത് രുചിച്ച നിമിഷം മിർന വീണ് മരിക്കുന്നത് വീഡിയോയിൽ കാണാം. മിർനയെ കൊലപ്പെടുത്തിയ കുറ്റം ജെസീക്കയുടെ മേൽ ചുമത്തിയിട്ടുണ്ട്. സൈനൈഡ് ഉള്ളിൽ ചെന്ന നിമിഷം മിർനയ്ക്കുണ്ടായ മാറ്റങ്ങളും മരണവും വീഡിയോയിൽ വ്യക്തമായി കാണാം. മിർന തല അസ്വസ്ഥതയോടെയും വേദനയോടെയും ഇളക്കുന്നതും കസേരയിൽ ഇരുന്നിരുന്ന മിർനയുടെ തല പുറകിലേക്ക് ഒടിഞ്ഞ് തൂങ്ങുന്നതും കാണാം.

കടുത്ത വേദനയിലാണ് തന്റെ ഭാര്യ മിർന മരിച്ചിരിക്കുന്നതെന്നും ആ നിമിഷത്തിൽ അവരുടെ കൈ പല പ്രാവശ്യം വായയുടെ സമീപത്തേക്ക് കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്നുമാണ് ഭർത്താവായ അരിഫ് സോയ്മാർക്കോ വെളിപ്പെടുത്തുന്നത്. കാർന്നു തിന്നുന്ന സൈനൈഡ് എന്ന മാരകമായ വിഷത്തെക്കുറിച്ച് തനിക്കറിയാമെന്നും അത് എല്ലാത്തിനെയും നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. മിർന എത്രമാത്രം വേദന ആ നിമിഷങ്ങൽ അനുഭവിച്ചിരിക്കാമെന്നോർത്ത് ഭർത്താവ് ദുഃഖിക്കുകയാണിപ്പോൾ. ഈ വർഷം ജനുവരി 6ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള റസ്റ്റോറന്റിൽ വച്ചാണ് ജെസീക്ക മിർനയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയത്.

സിഡ്നിയിലെ ബ്ലൂ ഡിസൈൻ കോളജിൽ ജെസീക്കയും മിർനയും സഹപാഠികളായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികാരം മൂലമാണ് ജെസീക്ക ഈ കൊല നടത്തിയതെന്ന് ജൂണിൽ ജക്കാർത്തയിലെ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ താമസക്കാരിയായ ജെസീക്കയ്ക്ക് ഗൗരവമായ മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് രേഖകളിലൂടെ ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ജെസീക്കയെ സംബന്ധിച്ച രേഖകൾ ഇന്തോനേഷ്യൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിലൂടെ ഈ സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ വേണ്ടത്ര തെളിവുകളില്ലാത്തത് കേസന്വേഷണത്തെ വഴിമുട്ടിക്കുകയും ഈ കേസ് ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്ക പോലും ഒരിക്കൽ ഉയർന്ന് വന്നിരുന്നു.

ഈ കൊലപാതകം നടത്തുന്നതിന് 12 മാസങ്ങൾക്കിടെയുള്ള ജെസീക്കയുടെ സ്വഭാവം വെളിപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ആത്മഹത്യാ ശ്രമങ്ങൾ, സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ ജെസീക്കയുടെ മേൽ ചുമത്തപ്പെട്ടിരുന്നുവെന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ ഫയലുകൾ ഇന്തോനേഷ്യൻ പൊലീസ് ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് ജെസീക്കയുടെ അഭിഭാഷകൻ ആരോപിക്കുന്നത്. മയക്കുമരുന്ന് വ്യാപാരിയായ ബോയ്ഫ്രണ്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മിർന ജെസീക്കയെ ഉപദേശിച്ചിരുന്നുവെന്നും ഇത് ജെസീക്കയെ കുപിതയാക്കിയിരുന്നുവെന്നും കഴിഞ്ഞ വർഷം നടന്ന കോടതി വിചാരണയ്ക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് ബോയ്ഫ്രണ്ടും ജെസീക്കയു തമ്മിലുള്ള ബന്ധം ആത്യന്തികമായി അവസാനിക്കുകയും അതിന്റെ പ്രതികാരമെന്ന നിലയിൽ മിർനയെ കൊലപ്പെടുത്താൻ ഈ സ്ത്രീ തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. തുടർന്ന് വാട്സാപ്പിലൂടെ മിർനയുമായി ബന്ധപ്പെട്ട ജെസീക്ക ബന്ധപ്പെടുകയും ഗ്രാൻഡ് ഇന്തോനേഷ്യ മാളിലെ ഒലിവിയർ റസ്റ്റോറന്റിൽ ഒത്തു കൂടുകയുമായിരുന്നു. തുടർന്ന് ഇവിടെ വച്ച് ജെസീക്ക തന്റെ കൃത്യം നിർവഹിക്കുകയും ചെയ്തു.