- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാൻ അനുവദിക്കില്ല; അങ്ങനെ ആർക്കെങ്കിലും വ്യാമോഹം ഉണ്ടെങ്കിൽ നിന്നുകൊടുക്കുന്ന പ്രശ്നമില്ല; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്ക്കെതിരെ ക്രൂരമായ സൈബറാക്രമണം; മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ചാനൽ; ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് വന്ന ഫോൺ കോളുകളോട് ഏഷ്യാനെറ്റിലെ പി.ആർ.പ്രവീണ പരുഷമായി പ്രതികരിച്ചെന്ന പേരിൽ റിപ്പോർട്ടർക്കെതിരെ ക്രൂരമായ സൈബർ ആക്രമണം തുടരുന്നു. ബംഗാളിലെ അക്രമം അർഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാർത്ത കൊടുക്കാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ ചാനലിനും മാധ്യമപ്രവർത്തകയ്ക്കുമെതിരെ ആർഎസ്എസ് അനുകൂല പ്രൊഫൈലുകളിൽ നിന്നുൾപ്പെടെ കടുത്ത സൈബർ ആക്രമണമുണ്ടായി. പ്രകോപനപരമായി സംസാരിക്കുന്നതിനിടെ ബംഗാളിലുള്ളവർ ഇന്ത്യയിലല്ല, അവർ പാക്കിസ്ഥാനിലാണെന്ന് മാധ്യമപ്രവർത്തക പറഞ്ഞത് കൂടി ചൂണ്ടിയാണ് ആക്ഷേപങ്ങൾ. ആക്രമണം കടുത്തതോടെ പ്രവീണയ്ക്ക് പിന്തുണയുമായി ചാനൽ രംഗത്തെത്തി.
മാധ്യമപ്രവർത്തകയ്ക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. സ്ഥാപനത്തിന് എതിരെ നടത്തുന്ന ആഹ്വാനങ്ങൾ ഒരുപരിധിവരെ മനസ്സിലാക്കാം. ഇത്തരം അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നുമുള്ള നിഷ്ഠൂരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചാനൽ വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തിലാണ് ലേഖിക പ്രതികരിച്ചതെങ്കിലും അത് അവർ സ്വയം തിരുത്തുകയും സ്ഥാപനം മാതൃകാപരമായ നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ ഒരു സ്ത്രീക്കെതിരെയല്ല ഒരു വ്യക്തിക്കെതിരെ പോലും നടത്താൻ പാടില്ലാത്ത അതി ക്രൂരമായ സൈബർ ക്വട്ടേഷൻ സംഘമാണ് ലേഖികയ്ക്കെതിരെ ആഹ്വാനം നടത്തുന്നതെന്നും ചാനൽ പറഞ്ഞു. വാർത്താ വായനയ്ക്കിടെ പി.ജി സുരേഷ് കുമാറാണ് ചാനലിന്റെ നിലപാട് വ്യക്തമാക്കിയത്.
തെറ്റ് തിരുത്തി എന്നു പറയുമ്പോൾ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്ന് ആർക്കെങ്കിലും വ്യാമോഹമുണ്ടെങ്കിൽ അതിന് നിന്നുകൊടുക്കുന്ന പ്രശ്നമില്ലെന്നും അതിശക്തമായ നടപടി അക്കാര്യത്തിൽ സ്വീകരിക്കുമെന്നും ചാനൽ വ്യക്തമാക്കി.
ചാനൽ ഓഫീസിലേക്ക് വിളിച്ച വ്യക്തിയോട് മാധ്യമപ്രവർത്തക അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തത്തുടർന്ന് നേരത്തെ ഏഷ്യാനെറ്റ് ഖേദം പ്രകടിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് മാധ്യമപ്രവർത്തക പിആർ പ്രവീണയുടെ പ്രതികരണം
സുഹൃത്തുക്കളെ,
ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കോവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു .
ഏഷ്യാനെറ്റിന്റെ പ്രതികരണം:
അറിയിപ്പ്:
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണിൽ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണത്തിൽ അനാവശ്യവും അപക്വവും ആയ പരാമർശങ്ങൾ കടന്നു കൂടിയതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തിൽ ഇത്തരം വീഴ്ചകൾ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലർത്താത്ത ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന്, ഒരു കാരണവശാലും ഇത് ആവർത്തിക്കില്ലെന്ന്, ഞങ്ങൾക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നൽകുന്നു.
എഡിറ്റർ
മറുനാടന് മലയാളി ബ്യൂറോ