കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ ഫേസ്‌ബുക്കിൽ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്. അജ്‌നാസ് എന്ന ഫേസ്‌ബുക്ക് ഐഡിയുടെ ഉടമക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ ഇയാൾ കമന്റ് പോസ്റ്റ് ചെയ്തത്. അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു ഫേസ്‌ബുക്ക് പ്രൈഫലിൽ എഴുതിയിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാൻ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

അതിനിടെ സുരേന്ദ്രന്റെ ഫോട്ടോയിൽ മോശമായി കമന്റ് ചെയ്തതത് ഖത്തറിൽ ജോലി ചെയ്യുന്ന ജിം ട്രെയിനറായ യുവാവാണ് എന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. വിവാദ കമന്റിട്ട പ്രൊഫൈൽ ഇപ്പോൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. വിവാദം കൊഴുത്തതിന് പിന്നാലെ കോഴിക്കോടുള്ള അജിനാസിന്റെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകിയാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്.

'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആൾക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവർത്തകർ പറഞ്ഞത്. അജ്‌നാസിനെ തങ്ങൾ ഫോണിൽ ബന്ധപ്പെട്ടെന്നും അവൻ പറഞ്ഞത് താൻ അല്ല, അങ്ങനെയൊരു പരാമർശം നടത്തിയതെന്നാണ്. അവൻ അല്ലെങ്കിൽ കുഴപ്പമില്ല. ആണെങ്കിൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാർ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവർത്തകർ കമന്റ് പ്രവാഹങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന നേതാവിന്റെ മകൾക്കെതിരെ അശ്ലീലപരാമർശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിനിടെ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ അല്ലെന്നും. ആരോ ഫേക്ക് ഐഡി ഉണ്ടാക്കയിതാണെന്നും സോഷ്യൽ മീഡിയയിലൂടെ ജിം ട്രെയിനറനായ അജ്‌നാസ് പ്രതികരിച്ചു. ഇക്കാര്യത്തിൽ താൻ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അജിനാസ് എന്നത് ഒറിജിനൽ ഐഡിയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നതാണ് വാസ്തവം. എന്തായാലാലും ബിജെപി പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വ്യാജ അക്കൗണ്ടാണെന്നും ഇതിന് പിന്നിൽ സംഘപരിവാർ പ്രവർത്തകർ തന്നയൊണെന്ന ആക്ഷേപവും ഒരു വശത്ത് ഉയരുന്നുണ്ട്.

നേരത്തെ തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ആതിര വി ആണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്. രാഷ്ട്രീയ വിരോധം ആവാമെന്നും എന്നാൽ അത് പൊതുപ്രവർത്തകരുടെ പെണ്മക്കളെ അസഭ്യം പറഞ്ഞുകൊണ്ട് വെളിവാക്കരുതെന്നാണ് അദ്ധ്യാപിക തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ് അനാവശ്യം പറഞ്ഞിരിക്കുന്നതെന്നും അവർ വിമർശിക്കുകയുണ്ടായി.

എന്റെ മകൾ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തിൽ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം പേരാണ് ചിത്രത്തോട് പ്രതികരിച്ചത്. 700ത്തിലധികം കമന്റുകളുമുണ്ട് പോസ്റ്റിൽ. ഏതാണ്ട് ആയിരത്തിലധികം പേർ ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്. വെറും നാല് പേർ മാത്രമാണ് ആംഗ്രി സമൈലി ഇട്ട് പോസ്റ്റിനോട് പ്രതികരിച്ചത്. ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.