മേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ രഹസ്യായുധമാണ് ആഗോളതലത്തിൽ സൈബർ ആക്രമണത്തിനായി ഹാക്കർമാർ മോഷ്ടിച്ചത്. രഹസ്യകോഡ് കൈക്കലാക്കിയ ഹാക്കർമാർ, ലോകത്തെ 74-ഓളം രാജ്യങ്ങളിൽ ആക്രമണം നടത്തിയതായാണ് കണക്കാക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ സംവിധാനമായ എൻഎച്ച്എസിന്റെ പ്രവർത്തനം തന്നെ നിശ്ചലമാക്കിയ സൈബർ ആക്രമണത്തിൽ പല രാജ്യങ്ങളും വിറങ്ങലിച്ചു. ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചപ്പോൾ, റഷ്യയിലെ ഭരണസംവിധാനമാകെ വിറയ്ക്കുന്ന സ്ഥിതിയായി. ജർമനിയിലെ റെയിൽവേ സംവിധാനവും പ്രതിസന്ധിയിലായി.

ഷാഡോ ബ്രോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കർമാരാണ് അത്യന്തം വിനാശകാരിയായ തരത്തിൽ സൈബർ ആക്രമണം നടത്തിയത്. കമ്പ്യൂട്ടർ ശൃംഖല ഒന്നൊന്നായി കൈവശപ്പെടുത്തിയ ഹാക്കർമാർ, ഓരോ കമ്പ്യൂട്ടറുകളിലെയും ഫയലുകൾ നിശ്ചിത സമയത്തിനുള്ളിൽ നഷ്ടപ്പെടാതിരിക്കണമെങ്കിൽ 230 പൗണ്ട് വീതം പ്രതിഫലം നൽകണമെന്ന് ഭിഷണിയും മുഴക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ദൗർബല്യം മുതലെടുത്താണ് ഹാക്കർമാർ ആക്രമണം നടത്തിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

രഹസ്യകോഡ് കഴിഞ്ഞമാസമാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. എറ്റേണൽ ബ്ലൂ എന്ന കോഡിനെ സ്വന്തം നിലയ്ക്ക് വ്യാപിക്കുന്ന വൈറസായി ഹാക്കർമാർ രൂപം മാറ്റുകയായിരുന്നു. മണിക്കൂറിൽ 50 ലക്ഷം ഇമെയിലുകളെന്ന നിലയിലാണ് ഇത് പ്രവഹിച്ചത്. ആക്രമിക്കപ്പെട്ട കമ്പ്യൂട്ടറുകളിലെ ഫയലുകൾ വിട്ടുകൊടുക്കുന്നതിനാണ് പ്രതിഫലം ചോദിച്ചിടട്ടുള്ളത്. ലോകമാകമാനമായി 57,000 കമ്പ്യൂട്ടറുകളെ ഇതുവരെ വൈറസ് ബാധിച്ചതായാണ് കണക്കാക്കുന്നത്.

ബ്രിട്ടനിലെ ആരോഗ്യരംഗത്തെയാണ് വൈറസ് ആക്രമണം നിശ്ചലമാക്കിയത്. ഒട്ടേറെ ആശുപത്രികളുടെ പ്രവർത്തനം തന്നെ ഇതോടെ നിലയ്ക്കുന്ന അവസ്ഥയായി. ഓപ്പറേഷനുകൾ റദ്ദാക്കുകയും ജിപി ചികിത്സ മാറ്റിവെക്കുകയും ചെയ്തു. എംആർഐ, സിടി സ്‌കാൻ തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ചെയ്യുന്ന സ്്ഥിതിയുമുണ്ടായി.

റഷ്യയിൽ ആഭ്യന്തര മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകൾ ആക്രമിക്കപ്പെട്ടു. റഷ്യയിലെ രണ്ടാമത്തെ വലിയ ടെലിഫോൺ നെറ്റ്‌വർക്കായ മെഗാഫോണിന്റെ പ്രവർത്തനവും തടസ്സപ്പെട്ടു. ജർമനിയിൽ റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റിങ് സംവിധാനമാകെ താറുമാറായി. സ്‌പെയിനിൽ ടെലിഫോണിക്ക പോലുള്ള ടെലിക്കോം കമ്പനികൾ ആക്രമിക്കപ്പെട്ടു. വൈദ്യുതി കമ്പനിയായ ഇബർഡ്രോളയുടെയും പാചക വാതക വിതരണ സ്ഥാപനമായ ഗ്യാസ് നാച്ചുറലിൻയും പ്രവർത്തനം നിലച്ചു. പ്രശസ്ത ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സിന്റെ പ്രവർത്തനവും സൈബർ ആക്രമണത്തിൽ തകർന്നു.

റാൻസംവേർ മാതൃകയിലുള്ള വൈറസാണ് സൈബർ ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമിക്കപ്പെടുന്ന കമ്പ്യൂട്ടറുകളിലെ ഫയലുകൾ റിലീസ് ചെയ്യണമെങ്കിൽ പ്രതിഫലം ചോദിക്കുന്ന ആക്രമണരീതിയാണിത്. വാണാക്രൈ വിഭാഗത്തിൽപ്പെട്ട വൈറസാണ് എൻഎച്ച്എസിനെ ആക്രമിച്ചത്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെയാണ് വാണാക്രൈ വൈറസുകൾ ആകക്രമിക്കുക. കമ്പ്യൂട്ടറുകളിലെ നിർണായക ഫയലുകൾ സ്വന്തമാക്കുകയും വിട്ടുതരണമെങ്കിൽ പണമാവശ്യപ്പെടുകയുമാണ് ഇതിന്റെ രീതി.

ഇതേവരെ ഉണ്ടായിട്ടുള്ളതിൽവെച്ചേറ്റവും വലിയ സൈബർ ആക്രമണമായാണ് ഇത്തവണത്തേത് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടി ല്ലെങ്കിലും കഴിഞ്ഞവർഷം ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർമാർ നടത്തിയ ആക്രമണത്തിന് സമാനമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.