കോഴിക്കോട്: പ്രമുഖ സാമൂഹ്യപ്രവർത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്‌റയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയരുന്നു. സുന്നി പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി.പി.സുഹ്‌റ വ്യക്തമാക്കി.

സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വി.പി.സുഹ്‌റ വ്യക്തമാക്കി. മതത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെ വിവേചനം കാണിക്കുന്നതിനെതിരെ മതത്തിനുള്ളിൽ നിന്ന് തന്നെ ശബ്ദമുയർത്തിയ ആളാണ് വി.പി.സുഹ്‌റ. കേരളത്തിലെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കെതിരെ കടുത്ത വിവേചനമാണ് ഉള്ളതെന്ന് നേരത്തെ വി.പി.സുഹ്‌റ വ്യക്തമാക്കിയിരുന്നു. ഇതിന് അറുതി വരുത്താൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് നിസയുടെ നേതൃത്വത്തിലിരുക്കുന്ന സാമൂഹിക പ്രവർത്തക വിപി സുഹറ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. 'ഇന്ത്യൻ ഭരണഘടനക്ക് കീഴിലാണ് എല്ലാ ആചാരങ്ങൾ എന്ന് വ്യക്തമാക്കുന്ന ശബരിമല വിധി സത്യത്തിൽ അടിച്ചമർത്തപ്പെട്ട മുസ്ലിം മതത്തിലെ വിശ്വാസികൾക്കാണ് ഗുണം ചെയ്യുന്നത്. മുത്തലാക്ക് പോലുള്ളവെക്കതിരെ നിയമം വരുന്നു. വിശ്വാസിളല്ല ഇന്ത്യൻ കോടതിയും ഭരണകൂടവും ഭരണഘടനയുമാണ് പാവപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് ഗുണമാകുന്നത്.'- വി പി സുഹറ പ്രതികരിച്ചു.

സുന്നിപള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ കാന്തപുരം അടക്കമുള്ള എപി സുന്നി വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാന്തപുരമാണ് സ്ത്രീകളുടെ കാര്യത്തിൽ കടുത്ത നിലപാട് എടുക്കുന്നത്.

നേരത്തെ സ്ത്രീവിരുദ്ധ പ്രസ്താനയിൽ പ്രതിഷേധിച്ച് നിസ കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ കോലം കത്തിച്ചിരുന്നു. മുത്തലാഖ്, മൊഴിചൊല്ലൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽപെട്ട് പീഡനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകൾക്കായി കോഴിക്കോട്് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് നിസ. കഴിഞ്ഞമാസം സുന്നത്ത് എന്ന പേരിൽ അറിയപ്പെടുന്ന ചേലാകർമ്മം ബാലപീഡനമെന്ന് കാട്ടി വിവിധ സംഘടനകൾ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പരിപാടിയിലും നിസയുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

സുന്നി പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെടി ജലീലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതും ഇസ്ലാമിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ വ്യക്്തമാക്കുകയുണ്ടായി. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈൻ പറഞ്ഞു. വിവചേനം ഒരു രീതിയിലും അനുവദിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.