തിരുവനന്തപുരം: പൊലീസ് സൈബർ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയെ അപമാനിച്ച ഹൈടെക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്കു സസ്‌പെൻഷൻ. പൊലീസ് ഹൈടെക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വിനയകുമാരൻ നായരെയാണു ഡിജിപി ലോകനാഥ് ബെഹ്‌റയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പരാതി കൈകാര്യം ചെയ്തിരുന്ന സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണു നടപടിക്കു വിധേയനായിരിക്കുന്നത്. സൈബർ സുരക്ഷയെക്കുറിച്ചു കൊല്ലത്തു നടത്തിയ കൊക്കൂൺ അന്തർദേശീയ സെമിനാറിലാണ് എസിപി വിനയകുമാരൻ നായർ അവതാരകയായ ജേണലിസം വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചത്.

കൊല്ലത്തെ നക്ഷത്ര ഹോട്ടലിൽ ഓഗസ്റ്റ് പത്തൊമ്പതിനായിരുന്നു സെമിനാർ. ഇവിടെ അവതാരകയായി എത്തിയ യുവതിയോടു വിനയകുമാരൻ നായർ മോശമായി പെരുമാറുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടു പെൺകുട്ടി വാക്കാൽ പരാതിപ്പെട്ടതിനെത്തുടർന്നു വിനയകുമാരൻ നായരെ സംഭവസ്ഥലത്തുനിന്നു പുറത്താക്കിയിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ മകളും ജേണലിസം വിദ്യാർത്ഥിനിയുമായ അവതാരകയിൽനിന്നു കൊല്ലം റൂറൽ എസ് പി അജിതാബീഗം മൊഴിയെടുത്തിരുന്നു.

പെൺകുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെ അഞ്ചാലുമൂട് പൊലീസ് വിനയകുമാരൻ നായർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. തുടർന്നു നടത്തിയ വകുപ്പുതല അന്വേഷണത്തിൽ വിനയകുമാരൻനായർക്കെതിരേ നടപടിക്കു ശുപാർശചെയ്തുകൊണ്ടു സംസ്ഥാന പൊലീസ് മേധാവി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ചാണു വിനയകുമാരൻ നായരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

പത്തുവർഷം തുടർച്ചയായി വിനയകുമാരൻ നായരായിരുന്നു ഹൈടെക് സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ. സംഭവമുണ്ടായപ്പോൾ ഹൈടെക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽനിന്ന് വിനയകുമാരൻ നായരെ നീക്കിയിരുന്നു.